മാധ്യമങ്ങളിലെ ജീവനക്കാരുടെ പെൻഷൻ പദ്ധതി വിപുലീകരിക്കും -മുഖ്യമന്ത്രി
text_fieldsതിരുവനന്തപുരം: പത്രപ്രവർത്തക, പത്രപ്രവർത്തകേതര ജീവനക്കാരുടെ നിലവിലെ പെൻഷൻ മാധ്യമ സ്ഥാപനങ്ങളുടെ സഹായത്തോടെ വിപുലീകരിക്കാൻ സർക്കാർ ആലോചിക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇതിനായി പ്രത്യേക പെൻഷൻ ഫണ്ട് രൂപവത്കരിക്കും. പെൻഷൻ ചട്ടം പരിഷ്‌കരിക്കാനുള്ള നടപടികൾ അന്തിമഘട്ടത്തിലാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. കേരള ന്യൂസ് എംപ്ലോയീസ് ഫെഡറേഷന്‍റെ ഇരുപതാം സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ജീവനക്കാരുടെ ക്ഷേമം ഉറപ്പുവരുത്താൻ സർക്കാറിന് മുന്നിൽ വെച്ച ആവശ്യങ്ങൾ അനുഭാവപൂർവം പരിഗണിക്കും. ജനാധിപത്യത്തിന്‍റെ നാലാം തൂണായ മാധ്യമങ്ങളെ ദുർബലപ്പെടുത്താൻ കേന്ദ്രസർക്കാർ ശ്രമിക്കുന്നു. ഭരണകൂടത്തിന്‍റെ പ്രവൃത്തികളെ വിമർശിക്കുന്നവരെയും തങ്ങൾക്ക് കീഴ്പെടാത്തവരെയും അന്വേഷണ ഏജൻസികളെ ഉപയോഗിച്ച് വായടപ്പിക്കുന്നു. ഇതിനെതിരെ മാധ്യമങ്ങൾ ശബ്ദിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ചടങ്ങിൽ ഫെഡറേഷൻ സംസ്ഥാന പ്രസിഡന്‍റ് വി.എസ്. ജോൺസൺ അധ്യക്ഷത വഹിച്ചു. വിരമിച്ച മുതിർന്ന അംഗങ്ങൾക്കും മത്സര വിജയികൾക്കും എം. വിൻസെന്‍റ് എം.എൽ.എ പുരസ്കാരങ്ങൾ സമ്മാനിച്ചു. എ.ഐ.എൻ.ഇ.എഫ് ജനറൽ സെക്രട്ടറി വി. ബാലഗോപാൽ, കേരള പത്രപ്രവർത്തക യൂനിയൻ ജനറൽ സെക്രട്ടറി ആർ. കിരൺ ബാബു, എൻ.പി.യു സംസ്ഥാന പ്രസിഡന്‍റ് കെ.എൻ. ലതാനാഥൻ എന്നിവരും സംസാരിച്ചു. സ്വാഗതസംഘം ചെയർമാൻ വി. ജോയ് എം.എൽ.എ സ്വാഗതവും കെ.എൻ.ഇ.എഫ് ആക്ടിങ് ജനറൽ സെക്രട്ടറി ജയിസൺ മാത്യു നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.