കാര്യങ്ങൾ പാർട്ടി അറിയണം; ശൈലീമാറ്റ സൂചന നൽകി എം.വി. ഗോവിന്ദൻ
text_fieldsതിരുവനന്തപുരം: നയപരമായ തീരുമാനങ്ങൾ കൈക്കൊള്ളുംമുമ്പ് പാർട്ടിയും മുന്നണിയും അറിയണമെന്ന വ്യക്തമായ രാഷ്ട്രീയ സന്ദേശമാണ് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പെൻഷൻ പ്രായ വിഷയം മുൻനിർത്തി സർക്കാറിന് നൽകുന്നത്.
തീരുമാനങ്ങൾ പാർട്ടിയിൽ റിപ്പോർട്ട് ചെയ്യുമ്പോൾ അറിയുന്ന രീതി അദ്ദേഹം താൽപര്യപ്പെടുന്നില്ല. ഇക്കാര്യത്തിൽ മുൻഗാമി കോടിയേരി ബാലകൃഷ്ണന്‍റെ ശൈലിയല്ല പിന്തുടരുന്നതെന്ന സൂചനയാണ് അദ്ദേഹത്തിന്‍റെ പ്രതികരണത്തിലൂടെ വ്യക്തമാകുന്നത്. സർക്കാർ നടപടി പിൻവലിച്ച ശേഷം പാർട്ടിക്ക് അറിവില്ലായിരുന്നു, പാർട്ടി നയത്തിനനുസരിച്ചായിരുന്നില്ല എന്നൊക്കെ വിശദീകരിച്ച് സംസ്ഥാന സെക്രട്ടറി മാധ്യമങ്ങൾക്കുമുന്നിൽ പ്രതികരിക്കുന്ന സംഭവം മുമ്പ് അധികമില്ല. പിണറായി ഒന്നും രണ്ടും സർക്കാറിന്‍റെ ഇതുവരെയുള്ള കാലയളവിലും പാർട്ടി പരസ്യമായി സർക്കാറിനെ തിരുത്തിയിരുന്നില്ല.
പെൻഷൻ പ്രായ വർധന വിഷയത്തിൽ മുഖ്യമന്ത്രിതന്നെ ഇടപെട്ട് തീരുമാനം മരവിപ്പിച്ച ശേഷമാണ് എം.വി. ഗോവിന്ദന്‍റെ പരസ്യപ്രതികരണമെന്നതും ശ്രദ്ധേയമാണ്. കോടിയേരി പാർട്ടി സെക്രട്ടറി ആയിരുന്നപ്പോൾ സർക്കാർ-പാർട്ടി ഏകോപനം ശക്തമായിരുന്നു. തിരുത്തലുകൾ പുറത്തേക്ക് വന്നിരുന്നില്ല. ആ ശൈലിയല്ല എം.വി. ഗോവിന്ദനെന്ന് ഇതിലൂടെ വ്യക്തമാകുന്നു. ഗോവിന്ദൻ തലപ്പത്തേക്ക് വരുമ്പോൾ പാർട്ടിയുടെ ശൈലിയിൽ എന്തു മാറ്റം വരുമെന്ന ആകാംക്ഷയുണ്ടായിരുന്നു. അതിനുള്ള മറുപടിയായി ഇൗ നിലപാടിനെ വിലയിരുത്തുന്നവരുണ്ട്.
പാർട്ടി അധികാരകേന്ദ്രമാകരുതെന്നും സർക്കാറിന്‍റെ ദൈനംദിന കാര്യത്തിൽ ഇടപെടൽ വേണ്ടെന്നും നയപരമായ കാര്യം അറിയണമെന്നുമുള്ള ശൈലിയായിരുന്നു കോടിയേരിക്ക്. പാർട്ടി നിലപാടിന് വിരുദ്ധമാണെങ്കിലും പരസ്യ പ്രതികരണം അദ്ദേഹം നടത്തിയിരുന്നില്ല. അതുമായി താരതമ്യം ചെയ്യുമ്പോൾ എം.വി. ഗോവിന്ദന്‍റേത് ശൈലീമാറ്റമായി കാണാം. എല്ലാം പാർട്ടി അറിയണമെന്ന സന്ദേശം മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും നൽകുകയാണ് അദ്ദേഹം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.