നേതാവിനെക്കാളും വലുത് ജനം; തെറ്റ് ഏറ്റുപറഞ്ഞ് ഇടതുപക്ഷം തിരുത്തണം -ബിനോയ് വിശ്വം
text_fieldsആലപ്പുഴ: ജനങ്ങൾക്ക് മുന്നിൽ തെറ്റ് ഏറ്റുപറഞ്ഞ് ഇടതുപക്ഷം തിരുത്തലുകൾക്ക് തയാറാകണമെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ആലപ്പുഴ വൈ.എം.സി.എയിൽ കെ.ആർ. ഗൗരിയമ്മയുടെ 106ാം ജന്മദിനാഘോഷവും അനുസ്മരണ സമ്മേളനവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ആത്മവിമർശനത്തിന്‍റെ പക്ഷമാണ് ഇടതുപക്ഷം. തെറ്റുകൾ ബോധ്യപ്പെട്ടാൽ തിരുത്തണം. തിരുത്താൻ ശ്രമിക്കുമ്പോൾ ആദ്യം ഏറ്റുപറയേണ്ടത് ജനങ്ങളോടാണ്. അവർക്ക് മുന്നിൽ തെറ്റ് ഏറ്റുപറഞ്ഞ് തിരുത്തുന്നതാണ് യഥാർഥ ഇടതുപക്ഷമൂല്യം. രാഷ്ട്രീയത്തിൽ വിമർശനം അനിവാര്യമാണ്.
വിമർശിക്കുമ്പോൾ മറുഭാഗത്തുള്ളവരെപ്പറ്റിയും ചിന്തിക്കണം. അവരെക്കുറിച്ച് എന്തും എങ്ങനെയും പറയാമെന്നത് കമ്യൂണിസ്റ്റ് വിമർശനത്തിന്‍റെ ശരിയായ മാർഗമല്ല. വിമർശിക്കുമ്പോൾ ഭാഷ മുഖ്യമാണ്. ഭാഷാപ്രയോഗത്തിൽ പാലിക്കേണ്ട കമ്യൂണിസ്റ്റ് സമീപനത്തെപ്പറ്റി ചിന്തിക്കാനാണ് കാലഘട്ടം ആവശ്യപ്പെടുന്നത്.
ജനങ്ങൾ ചില അഭിപ്രായങ്ങൾ പറഞ്ഞിരിക്കുകയാണ്. ആരൊക്കെ എന്തൊക്കെ പറഞ്ഞാലും ഇളക്കമുണ്ടാകില്ലെന്ന് കരുതിയ ചില ബോധ്യങ്ങൾക്ക് ഇളക്കം ഉണ്ടായിരിക്കുന്നു. കമ്യൂണിസ്റ്റുകാരുടെ മൂല്യമെന്നത് നീതിയും സത്യവും ജനപക്ഷചിന്തയും കൈയിൽ കളങ്കമില്ലായ്മയുമാണ്. ഇടതുപക്ഷക്കാർ തോൽവിയിൽ തളർന്നുപോകുന്നവരല്ല. തലമറന്ന് എണ്ണതേച്ച് അഹങ്കാരവും പാടില്ലെന്നും അദ്ദേഹം ഓർമിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.