അഷ്ടമുടിക്കായലില്‍ യാത്രാബോട്ട് ചളിയിൽ താഴ്ന്നു; ഡ്രൈവിങ് പരിശീലനമെന്ന് സംശയം
text_fieldsഅഞ്ചാലുംമൂട്: യാത്രക്കാരുമായി സർവിസ് നടത്തവെ ബോട്ട് അപകടത്തിൽപെട്ടു. അഷ്ടമുടിക്കായലിലൂടെ കൊല്ലം-പ്ലാവറ റൂട്ടില്‍ സർവിസ് നടത്തുന്ന യാത്രാബോട്ടാണ് കായലിെൻറ മധ്യത്തില്‍ ചളിയില്‍ താഴ്ന്നത്. വ്യാഴാഴ്ച രാവിലെ എട്ടിനാണ് സംഭവം. വഞ്ചിപ്പുഴ ബോട്ട് ജെട്ടിക്ക് സമീപം നിയന്ത്രണംവിട്ട് ചളിയില്‍ പുതയുകയായിരുന്നു.
അര മണിക്കൂറിനു ശേഷം കൊല്ലം ഡിപ്പോയില്‍നിന്ന് മറ്റൊരു ബോട്ടെത്തിച്ച് കെട്ടിവലിച്ച് കരക്ക് എത്തിക്കുകയായിരുന്നു. ബോട്ടിൽ ഈ സമയം നാൽപതോളം യാത്രക്കാരുണ്ടായിരുന്നു. ബോട്ടിലെ ജീവനക്കാര്‍ പുതിയ ഡ്രൈവര്‍മാര്‍ക്ക് പരിശീലനം നടത്തിയതാണ് അപകടകാരണമെന്ന് യാത്രക്കാര്‍ ആരോപിച്ചു. രണ്ട് ലാസ്കര്‍, എന്ജിന് ഡ്രൈവര്‍, സ്രാങ്ക്, ബോട്ട് മാസ്റ്റര്‍ എന്നിങ്ങനെ അഞ്ച് ജീവനക്കാരാണ് ബോട്ടിലുള്ളത്.
സര്‍വിസ് സമയങ്ങളില്‍ മിക്കപ്പോഴും ഈ ജീവനക്കാരാണ് ബോട്ട് സര്‍വിസില്‍ ഡ്രൈവർ സ്ഥാനത്തുണ്ടാകുകയെന്നും യാത്രക്കാർ ആരോപിച്ചു. അസേമയം, ബോട്ടിലെ റിവേഴ്സ് ഗിയര്‍ പൊട്ടിയതാണ് ട്രാക്ക് മാറി ഓടുകയും ചളിയില്‍ താഴുകയും ചെയ്തതിന് കാരണമെന്ന് ജീവനക്കാർ പറഞ്ഞു. യാത്രക്കാരുമായി സര്‍വിസ് നടത്തുന്ന ബോട്ടില്‍ ഡ്രൈവിങ് പരിശീലനം നടത്തരുതെന്ന് ചട്ടമുണ്ടെങ്കിലും ജീവനക്കാര്‍ ഇതു പാലിക്കാറില്ല.
ബോട്ടില്‍ ടിക്കറ്റിങ് ഇന്‍സ്പെക്ടര്‍മാരുടെ സേവനം മുമ്പുണ്ടായിരുന്നെങ്കിലും ഇപ്പോള്‍ നാമമാത്രമാണ്. നിത്യേന 10 സര്‍വിസുകളാണ് കൊല്ലം-പ്ലാവറ റൂട്ടില്‍ നടത്തുന്നത്. നഗരത്തിലേക്ക് ജോലിക്ക് പോകുന്നവര്‍ ഏറ്റവും കൂടുതല്‍ ആശ്രയിക്കുന്നതും ഈ ബോട്ട് സര്‍വിസിനെയാണ്. ബോട്ടിലെ ഡ്രൈവിങ് പരിശീലനം മൂലം ജലഗതാഗത വകുപ്പിെൻറ പല ബോട്ടുകൾക്കും കേടുപാട് സംഭവിച്ചിട്ടുണ്ട്.
അമിത വേഗത്തില്‍ ജെട്ടികളില്‍ അടുപ്പിക്കുന്ന ബോട്ടുകള്‍ പലതും നിയന്ത്രണം വിട്ട് ബോട്ട് ജെട്ടികള്‍ തകര്‍ത്താണ് നിര്‍ത്താറുള്ളതെന്ന് സ്ഥിരം യാത്രക്കാര്‍ പറയുന്നു. അശ്രദ്ധയും പരിശീലനവും ജനങ്ങളുടെ ജീവന് െവച്ചുള്ള പന്താട്ടമാണെന്ന് മുന്‍ ഡിവിഷന് കൗണ്‍സിലര്‍ ബി. അനില്‍കുമാര്‍ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.