അർത്ഥശൂന്യമായ വിവാദങ്ങളിലല്ല, നാടിന്‍റെ വികസനത്തിനൊപ്പമാണ് ജനം -മുഖ്യമന്ത്രി
text_fieldsതിരുവനന്തപുരം: ജനങ്ങൾക്ക് താൽപ്പര്യം അർത്ഥശൂന്യമായ വിവാദങ്ങളിലല്ല, നാടിന്‍റെ വികസനത്തിലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. രണ്ടാം പിണറായി സർക്കാറിന്‍റെ ആദ്യ മന്ത്രിസഭാ യോഗത്തിനുശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. നാടിന്‍റെ സമാധാനപരാമയ ജീവിതമാണ് ജനങ്ങൾ ആഗ്രഹിക്കുന്നത്. അതിന് ആര് സന്നദ്ധമാകുന്നുവോ അവർക്കൊപ്പമായിരിക്കും ജനങ്ങളെന്നാണ് ഈ തെരഞ്ഞെടുപ്പ് ഓർമിപ്പിച്ചത്.
ജാതി, മത വർഗീയ വിഭാഗീതയകൾ വലിയതോതിൽ കുത്തിപ്പൊക്കി തങ്ങളുടെ ഇംഗിതങ്ങൾ നടപ്പാക്കാൻ ശ്രമിച്ചാൽ അതിനൊപ്പം നിൽക്കാൻ ജനം തായാറാകില്ല. ജനങ്ങളും സർക്കാറും തമ്മിലെ പാരസ്പര്യമാണ് തുടർഭരണത്തിലേക്ക് നയിച്ചത്. ജനങ്ങളുടെ പരിപൂർണ പങ്കാളിത്തത്തോടെയാണ് ഓരോ പ്രതിസന്ധിയെയും കേരളം മറികടന്നത്. അതാണ് അനന്യമായ വികസനകുതിപ്പിന് കാരണം.
മുൻകാല ഇടതുപക്ഷ സർക്കാറുകൾ കൊണ്ടുവന്ന നവീന പദ്ധതികൾ ഭരണമാറ്റത്തോടെ ഇല്ലാതാവുകയാണ് ചെയ്യാറ്. അതിനാണ് ഇപ്പോൾ മാറ്റം വന്നിരിക്കുന്നത്. സമുജ്ജ്വലമായ പുതിയ തുടക്കമാണിത്. കേരളത്തിന് മുന്നോട്ടുള്ള പാതയൊരുക്കാൻ ദീർഘദൃഷ്ടിയുള്ള ഇടപെടലുകാളണ് കഴിഞ്ഞ അഞ്ച് വർഷം സർക്കാർ നടത്തിയത്.
മുൻ ഇടതുപക്ഷ സർക്കാറുകൾ സൃഷ്ടിച്ച അടിത്തറയിൽനിന്നുകൊണ്ട് വികസനങ്ങൾ നടപ്പാക്കാനും പ്രതിസന്ധികളെ മറികടക്കാനുമാണ് ശ്രമിക്കുന്നത്. കാർഷിക, വ്യവസായ മേഖലകളുടെ ഉന്നമനം, പരമ്പരാഗത മേഖലയുടെ സംരക്ഷണം, പശ്ചാത്തല സൗകര്യ വികസനം, ഉന്നത വിദ്യാഭ്യാസ മേഖലയുടെ നവീകരണം തുടങ്ങിയവ പ്രകടന പത്രികയിൽ ഉൾപ്പെട്ടിരുന്നു. പൊതുവിദ്യാഭ്യാസ വികസനവും പൊതുസംവിധാനങ്ങളുടെ നവീകരണവും പ്രേത്യക അജണ്ടയായി തന്നെ ഏറ്റെടുത്തു. ഈ ഇടപെടലുകൾ കേരളത്തിന്‍റെ വികസന രംഗത്ത് വലിയ കുതിപ്പാണ് ഉണ്ടാക്കിയത്. പ്രോഗ്രസ് റിപ്പോർട്ട് രാജ്യത്തിന് ആകെ മാതൃകയായി മാറി.
മുടങ്ങിക്കിടന്ന ഗെയിൽ പൈപ്പ് ലൈൻ, ദേശീയപാത വികസനം, വൈദ്യുത പ്രസരണം എന്നിവ യാഥാർഥ്യമാക്കി. ഓഖിയും നിപയും വിഷമിപ്പിച്ച ദുരന്തങ്ങളായിരുന്നു. അതിനെയും രണ്ട് പ്രളയത്തെയും മറികടക്കാനായി. മഹാമാരിയെ മികച്ചരീതിയിൽ പ്രതിരോധിച്ച് മുന്നോട്ടുപോവുകയാണ്.
ലോക്ഡൗൺ പോലുള്ള പ്രതിരോധ സംവിധാനങ്ങളെ തുടർന്ന് സ്വാഭവികമായും ജനജീവിതം താളംതെറ്റും. അത് മറികടക്കാൻ സാമ്പത്തിക സഹായം ഉൾപ്പെടെയുള്ള പദ്ധതികൾ പ്രഖ്യാപിച്ചു. 20,000 കോടി രൂപയുടെ പാക്കേജ് വഴി ഉൽപ്പാദന മേഖല ശക്തിപ്പെടുത്തി തൊഴിലില്ലാഴ്മ പരിഹരിക്കാനുള്ള പദ്ധതികൾ രുപം നൽകി.
മതനിരപേക്ഷതയിലും നവോത്ഥാന മൂല്യങ്ങളിലും അടിയുറച്ച പാരമ്പര്യം സംരക്ഷിക്കാൻ സർക്കാർ ശക്തമായി ഇടപെട്ടു. പൗരത്വ ഭേദഗതി നിയമം കേരളത്തിൽ നടപ്പാക്കില്ലെന്ന് പ്രഖ്യാപിച്ചു. രാജ്യത്തിന്‍റെ പല ഭാഗങ്ങളിലും വർഗീയ സംഘർഷങ്ങൾ ആളിപ്പടർന്നപ്പോഴും മതസൗഹാർദത്തിന്‍റെ നാടായി കേരളം മാറി എന്നത് പ്രധാന നേട്ടമാണ്. പ്രകടന പത്രികയിലെ 600ൽ 580 പദ്ധതികളും നടപ്പാക്കിയത് പലവിധ പ്രതിസന്ധികളെ മറികടന്നാണ്. ഈ നേട്ടങ്ങളെ തമസ്കരിക്കാൻ പലവിധ പ്രവർത്തനങ്ങൾ നടന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.