പാണക്കാട് കുടുംബത്തെ പരിഗണിച്ചില്ല; എസ്.കെ.എസ്.എസ്.എഫ് പരിപാടി വിലക്കി മഹല്ല് കമ്മിറ്റി
text_fieldsമുക്കം (കോഴിക്കോട്): പാണക്കാട് തങ്ങൾ കുടുംബത്തെ പരിഗണിക്കാതെ എസ്.കെ.എസ്.എസ്.എഫ് സംഘടിപ്പിച്ച പരിപാടിക്ക് വിലക്കേർപ്പെടുത്തി മുസ്ലിം ലീഗ് ആഭിമുഖ്യമുള്ള മഹല്ല് കമ്മിറ്റി. എസ്.കെ.എസ്.എസ്.എഫ് മുരിങ്ങംപുറായി യൂനിറ്റ് കമ്മിറ്റി നിർമിച്ച സഹചാരി സെന്റർ ഉദ്ഘാടന ചടങ്ങിന് സമസ്ത പ്രസിഡന്റ് മുഹമ്മദ് ജിഫ്രി തങ്ങളെയാണ് സംഘാടകർ ക്ഷണിച്ചിരുന്നത്. ഇതിന് മഹല്ല് കമ്മിറ്റിയിലെ ഒരു വിഭാഗം തടയിട്ടു. ഒടുവിൽ സഹചാരി സെന്റർ ഉദ്ഘാടനം ഒഴിവാക്കി, സഹചാരി ഉപകരണങ്ങളുടെ ഉദ്ഘാടനമാക്കി മുരിങ്ങംപുറായി അങ്ങാടിയിൽ പരിപാടി സംഘടിപ്പിക്കുകയായിരുന്നു. ജിഫ്രി തങ്ങൾ തന്നെയാണ് വിതരണോദ്ഘാടനം നിർവഹിച്ചത്.
പഴയ മഹല്ല് കമ്മിറ്റിയുടെ അനുമതിയോടെ എസ്.കെ.എസ്.എസ്.എഫ് യൂനിറ്റ് കമ്മിറ്റി മുരിങ്ങംപുറായി പള്ളിയുടെ കെട്ടിടത്തോടു ചേർന്നാണ് മൂന്നര ലക്ഷം രൂപ സമാഹരിച്ച് നിർധനരോഗികളെ സഹായിക്കാൻ സഹചാരി സെന്റർ നിർമാണം തുടങ്ങിയത്. പുതിയ മഹല്ല് കമ്മിറ്റിയും നിർമാണം തുടരാൻ അനുമതി നൽകി. പ്രവൃത്തി പൂർത്തീകരിച്ച് ഉദ്ഘാടന തീയതിയും കാര്യപരിപാടിയും തീരുമാനിച്ചപ്പോഴാണ് മഹല്ല് കമ്മിറ്റിയിൽപെട്ട ചില ലീഗുകാരുടെ ഇടപെടൽ ഉണ്ടായതെന്ന് എസ്.കെ.എസ്.എസ്.എഫ് പ്രവർത്തകർ പറയുന്നു. കമ്മിറ്റിയുടെ അനുമതി വാങ്ങാത്തതിനാൽ പരിപാടി റദ്ദാക്കണമെന്ന് എസ്.കെ.എസ്.എസ്.എഫ് ഭാരവാഹികളെ അറിയിച്ചു.
ഉദ്ഘാടനത്തിന് പാണക്കാട് തങ്ങൾ കുടുംബത്തിൽനിന്ന് ആരെയും പരിഗണിക്കാത്തതും മുസ്ലിം ലീഗ് നേതാക്കളെ ക്ഷണിക്കാത്തതും കഴിഞ്ഞദിവസം നിലവിൽവന്ന എസ്.കെ.എസ്.എസ്.എഫ് യൂനിറ്റ് കമ്മിറ്റിയിൽ ലീഗ് പ്രവർത്തകരെ പരിഗണിക്കാത്തതുമാണ് പരിപാടി മുടക്കാൻ കാരണമായതെന്ന് ചൂണ്ടിക്കാട്ടപ്പെടുന്നു. അതേസമയം, മൂന്നര ലക്ഷം രൂപ മുടക്കി നിർമിച്ച കെട്ടിടം തിരിച്ചുപിടിക്കാൻ നിയമനടപടികൾക്ക് ഒരുങ്ങുകയാണ് എസ്.കെ.എസ്.എസ്.എഫ് പ്രവർത്തകർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.