കോളജ് അധ്യാപക നിയമന യോഗ്യതയിൽ വെള്ളം ചേർത്ത ഉത്തരവ് പിൻവലിച്ചു
text_fieldsതിരുവനന്തപുരം: സംസ്ഥാനത്ത് കോളജ് അധ്യാപക യോഗ്യതയിൽ വെള്ളംചേർക്കാൻ ഇതര സംസ്ഥാനങ്ങളിൽനിന്ന് നേടിയ സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റ് (സെറ്റ്)/സ്റ്റേറ്റ് ലെവൽ എലിജിബിലിറ്റി ടെസ്റ്റ് (സ്ലെറ്റ്) യോഗ്യത കേരളത്തിൽ യു.ജി.സി നെറ്റിന് തുല്യമാക്കിയ ഉത്തരവ് പിൻവലിച്ചു. നിക്ഷിപ്ത താൽപര്യത്തിലിറക്കിയ ഉത്തരവ് യു.ജി.സി ചട്ടത്തിന് തന്നെ വിരുദ്ധമാണെന്ന് കാണിച്ച് ‘മാധ്യമം’ പ്രസിദ്ധീകരിച്ച വാർത്തയെ തുടർന്നാണ് പിൻവലിച്ച് ഉത്തരവിറക്കിയത്.
യു.ജി.സി അംഗീകൃത സെറ്റ്/സ്ലെറ്റ് പരീക്ഷകൾ നിലവിൽ സംസ്ഥാനത്ത് നടത്താത്ത സാഹചര്യത്തിലും സംസ്ഥാനത്ത് ഹയർ സെക്കൻഡറി അധ്യാപക യോഗ്യതക്കായി നടത്തുന്ന സെറ്റ് പരീക്ഷയും യു.ജി.സി അംഗീകൃത സെറ്റ് പരീക്ഷയും തമ്മിൽ തെറ്റിദ്ധരിക്കപ്പെടാൻ ഇടയുള്ളതിനാലും ഡിസംബർ 12ന് ഇറക്കിയ ഉത്തരവ് പിൻവലിക്കുന്നു എന്നാണ് പുതിയ ഉത്തരവ്.
ഇതര സംസ്ഥാനങ്ങളിൽ യു.ജി.സി നെറ്റിന് സമാന്തരമായി നടത്തുന്ന സെറ്റ്/സ്ലെറ്റ് പരീക്ഷക്ക് കേരളത്തിലും അംഗീകാരം നൽകി അതുവഴി കോളജ് അധ്യാപക നിയമനം നേടാൻ ചിലർ നടത്തിയ നീക്കമായിരുന്നു ഉത്തരവിന് പിന്നിൽ. എന്നാൽ സംസ്ഥാനത്ത് നിലവിൽ യു.ജി.സി നെറ്റിന് സമാന്തരമായി സെറ്റ് പരീക്ഷ നടക്കുന്നില്ലെന്നും ഇതര സംസ്ഥാനങ്ങളിൽ നടക്കുന്ന സെറ്റ് പരീക്ഷക്ക് അതത് സംസ്ഥാനങ്ങളിൽ മാത്രമേ കോളജ് അധ്യാപക നിയമനത്തിന് യോഗ്യതയാക്കിയിട്ടൂള്ളൂവെന്ന യു.ജി.സി ചട്ടവും ചൂണ്ടിക്കാട്ടിയാണ് മാധ്യമം വാർത്ത പ്രസിദ്ധീകരിച്ചത്.
ഇതര സംസ്ഥാനങ്ങളിലെ സെറ്റ്/സ്ലെറ്റ് പരീക്ഷ യോഗ്യത കേരളത്തിൽ കോളജ് അധ്യാപക നിയമനത്തിന് യോഗ്യതയാക്കാനുള്ള നിർദേശം ഉന്നത വിദ്യാഭ്യാസ കൗൺസിൽ തള്ളിയതും മാധ്യമം പുറത്തുകൊണ്ടുവന്നിരുന്നു. മാധ്യമം വാർത്തക്ക് പിന്നാലെ ഉത്തരവ് സംബന്ധിച്ച് പരിശോധന നടത്താൻ ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ. ബിന്ദു നിർദേശം നൽകി. ഇതോടെയാണ് കേരളത്തിൽ യു.ജി.സി നെറ്റിന് തത്തുല്യമായി സെറ്റ്/സ്ലെറ്റ് പരീക്ഷ നടത്തുന്നില്ലെന്നും തുല്യമാക്കിയുള്ള ഉത്തരവിന് പ്രസക്തിയില്ലെന്നും വ്യക്തമായത്. പിന്നാലെയാണ് ഉത്തരവ് പിൻവലിച്ചത്. നെറ്റ് പരീക്ഷ പാസാകാൻ കഴിയാതെ ഇതര സംസ്ഥാനങ്ങളിൽ നിന്ന് സെറ്റ്/സ്ലെറ്റ് പരീക്ഷ പാസായി കോളജ് അധ്യാപക നിയമനത്തിനായി ശ്രമിക്കുന്ന ചിലരാണ് ഉത്തരവിറക്കാൻ വേണ്ടി ചരടുവലി നടത്തിയത്. 2002 ജൂൺ ഒന്നിന് ശേഷം ഇതര സംസ്ഥാനങ്ങളിൽനിന്ന് സെറ്റ്/സ്ലെറ്റ് പരീക്ഷ േയാഗ്യത നേടിയവർക്ക് അതത് സംസ്ഥാനങ്ങളിൽ മാത്രമേ നിയമനത്തിന് യോഗ്യതയുണ്ടാവുകയുള്ളൂ എന്ന യു.ജി.സി വ്യവസ്ഥ മറച്ചുവെച്ചായിരുന്നു ആദ്യ ഉത്തരവിറക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.