രാത്രി തഹസിൽദാർ വീട്ടിലെത്തിച്ച പട്ടയം പിറ്റേന്ന് തിരിച്ചുവാങ്ങി
text_fieldsചാലക്കുടി: കിഴക്കേ ചാലക്കുടി വില്ലേജിൽ പാതിരാത്രി വീട്ടിൽചെന്ന് തഹസിൽദാർ നൽകിയ പട്ടയരേഖ തിരിച്ചുവാങ്ങി എം.എൽ.എ വീണ്ടും അവകാശികൾക്ക് നൽകിയെന്ന് ആരോപണം. എം.എൽ.എ നൽകുന്നത് ഫോട്ടോയെടുത്ത് സാമൂഹിക മാധ്യമങ്ങളിൽ പ്രചരിപ്പിച്ചതോടെ ഇത് രാഷ്ട്രീയ ചർച്ചയായി. പട്ടയത്തിന് വേണ്ടി ഒന്നും ചെയ്യാത്ത എം.എൽ.എയും നഗരസഭ 12ാം വാർഡ് കൗൺസിലറും രാഷ്ട്രീയ ലക്ഷ്യത്തിന് തെറ്റിധാരണ പരത്തുകയാണെന്നാണ് എൽ.ഡി.എഫിന്റെ ആരോപണം.
നഗരസഭ 12ാം വാർഡിലെ കൂടപ്പുഴ മനക്കുളം പുറമ്പോക്കിലെ അഞ്ച് കുടുംബങ്ങൾക്കാണ് 30 വർഷത്തിലേറെ നടത്തിയ പരിശ്രമത്തിന് ശേഷം പട്ടയം ലഭിച്ചത്. അവധി ദിവസമായ സെപ്റ്റംബർ ഒമ്പതിന് രാത്രി ചാലക്കുടി തഹസിൽദാർ ഇ.എൻ. രാജു ഇവരുടെ വീടുകളിലെത്തി പട്ടയരേഖ നൽകുകയായിരുന്നു. ഇത് സംബന്ധിച്ച് കോടതിയിൽ കേസ് നിലനിൽക്കുന്നതിൽ കോടതിയലക്ഷ്യം ഉണ്ടാകാതിരിക്കാനാണ് രാത്രിതന്നെ പട്ടയരേഖ നൽകിയതെന്നാണ് വിശദീകരണം.
ഈമാസം അഞ്ചിന് പട്ടയം ചാലക്കുടി താലുക്ക് ഓഫിസിൽ എത്തിയിരുന്നു. വിതരണം ചെയ്യാൻ പരിപാടി സംഘടിപ്പിക്കാൻ സനീഷ് കുമാർ ജോസഫ് എം.എൽ.എയുടെ നിർദേശപ്രകാരം പിടിച്ചു വെച്ചിരിക്കുകയായിരുന്നു എന്നാണ് ആരോപണം. ദിവസം വൈകിയതോടെ തഹസിൽദാറും ഡെപ്യൂട്ടി കലക്ടറും കോടതിയലക്ഷ്യം നേരിടേണ്ടി വരുമെന്ന ആശങ്കയിൽ ഒമ്പതിന് രാത്രി അഞ്ച് വീടുകളിലുമെത്തി പട്ടയം നൽകുകയായിരുന്നു.
ഇതറിഞ്ഞ യു.ഡി.എഫിന്റെ വാർഡംഗവും എം.എൽ.എയും പിറ്റേന്ന് വീടുകളിലെത്തി പട്ടയം പരിശോധിക്കാനെന്ന പേരിൽ വാങ്ങുകയും തിരിച്ച് കൊടുക്കുന്നതിന്റെ ഫോട്ടോയെടുത്ത് അത് ‘എം.എൽ.എ പട്ടയം നൽകുന്നു’വെന്ന പേരിൽ വാർഡ് അംഗം വാട്സ് ആപ്പ് ഗ്രൂപ്പുകളിൽ പ്രചരിപ്പിക്കുകയും ചെയ്തുവെന്നാണ് എൽ.ഡി.എഫ് ആരോപിക്കുന്നത്.
2018 ജൂലൈ 24ന് തഹസിൽദാറും നഗരസഭ സെക്രട്ടറിയും ചേർന്ന് പട്ടയത്തിന് വേണ്ടി സംയുക്ത പരിശോധന നടത്തിയിരുന്നു. 2019 മാർച്ച് 15ന് തഹസിൽദാർ പട്ടയം സംബന്ധിച്ച വിജ്ഞാപനം നൽകാൻ കത്ത് നൽകി. തുടർന്ന് എൽ.ഡി.എഫ് ഭരണസമിതിയുടെ കാലത്ത് 2019 സെപ്റ്റംബർ 30ലെ കൗൺസിൽ യോഗം ഇത് പാസാക്കി. അതേവർഷം നവംബർ നാലിന് രേഖകൾ തിരുവനന്തപുരത്തെ മുനിസിപ്പൽ ഡയറക്ടറേറ്റിൽ സമർപ്പിച്ചു. നടപടികൾ വൈകിയപ്പോൾ ഒരാൾ കോടതിയെ സമീപിക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.