പാർട്ടിയെ രാഷ്ട്രീയവത്കരിക്കണം; കൊഴിഞ്ഞു പോക്കിൽ ആശങ്ക
text_fieldsമധുര: ബ്രാഞ്ചുകൾ അടക്കമുള്ള താഴെത്തട്ടിലെ പാർട്ടി ഘടകങ്ങളുടെ ദുർബലാവസ്ഥ പരിഹരിക്കാൻ പ്രാദേശികമായ ജനകീയ വിഷയങ്ങൾ ഏറ്റെടുക്കണമെന്നും പാർട്ടിയെ കൂടുതൽ രാഷ്ട്രീയവത്കരിക്കണമെന്നും സി.പി.എം പാർട്ടി കോൺഗ്രസിൽ ആവശ്യം. പി.ബി അംഗം ബി.വി. രാഘവലു അവതരിപ്പിച്ച കരട് സംഘടന റിപ്പോർട്ടിന്റെ പൊതു ചർച്ചയിലാണ് പ്രതിനിധികളിൽനിന്ന് ഈ ആവശ്യം ഉയർന്നത്.
പാർട്ടി അംഗങ്ങളിൽ വലിയ കൊഴിഞ്ഞുപോക്ക് ഉണ്ടാകുന്നത് ആശങ്കജനകമാണെന്നും ചൂണ്ടിക്കാണിക്കപ്പെട്ടു. കേരളത്തിൽനിന്ന് ചർച്ചയിൽ പങ്കെടുത്ത പി.കെ. ബിജുവും ആന്ധ്രയിൽനിന്നുള്ള പ്രതിനിധിയുമാണ് ഇക്കാര്യം ചൂണ്ടിക്കാട്ടിയത്. യുവാക്കളെ കൂടുതലായി പാർട്ടിയിലേക്ക് ആകർഷിക്കാനാവണം.
അതിനൊത്ത തരത്തിൽ സമര രീതികളുടെയടക്കം രൂപം മാറണം. ബിജുവിനെ കൂടാതെ പി.എ. മുഹമ്മദ് റിയാസ്, ഡോ. ആർ. ബിന്ദു , ഡോ. വി. ശിവദാസൻ എന്നിവരാണ് കേരളത്തിൽനിന്ന് ചർച്ചയിൽ പങ്കെടുത്തത്. തിരിച്ചുവരവിന്റെ പാതയിലുള്ള ബംഗാളിലും ത്രിപുരയിലും പാർട്ടി അംഗത്വത്തിൽ വന്ന കുറവ് റിപ്പോർട്ടിൽ പ്രത്യേകം ചൂണ്ടിക്കാട്ടിയിരുന്നു.
ശനിയാഴ്ച രാത്രി എട്ടോടെയാണ് ചർച്ച പൂർത്തിയായത്. ചർച്ചക്ക് ഞായറാഴ്ച രാവിലെ പി.ബി അംഗം ബി.വി. രാഘവലുവും പി.ബി കോഓഡിനേറ്റർ പ്രകാശ് കാരാട്ടും മറുപടി നൽകും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.