പഞ്ചായത്തംഗം ക്ഷോഭിച്ചു, വനിത അസി.എൻജിനീയർ കുഴഞ്ഞുവീണു
text_fieldsഎരുമേലി: പദ്ധതി നിർവഹണത്തിൽ വീഴ്ച വരുത്തിയെന്നാരോപിച്ച് പഞ്ചായത്തംഗം ബഹളം വെച്ചതിനെ തുടർന്ന് വനിത അസി. എൻജിനീയർ കുഴഞ്ഞ് വീണതായി പരാതി.കുഴഞ്ഞുവീണ അസി. എൻജിനീയർ ഇളങ്ങുളം പറപ്പള്ളിൽ നവമി (31) കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്. വ്യാഴാഴ്ച വൈകീട്ട് നാലോടെയാണ് സംഭവം.
ചരളക്ക് സമീപത്തെ തകർന്ന കലുങ്ക് നിർമാണം ആരംഭിക്കാത്തത് ചോദ്യം ചെയ്തെത്തിയ പഞ്ചായത്തംഗം നാസർ പനച്ചി ജോലി തടസപ്പെടുത്തിയെന്നും ക്ഷുഭിതനായി സംസാരിച്ചുവെന്നുമാണ് പരാതി. ഇതിനിടെ സമ്മർദം താങ്ങാതെ അസി. എൻജിനീയർ തലകറങ്ങി വീഴുകയായിരുന്നു.പഞ്ചായത്തംഗം എ.ഇയെ മുറിയിൽ പൂട്ടിയിട്ടതായും ആരോപണം ഉയർന്നു. മറ്റു ജീവനക്കാരും പഞ്ചായത്തംഗങ്ങളും ചേർന്നാണ് നവമിയെ ആശുപത്രിയിലെത്തിച്ചത്.
നവമിയുടെ പരാതിയിൽ എരുമേലി പൊലീസ് നാസർ പനച്ചിക്കെതിരെ കേസെടുത്തു.എന്നാൽ, എ.ഇയുടെ അനുമതി ലഭിച്ചാലെ കലുങ്ക് നിർമ്മാണം ആരംഭിക്കാൻ കഴിയുകയുള്ളുവെന്ന് കരാറുകാർ അറിയിച്ചതിനെ തുടർന്ന് അന്വേഷിക്കാനാണ് താൻ മുറിയിൽ കയറിച്ചെന്നതെന്ന് നാസർ പനച്ചി പറഞ്ഞു.
നടപ്പ് സാമ്പത്തിക വർഷം അവസാനിക്കാറായിട്ടും പദ്ധതി നിർവഹണത്തിലെ വീഴ്ച ചൂണ്ടിക്കാട്ടിയത് മറക്കാനുള്ള നാടകമാണെന്നും നാസർ പനച്ചി പറഞ്ഞു. പഞ്ചായത്ത് പ്രസിഡന്റിനെതിരെ വരുന്ന 28ന് കോൺഗ്രസ് കൊണ്ടുവരാനിരിക്കുന്ന അവിശ്വാസം അട്ടിമറിക്കാനുള്ള ആയുധമായി സംഭവത്തെ സി.പി.എം ഉപയോഗിക്കുന്നതായും ആക്ഷേപമുയർന്നു.
11 വീതം അംഗങ്ങളുള്ള പഞ്ചായത്തിൽ സ്വതന്ത്ര അംഗം കോൺഗ്രസിനോടൊപ്പംനിന്ന് അവിശ്വാസം കൊണ്ടുവരാനിരിക്കെയാണ് വീണു കിട്ടിയ അവസരം ഉപയോഗിക്കാൻ എൽ.ഡി.എഫ് ശ്രമിക്കുന്നത്.അസി. എൻജിനീയറെ ഉപയോഗിച്ച് തനിക്കെതിരെ കള്ളക്കേസെടുത്ത് അവിശ്വാസം അട്ടിമറിക്കാനാണ് സി.പി.എം ശ്രമമെന്ന് നാസർ പനച്ചിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.