ഉത്തരവ് വൈകി; ഹജ്ജ് മെഡിക്കൽ സംഘത്തിലേക്ക് അപേക്ഷ സമർപ്പണം പ്രതിസന്ധിയിൽ
text_fieldsകൊച്ചി: ഹജ്ജ് തീർഥാടകർക്ക് സേവനം നൽകുന്ന മെഡിക്കൽ സംഘത്തിൽ അംഗമാകാൻ അപേക്ഷിക്കുന്നതിനുള്ള ഔദ്യോഗിക ഉത്തരവ് വൈകിയത് കേരളത്തിൽനിന്നുള്ളവർക്ക് തിരിച്ചടിയായി. കേന്ദ്ര വിദേശകാര്യമന്ത്രാലയം ഡിസംബർ 21 അവസാന തീയതിയായി നിശ്ചയിച്ച് നേരത്തേ വിജ്ഞാപനം പുറപ്പെടുവിച്ചെങ്കിലും സംസ്ഥാനത്തെ ബന്ധപ്പെട്ട വകുപ്പുകൾ ഇതുസംബന്ധിച്ച ഉത്തരവ് ഇറക്കാത്തതാണ് പ്രതിസന്ധിയായത്. ഇതുമൂലം ഈ വർഷം സംസ്ഥാനത്തുനിന്ന് ഹജ്ജ് മെഡിക്കൽ സംഘത്തിൽ അംഗമാകാനുള്ള അവസരം നിരവധിപേർക്ക് നഷ്ടപ്പെട്ടേക്കും.
സംസ്ഥാനത്ത് ആരോഗ്യവകുപ്പ്, മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ്, ഇ.എസ്.ഐ എന്നിവിടങ്ങളിൽനിന്നാണ് ഹജ്ജുമായി ബന്ധപ്പെട്ട് സേവനമനുഷ്ഠിക്കുന്ന മെഡിക്കൽ സംഘത്തിലേക്കുള്ളവരെ തെരഞ്ഞെടുക്കുന്നത്. 590 പേർക്കാണ് കേരളത്തിൽനിന്ന് അപേക്ഷിക്കാവുന്നത്.
ഡോക്ടർമാർ, നഴ്സുമാർ, ഫാർമസിസ്റ്റ്, റേഡിയോഗ്രാഫർ തുടങ്ങിയവരാണ് സംഘത്തിൽ ഉൾപ്പെടുന്നത്. വിദേശകാര്യ മന്ത്രാലയത്തിൽനിന്ന് സംസ്ഥാന ചീഫ് സെക്രട്ടറിക്ക് കൈമാറുന്ന വിജ്ഞാപനത്തിന്റെ അടിസ്ഥാനത്തിൽ ബന്ധപ്പെട്ട സെക്രട്ടറിമാർ വഴി വകുപ്പുതലത്തിൽ ഉത്തരവ് പുറപ്പെടുവിച്ചാലേ അപേക്ഷ സമർപ്പണം തുടങ്ങാനാകൂ. ആരോഗ്യവകുപ്പ് സെക്രട്ടറി, തൊഴിൽവകുപ്പ് സെക്രട്ടറി എന്നിവരാണ് ആരോഗ്യവകുപ്പിലും ഇ.എസ്.ഐയിലും വിജ്ഞാപനം പുറപ്പെടുവിക്കേണ്ടത്. എന്നാൽ, ആരോഗ്യ വകുപ്പിൽ ചൊവ്വാഴ്ചയാണ് ഉത്തരവ് ഇറങ്ങിയത്.
മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിലും ഇ.എസ്.ഐയിലും ബുധനാഴ്ച ഉച്ചവരെ ഉത്തരവ് ഇറങ്ങിയിട്ടുമില്ല. രേഖകൾ തയാറാക്കലടക്കം ഒട്ടേറെ നടപടിക്രമങ്ങൾ പൂർത്തീകരിച്ചാലേ അപേക്ഷ നൽകാനാകൂ. ആരോഗ്യവകുപ്പിൽനിന്നുള്ള അപേക്ഷകർ അവസാനനിമിഷം ഇതിനായുള്ള നെട്ടോട്ടത്തിലാണ്.
സമയപരിധി നീട്ടിയില്ലെങ്കിൽ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിനും ഇ.എസ്.ഐക്കും കീഴിലെ ഒട്ടേറെപ്പേർക്ക് അപേക്ഷിക്കാനാകാതെവരും. കഴിഞ്ഞ വർഷവും ഏറെ വൈകിയാണ് ഉത്തരവ് പുറത്തുവന്നത്. ഇതുമൂലം പലർക്കും അപേക്ഷിക്കാൻ കഴിഞ്ഞിരുന്നില്ല.
ഉത്തരവ് സംബന്ധിച്ച് വ്യക്തതയില്ലെന്നും എന്നാൽ ഇതിനായുള്ള വെബ്സൈറ്റ് വഴി അപേക്ഷിക്കുന്നതിന് തടസ്സമില്ലെന്നുമാണ് ഇ.എസ്.ഐ ഡയറക്ടറേറ്റ് അധികൃതർ പറയുന്നത്. എന്നാൽ, ഇത് അപ്രായോഗികമാണെന്ന് ആരോഗ്യപ്രവർത്തകർ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.