പെരിയ ഇരട്ടക്കൊല പാർട്ടി ആദ്യം തള്ളി; സർക്കാർ പ്രതികൾക്കൊപ്പം നിന്നു
text_fieldsകാസർകോ ട്: പെരിയ ഇരട്ടക്കൊല സി.പി.എം തള്ളിപ്പറഞ്ഞതാണെങ്കിലും സർക്കാർ പരസ്യമായി പ്രതികൾക്ക് ഒപ്പംനിന്നു. ടി.പി. ചന്ദ്രശേഖരൻ വധക്കേസിൽ സി.പി.എം പെട്ട രാഷ്ട്രീയ ചുഴിയിൽനിന്ന് കരകയറുംമുമ്പേയാണ് സമാധാനപരമായ അന്തരീക്ഷം നിലനിന്നിരുന്ന പെരിയ കല്യോട്ട് രണ്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകർ കൊലചെയ്യപ്പെട്ടത്. രാഷ്ട്രീയ സംഘർഷങ്ങളൊന്നും ഇല്ലാതിരുന്ന മേഖലയിൽ നാടിനെ നടുക്കിയ സംഭവമായിരുന്നു അത്. കാസർകോടുനിന്നും തിരുവനന്തപുരത്തുനിന്നുമായി കോടിയേരി ബാലകൃഷ്ണൻ, കാനം രാജേന്ദ്രൻ എന്നിവരുടെ നേതൃത്വത്തിൽ രണ്ട് സംസ്ഥാന ജാഥകൾ ഉദ്ഘാടനം ചെയ്യപ്പെട്ട് ഏതാനും മിനിറ്റുകൾക്കുള്ളിൽ നടന്ന ഇരട്ടക്കൊലയെ ജാഥക്കിടയിൽതന്നെ കോടിയേരി തള്ളിപ്പറഞ്ഞു.
സംഭവം നടന്ന് മൂന്നാം ദിനത്തിൽ കൃത്യത്തിൽ നേരിട്ട് പങ്കുണ്ടായ ഒന്നാം പ്രതി എ. പീതാംബരനെയും രണ്ടാംപ്രതി സജി ജോർജിനെയും സി.പി.എം പുറത്താക്കി. ഇരുവരും ബൈക്കിലെത്തിയാണ് ശരത്തിനെയും കൃപേഷിനെയും ബൈക്ക് തടഞ്ഞുനിർത്തി കൊലപ്പെടുത്തിയത്. എന്നാൽ, ഇടത് സർക്കാർ നിയോഗിച്ച ക്രൈംബ്രാഞ്ച് സംഘം പ്രതികളായി കണ്ടെത്തിയത് ഇവരടക്കം 14 പേരെയാണ്. എല്ലാവരും സി.പി.എമ്മിന്റെ സജീവ പ്രവർത്തകരും. ബ്രാഞ്ച് സെക്രട്ടറി, ലോക്കൽ സെക്രട്ടറി, ഏരിയ സെക്രട്ടറി, ജില്ല സെക്രട്ടേറിയറ്റ് എന്നീ നിലകളിൽ പ്രവർത്തിച്ചവർ. ഇവരെ പാർട്ടിതലത്തിൽ സംരക്ഷിക്കുന്നില്ലെന്ന് വരുത്തി, സർക്കാർ സംവിധാനം ഉപയോഗിച്ച് രക്ഷപ്പെടുത്താനുള്ള ശ്രമമായിരുന്നു നടത്തിയത്.
ക്രൈംബ്രാഞ്ച് കുറ്റപത്രം ഹൈകോടതി തള്ളിയതോടെയാണ് പ്രതികൾക്കായി അരയുംതലയും മുറുക്കി സർക്കാർ രംഗത്തുവന്നത്. പിന്നീട് കേസ് ഹൈകോടതി സി.ബി.ഐക്ക് വിട്ടു. ഈ വിധിക്കെതിരെ സർക്കാർ സുപ്രീംകോടതിയെ സമീപിച്ചത് സർക്കാർ ഖജനാവിൽനിന്ന് കോടിയിലേറെ രൂപ ചെലവഴിച്ചാണ്. പ്രതികളെ ശിക്ഷിക്കേണ്ടത് സ്റ്റേറ്റിന്റെ ഉത്തരവാദിത്തമായ നിയമ വ്യവസ്ഥയിൽ സ്റ്റേറ്റ് പ്രതികൾക്കൊപ്പം നിന്ന അപൂർവ സാഹചര്യം. മനീന്ദർ സിങ്, രഞ്ജിത് കുമാർ എന്നീ ഉയർന്ന പ്രൊഫൈലുള്ള അഭിഭാഷകരെ സുപ്രീംകോടതിയിൽ നിരത്തി സി.ബി.ഐയെ ഒഴിവാക്കാൻ ശ്രമം നടത്തി.
അതെല്ലാം പരാജയപ്പെട്ടപ്പോൾ പ്രതികളുടെ കുടുംബങ്ങളെ ആശ്വസിപ്പിക്കാനെന്ന പേരിൽ പാർട്ടി രംഗത്തുവന്നു. അന്നത്തെ കാസർകോട് എം.പിയും സി.പി.എം കേന്ദ്ര കമ്മിറ്റി അംഗവുമായ പി. കരുണാകരൻ കല്യോട്ട് പ്രതികളുടെ വീടുകൾ സന്ദർശിച്ചു. കുടുംബങ്ങളെ സഹായിക്കുന്നതിനായി വിദേശത്ത് ഫണ്ട് ശേഖരണം നടത്തിയെന്ന ആക്ഷേപം ഉയർന്നു. കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരനുമായി ഇടഞ്ഞുനിന്ന പ്രഗല്ഭ അഭിഭാഷകനും കോൺഗ്രസ് നേതാവുമായ സി.കെ. ശ്രീധരനെ അടർത്തിയെടുത്ത് പ്രതികളുടെ വക്കാലത്ത് ഏൽപിച്ചതും സർക്കാർ എത്രത്തോളം പ്രതികൾക്ക് ഒപ്പമെന്ന് വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.