ഉത്തരവ് എത്തിയില്ല; മണിച്ചൻ മോചിതനായില്ല
text_fieldsതിരുവനന്തപുരം: സുപ്രീംകോടതി ഉത്തരവ് വന്നെങ്കിലും കല്ലുവാതുക്കൽ മദ്യദുരന്തക്കേസിലെ മുഖ്യപ്രതിയായ മണിച്ചൻ ബുധനാഴ്ച ജയിൽ മോചിതനായില്ല. ഉത്തരവിന്‍റെ പകർപ്പ് സർക്കാറിനോ, ജയിൽ അധികൃതർക്കോ ലഭിക്കാത്തതിനെ തുടർന്നാണ് നെട്ടുകാൽത്തേരി തുറന്ന ജയിലിൽ കഴിയുന്ന മണിച്ചന് പുറത്തിറങ്ങാൻ സാധിക്കാത്തത്. ഇന്ന് ഉത്തരവ് എത്തിയാൽ 22 വർഷത്തിനു ശേഷം മണിച്ചൻ മോചിതനാകും.
2000 ഒക്ടോബർ 21ന് സംഭവിച്ച കല്ലുവാതുക്കൽ മദ്യദുരന്തത്തിൽ 31 പേർക്കാണ് ജീവൻ നഷ്ടപ്പെട്ടത്. കേസിൽ പിടിയിലായ മണിച്ചനും കൂട്ടുപ്രതികളും ജീവപര്യന്തം ശിക്ഷിക്കപ്പെട്ടു. കൂട്ടുപ്രതി ഖൈറുന്നിസ 2009ൽ ശിക്ഷ അനുഭവിക്കുന്നതിനിടെ മരണമടഞ്ഞു. മണിച്ചന്‍റെ സഹോദരന്മാർക്ക് ശിക്ഷയിളവ് നൽകി നേരത്തേ മോചിപ്പിച്ചിരുന്നു. മണിച്ചനുൾപ്പെടെ 33 തടവുകാരെ വിട്ടയക്കാൻ കഴിഞ്ഞ ജൂണിൽ ഗവർണർ അനുമതി നൽകിയെങ്കിലും പിഴ ഒഴിവാക്കാനാകില്ലെന്ന് സംസ്ഥാനം വ്യക്തമാക്കിയതോടെയാണ് മോചനം നീണ്ടത്.
മിന്നൽ വളർച്ച, അതിവേഗ പതനം
സംസ്ഥാന രാഷ്ട്രീയത്തെ തന്നെ പിടിച്ചുലച്ച കേസായിരുന്നു മണിച്ചന്‍റേത്. ഇ.കെ. നായനാർ മുഖ്യമന്ത്രിയായിരുന്നപ്പോളാണ് മദ്യദുരന്തം ഉണ്ടായത്. സി.പി.എമ്മിനെ മാസപ്പടി വിവാദത്തിൽ ഉൾപ്പെടെ പിടിച്ചിട്ടതായിരുന്നു മണിച്ചന്‍റെ നീക്കങ്ങൾ. പൊടിയരിക്കഞ്ഞി കച്ചവടക്കാരനിൽനിന്നും തലസ്ഥാനത്തെ നിയന്ത്രിച്ച അബ്കാരിയായി കണ്ണടച്ച് തുറക്കുന്ന വേഗത്തിലായിരുന്നു ചന്ദ്രനെന്ന മണിച്ചന്‍റെ വളർച്ച. ചിറയിൻകീഴ് താലൂക്കാശുപത്രിയിലെ രോഗികള്‍ക്കും കൂട്ടിരിപ്പുകാർക്കും പൊടിയരിക്കഞ്ഞി വിറ്റായിരുന്നു തുടക്കം. പിന്നീട് വ്യാജ വാറ്റായി.
ഇതിനിടെ ഷാപ്പ് നടത്തിപ്പുകാരും, സ്പരിറ്റ് കച്ചവടക്കാരുമായി നല്ല ബന്ധമുണ്ടാക്കി. ആന്‍റണി സർക്കാർ ചാരായം നിരോധിച്ചപ്പോള്‍ കള്ള് ഷാപ്പ് ലേലത്തിലേക്ക് നീങ്ങി. സുഹൃത്തുമായി കൂട്ടുകൂടി ആദ്യം ചിറയിൻകീഴ് റേഞ്ച് പിടിച്ചു. പിന്നീട് വർക്കല, വാമനപുരം റേഞ്ചുകളും മണിച്ചന്‍റെ കീഴിലായി. കള്ളുഷാപ്പുകള്‍ വഴി വ്യാജമദ്യം വിറ്റു. പൊലീസും എക്സൈസും അനങ്ങിയില്ല. രാഷ്ട്രീയ- ഉദ്യോഗസ്ഥ സംഘങ്ങളെ മണിച്ചനും സഹോദരന്മാരും നിയന്ത്രിച്ചു. അതിർത്തി കടന്ന് സ്പരിറ്റൊഴുകി. തിരുവനന്തപുരം റേഞ്ച് കൂടി മണിച്ചൻ പിടിച്ചെടുത്തതിന് പിന്നാലെയാണ് കല്ലുവാതുക്കൽ വിഷമദ്യ ദുരന്തം ഉണ്ടാകുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.