സമരം ചെയ്യാന്‍ പൊലീസിന് പണം നല്‍കണമെന്ന ഉത്തരവ് പിടിച്ചുപറി- വി.ഡി സതീശൻ
text_fieldsതിരുവനന്തപുരം: സമരം ചെയ്യാന്‍ പൊലീസിന് പണം നല്‍കണമെന്ന ഉത്തരവ് പിടിച്ചുപറിയെന്ന് വി.ഡി സതീശൻ. കലക്ടറേറ്റ് മാര്‍ച്ച് നടത്തണമെങ്കില്‍ പൊലീസ് അനുമതിക്ക് 10000 രൂപയും സ്റ്റേഷന്‍ പരിധിയില്‍ 2000 രൂപയും സബ്ഡിവിഷന്‍ പരിധിയില്‍ 4000 രൂപയും നല്‍കണമെന്നാണ് പറയുന്നതെന്നും ഇതിലൂടെ ജനകീയ സമരങ്ങളെ സര്‍ക്കാര്‍ ഭയപ്പെടുകയാണെന്നും വി.ഡി സതീശൻ പറഞ്ഞു.
"സമരം ചെയ്യുന്നവരില്‍ നിന്നും കാശ് പിരിക്കുന്ന കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ ഗംഭീരമാണ്. സമരങ്ങളിലൂടെ വളര്‍ന്ന് വന്ന് വിപ്ലവപാര്‍ട്ടിയാണെന്ന് പറയുന്നവര്‍ മുദ്രാവാക്യം വിളിച്ചതിന് പൊലീസിനെക്കൊണ്ട് 94 വയസുകാരനായ ഗ്രോ വാസുവിന്റെ വായ പൊത്തിപ്പിടിപ്പിച്ചു. മുഖം തൊപ്പി കൊണ്ട് മറച്ച് പിടിച്ചു. വലതുപക്ഷ സര്‍ക്കാര്‍ പോലും ചെയ്യാത്ത കാര്യമാണിത്. എല്ലാക്കാലവും അധികാരത്തില്‍ ഇരിക്കാമെന്ന അഹങ്കാരവും പ്രതിപക്ഷ പ്രക്ഷോഭത്തിലുള്ള ഭയവുമാണ് പോലീസ് പെര്‍മിഷന് ഫീസ് ഏര്‍പ്പെടുത്തിയത്. കമ്മ്യൂണിസ്റ്റ് സര്‍ക്കാരാണെങ്കില്‍ ഇത് പിന്‍വലിക്കണം"- വി.ഡി സതീശൻ പറഞ്ഞു.
പണം അടച്ച് സമരം ചെയ്യണമെന്ന് പറയാന്‍ സർക്കാറിന് നാണമില്ലേയെന്ന് വി.ഡി സതീശൻ ചോദിച്ചു. യു.ഡി.എഫിനെ സാമ്പത്തികമായി ഞെരുക്കാനാണ് കോവിഡ് കാലത്ത് വ്യാപകമായി കേസുകളെടുത്തതെന്നും കാശില്ലെങ്കില്‍ ബാങ്ക് കൊള്ളയടിക്കാനോ പിടിച്ചുപറിക്കാനോ പോകണം. യു.ഡി.എഫിന്റെ ഒരു സമരത്തിനും പണം നല്‍കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും വി.ഡി സതീശൻ കൂട്ടിച്ചേർത്തു.
നികുതി ഭരണ സംവിധാനം പരിതാപകരമാക്കിയതിന്റെ ഒന്നാം പ്രതി തോമസ് ഐസക്
തിരുവനന്തപുരം: കേരളത്തിലെ നികുതി ഭരണ സംവിധാനം പരിതാപകരമാക്കിയതിന്റെ ഒന്നാം പ്രതി മുന്‍ ധനമന്ത്രി തോമസ് ഐസക്കാണന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. ഇത്രയും വലിയ ധനപ്രതിസന്ധിയും ദുരന്തവും ഉണ്ടാക്കിവച്ചത് ഒന്നാം പിണറായി സര്‍ക്കാരാണ്. നികുതി പിരിവില്‍ പരാജയപ്പെട്ടതും വാറ്റില്‍ നിന്നും ജി.എസ്.ടിയിലേക്ക് മാറിയപ്പോള്‍ ജി.എസ്.ടിക്ക് അനുകൂലമായ തരത്തില്‍ നികുതി ഭരണ സംവിധാനം പുനസംഘടിപ്പിക്കാത്തതുമാണ് ഇപ്പോഴത്തെ ധനപ്രതിസന്ധിക്ക് കാരണമെന്നും അദ്ദേഹം പറഞ്ഞു.
"നികുതി ഭരണ സംവിധാനം പുനസംഘടിപ്പിക്കാത്തതിലൂടെ ഐ.ജി.എസ്.ടിയില്‍ മാത്രം അഞ്ച് വര്‍ഷം കൊണ്ട് 25000 കോടിയുടെ നഷ്ടമുണ്ടായി. ഇക്കാര്യം പ്രതിപക്ഷം മാത്രമല്ല ഗുലാത്തി ഇന്‍സ്റ്റിറ്റ്യൂട്ടും എക്‌സ്‌പെന്‍ഡിച്ചര്‍ കമ്മിറ്റിയും നല്‍കിയ റിപ്പോര്‍ട്ടുകളിലും ചൂണ്ടിക്കാട്ടിയിട്ടുണ്ട്. രണ്ട് പിണറായി സര്‍ക്കാരുകളും തോമസ് ഐസക്കും ബാലഗോപാലുമാണ് ഐ.ജി.എസ്.ടിയിലൂടെ 25000 കോടി നഷ്ടപ്പെടുത്തിയതിന് ഉത്തരവാദികള്‍. കോമ്പന്‍സേഷന്‍ കിട്ടുമെന്നാണ് ഐസക് അന്ന് പറഞ്ഞിരുന്നത്. പരിമിതമായ കാലത്തേക്ക് മാത്രമെ കോമ്പന്‍സേഷന്‍ കിട്ടുകയുള്ളെന്നും അത് കിട്ടാതാകുമ്പോള്‍ സാമ്പത്തിക പ്രതിസന്ധിയുണ്ടാകുമെന്നും പ്രതിപക്ഷം മുന്നറിയിപ്പ് നല്‍കിയിരുന്നതാണ്. വിലക്കയറ്റം വര്‍ധിച്ചിട്ടും നികുതി വരുമാനം ഉയര്‍ന്നില്ല. അഞ്ച് വര്‍ഷത്തിനിടെ സ്വര്‍ണത്തില്‍ നിന്നും 25000 കോടി രൂപയേുടെ നഷ്ടമാണ് സര്‍ക്കാരിനുണ്ടായത്. നികുതി വെട്ടിപ്പുകാരുടെ പറുദീസയാക്കി കേരളത്തെ മാറ്റുന്നതില്‍ ഐസക് വഹിച്ച പങ്ക് ചെറുതല്ല"-വി.ഡി സതീശൻ പറഞ്ഞു.
കേന്ദ്രത്തിന്റെ ഡിവിസീവ് പൂളില്‍ നിന്നുള്ള വിഹിതം 1.92 ശതമാനമാക്കി കുറച്ചതിനെ കോണ്‍ഗ്രസ് ദേശീയ സംസ്ഥാന തലങ്ങളില്‍ എതിര്‍ത്തിട്ടുണ്ട്. ഇക്കാര്യം പാര്‍ലമെന്റിലും ചൂണ്ടിക്കാട്ടിയിട്ടുണ്ടെന്നും കേന്ദ്രത്തിന്റെ വിഷയം നില്‍ക്കുമ്പോള്‍ തന്നെ സംസ്ഥാന സര്‍ക്കാരിന്റെ പിടിപ്പുകേടാണ് പ്രധാന പ്രശ്‌നമെന്നും അദ്ദേഹം പറഞ്ഞു. കെ ഫോണ്‍, എ.ഐ ക്യാമറ പദ്ധതികളില്‍ ധനകാര്യ വകുപ്പിന്റെ എതിര്‍പ്പിനെ മറികടന്നാണ് തീരുമാനം എടുത്തതെന്നും ഇതിലൂടെ കോടികളാണ് സംസ്ഥാനത്തിന് നഷ്ടമായത്. സാമ്പത്തിക നിയന്ത്രണം ഏര്‍പ്പെടുത്തേണ്ട ധനകാര്യ വകുപ്പിന് ഒരു റോളുമില്ലെന്നും വി.ഡി സതീശൻ പറഞ്ഞു. 1000 കോടിയുടെ പദ്ധതി 1500 കോടിയായി വര്‍ധിപ്പിക്കാന്‍ മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായ ശിവശങ്കറാണ് കത്ത് നല്‍കിയത്. ധനകാര്യ വകുപ്പിനെ നോക്കുകുത്തിയാക്കി നടത്തുന്ന ഭരണമാണ് കേരളത്തിലെ ഈ ധനപ്രതിസന്ധിയില്‍ എത്തിച്ചതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
പെന്‍ഷന്‍ ഫണ്ടിനും കിഫ്ബിക്കും വേണ്ടി ബജറ്റിന് പുറത്ത് കടമെടുത്താല്‍ സംസ്ഥാനത്തിന്റെ കടമെടുപ്പ് പരിധിയെ ബാധിക്കുമെന്ന് പ്രതിപക്ഷം നിയമസഭയിലും പുറത്തും നിരവധി തവണ ചൂണ്ടിക്കാട്ടിയിരുന്നെന്നും പക്ഷെ എല്ലാം ഓകെ ആണെന്നാണ് അന്ന് ഐസക് പറഞ്ഞത്. പ്രതിപക്ഷം പറഞ്ഞ അതേ കാര്യം രണ്ട് തവണ സി.എ.ജി റിപ്പോര്‍ട്ടിലും ചൂണ്ടിക്കാട്ടിയിരുന്നു. ഇതൊക്കെ ഐസക്കുണ്ടാക്കിയ പുലിവാലാണെന്നും ഭരണമാറ്റം ഉണ്ടാകുമെന്നും ബാധ്യതയെല്ലാം യു.ഡി.എഫിന്റെ തലയില്‍ വരുമെന്നുമാണ് ഐസക് കരുതിയത്. നിര്‍ഭാഗ്യവശാല്‍ ഭരണത്തുടര്‍ച്ച ലഭിക്കുകയും ബാധ്യതയെല്ലാം ഇപ്പോള്‍ ബാലഗോപാലിന്റെ തലയില്‍ വന്നു ചേരുകയും ചെയ്തുവെന്നും വി.ഡി സതീശൻ പറഞ്ഞു.
സര്‍ക്കാരിന്റെ മുന്‍ഗണനയില്‍ കര്‍ഷകരില്ല
തിരുവനന്തപുരം: സര്‍ക്കാരിന്റെ മുന്‍ഗണനയില്‍ കര്‍ഷകരില്ലെന്ന് വി.ഡി സതീശൻ. നിയമസഭയില്‍ കൃഷിമന്ത്രി അടിയന്തിര പ്രമേയത്തിന് നല്‍കിയ മറുപടിക്ക് വിരുദ്ധമായ കാര്യങ്ങളാണ് സംസ്ഥാനത്ത് നടക്കുന്നതെന്നതിന് തെളിവാണ് അമ്പലപ്പുഴയിലെ കര്‍ഷകന്റെ ആത്മഹത്യയെന്ന് അദ്ദേഹം പറഞ്ഞു.
"നിരവധി കര്‍ഷകര്‍ക്ക് ഇപ്പോഴും നെല്ല് സംഭരണത്തിന്റെ പണം ലഭിക്കാനുണ്ട്. നെല്ല് സംഭരിച്ച് ഒരാഴ്ചക്കകം പണം നല്‍കുമെന്ന് പുരപ്പുറത്ത് കയറി പ്രഖ്യാപിച്ച സര്‍ക്കാര്‍ നാല് മാസമായിട്ടും പണം നല്‍കിയില്ല. രണ്ടാമത് കൃഷി ഇറക്കാന്‍ പോലും സാധിക്കാത്ത അവസ്ഥയിലാണ് കര്‍ഷകര്‍. കൃഷി ചെയ്ത് കര്‍ഷകന്‍ ഔഡി കാര്‍ വാങ്ങിയെന്ന് നിയമസഭയില്‍ പറഞ്ഞ കൃഷിമന്ത്രിക്കുള്ള മറുപടി കൂടിയാണ് കര്‍ഷകന്റെ ആത്മഹത്യ. കര്‍ഷകന്റെ ആത്മഹത്യയ്ക്ക് ഉത്തരവാദി സര്‍ക്കാരും കൃഷി വകുപ്പും പൊതുവിതരണ വകുപ്പുമാണ്. മരിച്ച കര്‍ഷകന്റെ കുടുംബത്തിന്റെ മുഴുവന്‍ കടവും വീട്ടാന്‍ സര്‍ക്കാര്‍ തയാറാകണം. കര്‍ഷക ആത്മഹത്യ സംസ്ഥാനത്ത് ആവര്‍ത്തിക്കാതിരിക്കാനുള്ള നടപടികളെടുക്കാനും തയാറാകണം"-വി.ഡി സതീശൻ പറഞ്ഞു .
മറ്റെല്ലാം കാര്യങ്ങള്‍ക്കും സര്‍ക്കാരിന് പണമുണ്ടെന്നും സ്‌കൂള്‍ ഉച്ചഭക്ഷണത്തിന്റെ കാര്യത്തില്‍ സ്വീകരിച്ചിരിക്കുന്ന അതേ അലംഭാവം തന്നെയാണ് കര്‍ഷകരോടും സര്‍ക്കാര്‍ കാട്ടുന്നത്. അതുകൊണ്ടാണ് നിയമസഭ സമ്മേളനത്തിന്റെ അവസാന ദിനത്തില്‍ പ്രതിപക്ഷം കര്‍ഷകരുടെ പ്രശ്‌നം അടിയന്തിര പ്രമേയമായി കൊണ്ടുവന്നതെന്നും വി.ഡി സതീശൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.