നവകേരള സദസ്സിൽ മുഖ്യമന്ത്രിക്ക് നൽകിയ അപേക്ഷക്ക് മറുപടി നൽകിയത് പഞ്ചായത്ത് സെക്രട്ടറി
text_fieldsഉപ്പള: പഞ്ചായത്ത് വിഭജിക്കണമെന്നാവശ്യപ്പെട്ട് നവകേരള സദസ്സിൽ മുഖ്യമന്ത്രിക്ക് നൽകിയ നിവേദനത്തിന് മറുപടി നൽകിയത് പഞ്ചായത്ത് സെക്രട്ടറി. മംഗൽപാടി പഞ്ചായത്ത് വിഭജിച്ച് ജനങ്ങളുടെ ദുരിതം അവസാനിപ്പിക്കണം എന്നാവശ്യപ്പെട്ട് മഞ്ചേശ്വരം താലൂക്ക് ഭരണഭാഷ വികസന സമിതി പ്രസിഡന്റ് എം.കെ. അലി മാസ്റ്റർ നൽകിയ പരാതിക്കാണ് പഞ്ചായത്ത് സെക്രട്ടറി മറുപടി നൽകിയത്. പഞ്ചായത്തിന്റെ പരിധിയിൽ വരാത്ത സർക്കാർ നയപരമായി നടപടി സ്വീകരിക്കേണ്ട വിഷയമായതിനാൽ സർക്കാറിൽ നിന്നാണ് മറുപടി പ്രതീക്ഷിച്ചത്.
എന്നാൽ, അലിമാസ്റ്ററുടെ അപേക്ഷ പഞ്ചായത്തിലേക്ക് അയക്കുകയും അവിടെ നിന്നും സെക്രട്ടറി ‘തീർപ്പാക്കുക’യും ചെയ്യുകയായിരുന്നു. ജി.എച്ച്.എസ്.എസ്. പൈവളിഗെയിൽ നടന്ന നവകേരള സദസ്സ് ഉദ്ഘാടന ചടങ്ങിലാണ് നിവേദനം നൽകിയത്. ഈ പ്രശ്നത്തിൽ പഞ്ചായത്ത് തലത്തിൽ തീരുമാനമെടുക്കാൻ സാധിക്കുകയില്ലെന്നാണ് സെക്രട്ടറി മറുപടി നൽകിയത്. ഇത് പഞ്ചായത്തിന് പരിഹരിക്കാൻ പറ്റാത്തതുകൊണ്ടാണ് നവകേരള സദസ്സിലേക്ക് നൽകിയത് എന്നാണ് അലി മാസ്റ്റർ പറയുന്നത്. വിഭജനം തീരുമാനിക്കാൻ ഡി-ലിമിറ്റേഷൻ കമ്മിറ്റിയും സർക്കാറും ഉണ്ടെന്നിരിക്കെ പഞ്ചായത്ത് സെക്രട്ടറിയെ കൊണ്ട് മറുപടി പറയിക്കുന്നത് പരിഹാസമാണ്. 60,000 ജനസംഖ്യയുള്ള മംഗൽപാടിയിൽ 3000ലേറെ ഫയലുകൾ കെട്ടിക്കിടക്കുന്നു. കൂടാതെ ദൈനം ദിനം എത്തുന്ന അപേക്ഷകൾ വേറെയും.
ജനങ്ങളുടെ അപേക്ഷകളിൽ സേവനാവകാശ നിയമ പരിധിക്കുള്ളിൽ നടപടിയെടുക്കാൻ സാധിക്കുന്നില്ല. ജോലിഭാരം ഭയന്ന് ജീവനക്കാർ ഇവിടെ വരാൻ മടിക്കുന്നു. വന്നവർ രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് ഉടനടി സ്ഥലംമാറ്റം വാങ്ങി പോകുന്നു. നികുതി പിരിവിൽ മുൻ വർഷം സംസ്ഥാനത്ത് ഏറ്റവും പിറകിലായ പഞ്ചായത്ത് ആണ് മംഗൽപാടി.
ഇവിടത്തെ പ്രശ്നങ്ങൾക്ക് അടിയന്തിര പരിഹാരമുണ്ടാക്കണം എന്ന് ആവശ്യപ്പെട്ട് കക്ഷിരാഷ്ട്രീയം മറന്ന് ഭരണസമിതി ഒന്നടക്കം സമരം ചെയ്തതാണ്. ഭരണസമിതിയോട് ഐക്യദാർഢ്യം പ്രകടിപ്പിച്ച് മുൻ ജനപ്രതിനിധികളും സമരം ചെയ്തിട്ടുണ്ട്. പഞ്ചായത്തിനെ ഗ്രൂപ്പ് വില്ലേജ് അടിസ്ഥാനത്തിൽ ഉപ്പള, ഇച്ചിലങ്കോട് എന്നിങ്ങനെ രണ്ടു പഞ്ചായത്തുകൾ ആയി വിഭജിക്കണമെന്നത് ജനകീയാവശ്യമാണ്’ -അലി മാസ്റ്റർ പറഞ്ഞു. ഈ ആവശ്യം പരിഗണിക്കാൻ അധികാരമില്ലാത്ത പഞ്ചായത്ത് സെക്രട്ടറി നൽകിയ മറുപടിക്കെതിരെ മുഖ്യമന്ത്രിയുടെ പരാതി പരിഹാര സെല്ലിനെ സമീപിക്കാൻ ഒരുങ്ങുകയാണ് അലി മാസ്റ്റർ.
സാമ്പത്തികമായി മെച്ചപ്പെട്ട പഞ്ചായത്തായതിനാൽ വിഭജനം വഴി അധികം ഉണ്ടാക്കുന്ന തസ്തികകളിൽ ശമ്പളവും മറ്റ് ആനുകൂല്യങ്ങളും നൽകാൻ പ്രയാസപ്പെടുകയില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.