ഇടത് എം.എൽ.എയെ വധിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ അടിയന്തര പ്രമേയവുമായി പ്രതിപക്ഷം
text_fieldsതിരുവനന്തപുരം: എൻ.സി.പിക്കാർ വധിക്കാൻ ശ്രമിച്ചെന്ന കുട്ടനാട് എം.എൽ.എ തോമസ് കെ. തോമസിന്‍റെ പരാതി നിയമസഭയിൽ ഉന്നയിച്ച് പ്രതിപക്ഷം. എം.എൽ.എയുടെ പരാതി സഭ നിർത്തിവെച്ച് ചർച്ച ചെയ്യണമെന്ന് അടിയന്തര പ്രമേയത്തിലൂടെ കോൺഗ്രസിലെ എം. വിൻസെന്‍റ് ആവശ്യപ്പെട്ടു.
തോമസ് കെ. തോമസിന്‍റെ പരാതിയിൽ ശരിയായ രീതിയിൽ അന്വേഷണം നടത്താതിരിക്കാൻ സർക്കാർ ശ്രമിക്കുകയാണെന്ന് എം. വിൻസെന്‍റ് ആരോപിച്ചു. ഏഴാം തീയതി പരാതി കിട്ടിയതെന്നാണ് മുഖ്യമന്ത്രി പറയുന്നത്. എന്നാൽ, രണ്ട് വർഷമായി പരാതി നിലനിൽക്കുന്നുണ്ട്.
2022ൽ രണ്ടു തവണ എം.എൽ.എയെ കൊലപ്പെടുത്താൻ ശ്രമിച്ചെന്ന ആരോപണം നിലനിൽക്കുകയാണ്. ദൈവവചനവും പിണറായി സ്തുതിയുമായി നടക്കുന്ന പാവമാണ് തോമസ് കെ. തോമസ്. ഭരണപക്ഷത്തെ എം.എൽ.എയുടെ പരാതിയിൽ വേഗത്തിൽ നടപടി എടുക്കാത്തത് എന്തുകൊണ്ടാണെന്നും വിൻസെന്‍റ് ചോദിച്ചു.
എം.എൽ.എയുടെ പരാതിയിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ സഭയെ അറിയിച്ചു. അന്വേഷണം നടത്തുന്നതിൽ പൊലീസിന് വീഴ്ച സംഭവിച്ചിട്ടില്ല. എം.എൽ.എക്ക് പൊലീസിനെതിരെ പരാതിയില്ലെന്നും മുഖ്യമന്ത്രി വ്യക്കമാക്കി.
തന്നെ കുറിച്ചുള്ള അടിയന്തര പ്രമേയത്തിൽ തോമസ് കെ. തോമസ് സഭയിൽ വിശദീകരണം നൽകി. സംസ്ഥാന പൊലീസിനെ കുറിച്ച് തനിക്ക് പരാതിയില്ലെന്നും രണ്ട് എഫ്.ഐ.ആർ കൈയിലുണ്ട്. ഡി.ജി.പിക്ക് പരാതി നൽകാൻ മുഖ്യമന്ത്രിയല്ല പറഞ്ഞത്. എൻ.സി.പിയിൽ ചില പ്രശ്നങ്ങളുണ്ടെന്നും ഏത് പാർട്ടിയിലാണ് പ്രശ്നങ്ങളില്ലാത്തതെന്നും എം.എൽ.എ വ്യക്തമാക്കി.
മുഖ്യമന്ത്രിയുടെ വിശദീകരണത്തെ തുടർന്ന് അടിയന്തര പ്രമേയത്തിന് സ്പീക്കർ അനുമതി നിഷേധിച്ചു. ഇതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയിൽ നിന്ന് ഇറങ്ങിപ്പോയി.
ഡ്രൈവറെ ഉപയോഗിച്ച് തന്നെ വാഹനാപകടത്തിൽ കൊലപ്പെടുത്താൻ ശ്രമിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് കുട്ടനാട് എം.എൽ.എ തോമസ് കെ. തോമസ് ഡി.ജി.പിക്ക് പരാതി നൽകിയത്. എൻ.സി.പി മുൻ പ്രവർത്തകസമിതി അംഗം റജി ചെറിയാനാണ് ഇതിന് പിന്നിലെന്നാണ് പരാതിയിലുള്ളത്. തന്റെ ഡ്രൈവറായിരുന്ന തോമസ് കുരുവിളക്ക് പണം വാഗ്ദാനം ചെയ്ത്, യാത്രാ വിവരങ്ങൾ ചോർത്തി ഗൂഢാലോചനക്കാർക്ക് നൽകി അപായപ്പെടുത്താൻ ശ്രമിച്ചെന്നാണ് പരാതി. കുട്ടനാട്ടിൽ ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കാൻ പ്രവർത്തിച്ച വ്യക്തിയാണ് ഗൂഢാലോചന നടത്തിയത്.
ഡ്രൈവറുടെ സംശയകരമായ പെരുമാറ്റം കണ്ട് അയാളെ ജോലിയിൽ നിന്ന് മാറ്റി. അതിനുശേഷം റജി ചെറിയാന്‍റെ വീട്ടിൽ അയാൾ ഡ്രൈവറായി. മദ്യപിച്ച ശേഷം തന്‍റെ പഴ്സണൽ സ്റ്റാഫ് അംഗത്തെ ഫോണിൽ വിളിച്ച മുൻ ഡ്രൈവർ തോമസ് കുരുവിള, തന്നെ അപായപ്പെടുത്തി കുട്ടനാട് ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കാൻ റജി ചെറിയാൻ പദ്ധതിയിട്ടിരുന്നതായി വെളിപ്പെടുത്തി.
കുട്ടനാട്ടിലേക്കുള്ള യാത്രാമധ്യേ വെള്ളം നിറഞ്ഞുകിടക്കുന്ന പാടത്തിന് നടുവിലെത്തുമ്പോൾ, കാറിന്റെ പിന്നിലിരുന്ന് ഉറങ്ങുന്ന തന്നെ വെള്ളത്തിൽ തള്ളിയിട്ട് കൊല്ലാനായിരുന്നു പദ്ധതി. മകന്‍റെ വീട്ടിലേക്ക് തനിയെ വാഹനം ഓടിച്ചു പോകുമ്പോൾ ലോറി ഇടിച്ച് കൊലപ്പെടുത്തുമെന്നും ഉപതെരഞ്ഞെടുപ്പിൽ റജി ചെറിയാൻ മത്സരിക്കുമെന്നും എന്‍.സി.പി ജില്ല പ്രസിഡന്‍റ് സന്തോഷ് കുമാറിനെ മുൻ ഡ്രൈവർ ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തിയെന്നും പരാതിയിലുണ്ട്. ഇതിൽ കേസെടുത്തിട്ടുണ്ട്. അഞ്ച് ലക്ഷം രൂപ റജി ചെറിയാൻ തന്നതായും ബാക്കി കൃത്യത്തിനു ശേഷം നൽകാമെന്ന് വാദ്ഗാനം ചെയ്തതായും ഡ്രൈവറായിരുന്ന തോമസ് കുരുവിള പറഞ്ഞിട്ടുണ്ട്.
രണ്ടു തവണ പൊതുവേദിയിൽവെച്ച് സ്ത്രീകളെക്കൊണ്ട് അസഭ്യം പറയിച്ചു. അതിനുശേഷം തനിക്കെതിരെ പൊലീസിൽ പരാതി നൽകി. സി.സി.ടി.വി ദൃശ്യങ്ങളുള്ളതിനാലാണ് കേസിൽ നിന്ന് രക്ഷപ്പെട്ടത്. തന്നെ കൊലപ്പെടുത്താനും വ്യാജ ആരോപണങ്ങൾ ചമക്കാനും ശ്രമിക്കുന്നവർക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്നും എം.എൽ.എയുടെ പരാതിയിലുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.