അഴിയാ കുരുക്കിൽ വലഞ്ഞ് ജനം
text_fieldsജില്ലയിൽ ഇടിമൂഴിക്കൽ മുതൽ അഴിയൂർവരെയാണ് ദേശീയപാത 66 വികസിപ്പിക്കുന്നത്. പാത നന്നാക്കൽ നീളുമ്പോൾ ഇടവപ്പാതിയെത്തിയതോടെ കോഴിക്കോടിനും രാമനാട്ടുകരക്കുമിടയിലും കണ്ണൂർ-കോഴിക്കോട് റൂട്ടിലും വൻ ഗതാഗതക്കുരുക്കാണ്. പണി തീർന്ന് എല്ലാം ശരിയാവുമല്ലോയെന്ന ചിന്തയാണ് വൻ പ്രതിഷേധമുയരാത്തതിന് കാരണമെങ്കിലും നിർമാണത്തിലെ മെല്ലപ്പോക്കിൽ നാടിന്റെ ക്ഷമകെടുമെന്ന സ്ഥിതിയാണിപ്പോൾ. രാമനാട്ടുകരക്കും വെങ്ങളത്തിനുമിടയിൽമാത്രം 28.4 കിലോമീറ്റർ നീളത്തിലുള്ള ആറു വരിപ്പാതയാക്കൽ 70 ശതമാനത്തിലേറെ തീർന്നതായാണ് കരാറുകാർ പറയുന്നത്. കരാർ കാലാവധിയായ 2024 ഡിസംബറിൽ പണി തീർക്കാനാണ് ശ്രമം. നേരത്തേ 2024 ജനുവരിയിൽ തീർക്കാൻ പദ്ധതിയിട്ട പ്രവൃത്തി വിവിധ കാരണങ്ങളാൽ നീട്ടിക്കൊടുക്കുകയായിരുന്നു. 1853.42 കോടി രൂപ ചെലവിൽ 2021 നവംബറിൽ തുടങ്ങിയ പണിയാണ് നീണ്ടുപോവുന്നത്. ഇതേ സ്ഥിതിയാണ് വെങ്ങളത്തിനും അഴിയൂരിനുമിടയിലും. വികസനം യാഥാർഥ്യമാവുമ്പോഴേക്കും പാതകടന്നുപോകുന്ന വഴിയിരികിൽ ജനജീവിതം കടുത്ത ദുരിതത്തിലേക്ക് നീങ്ങുന്നു. പാത കടന്നുപോവുന്നയിടങ്ങളിൽ മാധ്യമം ലേഖകർ കണ്ട ദുരിതക്കാഴ്ചകൾ ഇന്നുമുതൽ...
രാമനാട്ടുകര-തൊണ്ടയാട് ബൈപാസ് ആറുവരിപ്പാതയുടെ വികസന പ്രവൃത്തി തുടങ്ങിയതുമുതൽ യാത്രക്കാർ അനുഭവിക്കുന്നതാണ് ദേശീയപാതയിലെ ഗതാഗതക്കുരുക്ക്. രാമനാട്ടുകര, അറപ്പുഴ പാലം, പന്തീരാങ്കാവ് ജങ്ഷൻ, പാലാഴി, ഭയങ്കാവ് തുടങ്ങിയ സ്ഥലങ്ങളിലാണ് നിരന്തരമായി ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്നത്. നഗരത്തിന്റെ തിരക്കിൽനിന്ന് രക്ഷപ്പെടാൻ കണ്ണൂർ, വയനാട് ഭാഗങ്ങളിലേക്കുള്ള യാത്രക്കാർ രാമനാട്ടുകര തൊണ്ടയാട് വഴിയാണ് തെരഞ്ഞെടുക്കുന്നത്. ദീർഘദൂര ബസുകളും പലപ്പോഴും ഇതുവഴി തന്നെയാണ് പോവുന്നത്. കുരുക്കിലകപ്പെടാതെ ഈ റൂട്ടിലെ യാത്രക്കാർ രക്ഷപ്പെടാനാവില്ലെന്നത് ഉറപ്പാണ്. കോഴിക്കോട് മെഡിക്കൽ കോളജ് ഉൾപ്പെടെ നഗരത്തിലെ പ്രധാന ആശുപത്രികളിലേക്കുള്ള ആംബുലൻസുകൾ ഗതാഗതക്കുരുക്കിൽപെടുന്നത് പതിവ് കാഴ്ചയാണ്. ഗതാഗതക്കുരുക്ക് രൂക്ഷമായ ഇടങ്ങളെല്ലാം മേൽപാലങ്ങൾ നിർമിക്കുന്ന സ്ഥലങ്ങളാണ്. ഇതിൽ അഴിഞ്ഞിലം മേൽപാലം മാത്രമാണ് കഴിഞ്ഞ ദിവസം ഗതാഗതത്തിന് തുറന്നുകൊടുത്തത്. പക്ഷേ അറപ്പുഴ പാലത്തിലെ കുരുക്ക് പരിഹാര നടപടികൾ അസാധ്യമാക്കുകയാണ്. പാലത്തിന്റെ ഒരുഭാഗത്തെ തൂണുകളുടെ നിർമാണം മാത്രമാണ് പൂർത്തിയായത്. എന്ത് പരിഹാര പ്രക്രിയ ചെയ്താലും പാലം പ്രവൃത്തി പൂർത്തിയാവാതെ ഇവിടെ ഗതാഗതക്കുരുക്ക് അഴിക്കാനാവില്ല.
മതിലുകെട്ടി അടക്കപ്പെട്ട മനുഷ്യർ
ആറുവരിപ്പാത വികസനത്തോടെ പൊടുന്നനെ മതിലുകെട്ടി സഞ്ചാര സ്വാതന്ത്ര്യം നിഷേധിക്കപ്പെട്ട മനുഷ്യരുടെ പരാതികളിലിനിയും പരിഹാരമായിട്ടില്ല. പന്തീരാങ്കാവ് അത്താണിയിലും രാമനാട്ടുകര പാറമ്മലും നാട്ടുകാർ അടിപ്പാതയോ പകരം സംവിധാനമോ ഒരുക്കണമെന്നാവശ്യപ്പെട്ട് സമരത്തിലാണ്. അഴിഞ്ഞിലം, പന്തീരാങ്കാവ്, പാലാഴി തുടങ്ങിയ സ്ഥലങ്ങളിൽ മേൽപാലവും വയൽക്കര, കൂടത്തുംപാറ എന്നിവിടങ്ങളിൽ അടിപ്പാതയും നേരത്തേതന്നെ തീരുമാനിച്ചതാണ്. എന്നാൽ, പാറമ്മലും അത്താണിയിലും പകരം സംവിധാനം ഏർപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് ജനങ്ങൾ ആക്ഷൻ കമ്മിറ്റി രൂപവത്കരിച്ച സമരരംഗത്തുണ്ട്.
സ്കൂൾ, ആശുപത്രി, മാവേലി സ്റ്റോർ, അമ്പലം, പള്ളി, വായനശാല തുടങ്ങി ഒരുനാടിന്റെ മത സാംസ്കാരിക കേന്ദ്രങ്ങളെല്ലാം പാതയുടെ ഇരുവശങ്ങളിലുമായി വിഭജിക്കപ്പെട്ടതാണ് പാറമ്മൽ ഉള്ളവരുടെ പ്രയാസം. ഒരേ ഗ്രാമപഞ്ചായത്തിൽ ഒരേ വാർഡിൽ പെട്ടവർക്കുതന്നെ ഇത്തരം കേന്ദ്രങ്ങളിൽ പോകുന്നതിന് നാലു കിലോമീറ്ററോളം ചുറ്റി സഞ്ചരിക്കണമെന്നതാണ് ഈ പ്രദേശത്തുകാരുടെ ദുര്യോഗം. അഴിഞ്ഞിലത്തോ രാമനാട്ടുകരയിലോ വഴി ചുറ്റിവന്നെങ്കിലേ പാറമ്മൽ പ്രദേശത്തുകാർക്ക് മറുഭാഗത്ത് എത്താനാവൂ.
പന്തീരാങ്കാവ് അത്താണിയിലും നാട്ടുകാർ അനുഭവിക്കുന്നത് സമാന പ്രശ്നമാണ്. റോഡ് പ്രവൃത്തി പൂർത്തിയാവുന്നതോടെ മണക്കടവിലേക്ക് ബസുകളുൾപ്പെടെ വാഹനങ്ങൾ കിലോമീറ്ററുകൾ ചുറ്റിവേണം യാത്ര ചെയ്യാൻ. ഒളവണ്ണ സാമൂഹിക ആരോഗ്യ കേന്ദ്രം, പന്തീരാങ്കാവ് പൊലീസ് സ്റ്റേഷൻ, കൊടൽ ഗവ. യു.പി സ്കൂൾ തുടങ്ങിയ സ്ഥലങ്ങളിലേക്കുള്ള യാത്രക്കാർ വയൽക്കരയിലോ പന്തീരാങ്കാവോ ചുറ്റിസഞ്ചരിച്ച് വേണം ലക്ഷ്യത്തിലെത്താൻ.
ഓവുചാലുകൾ മണ്ണിട്ട് നികത്തി; പകരം സംവിധാനവുമില്ല
കഴിഞ്ഞ ദിവസത്തെ ആദ്യവേനൽ മഴതന്നെ പന്തീരാങ്കാവ് അങ്ങാടിയെ വെള്ളത്തിലാക്കിയിരുന്നു. അങ്ങാടിക്ക് ഇരുവശവുമുള്ള കടകളിലെല്ലാം വെള്ളം കയറി. വലിയ നാശനഷ്ടമാണുണ്ടായത്. നിലവിലുണ്ടായിരുന്ന തോട് മണ്ണിട്ട് തൂർത്ത് റോഡ് വികസിപ്പിച്ചതോടെ മാമ്പുഴയിലേക്ക് ഒഴുകിയിരുന്ന വെള്ളം ഒഴിഞ്ഞുപോകാതെയാണ് വെള്ളക്കെട്ട് രൂപപ്പെട്ടത്. പലയിടങ്ങളിലും ഡ്രെയിനേജുകൾ നിർമിച്ചിട്ടുണ്ടെങ്കിലും അത് അശാസ്ത്രീയമാണ്. കഴിഞ്ഞദിവസം വ്യാപാരികൾ മുൻകൈയെടുത്ത് തുറന്നാണ് വെള്ളക്കെട്ട് ഒഴിവാക്കിയത്. മലകളിൽ കുത്തിയൊലിച്ചുവരുന്ന വെള്ളം റോഡിന്റെ ഡ്രെയിനേജുകളിലേക്ക് എത്തുന്നില്ല. ഇതോടെ സർവിസ് റോഡിന് ഇരുപുറവുമുള്ള താഴ്ന്ന സ്ഥലങ്ങളിലുള്ളവർ മഴ വെള്ളത്തിന്റെ ദുരിതമനുഭവിക്കുകയാണ്.
വിള്ളലുകൾ, കുഴികൾ; ആശങ്ക തീരുന്നില്ല
കഴിഞ്ഞ ദിവസമാണ് പന്തീരാങ്കാവ് കൊടൽ നടക്കാവിൽ സർവിസ് റോഡിന്റെ അരികുഭിത്തി തകർന്ന് വീടുകൾക്ക് നാശം സംഭവിച്ചത്. ഭാഗ്യം കൊണ്ടാണ് ആളപായമില്ലാതിരുന്നത്. സർവിസ് റോഡും പ്രധാന റോഡും ഉയർത്തിപ്പണിത സ്ഥലങ്ങളിലാണ് വീട്ടുകാർക്ക് ആശങ്ക. മാസങ്ങൾക്കുമുമ്പ് റോഡ് പ്രവൃത്തി തുടങ്ങുമ്പോൾതന്നെ നിർമാണത്തിലെ ഗുണമേന്മയില്ലായ്മ നാട്ടുകാർ അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. ഒന്നരമീറ്റർ റോഡ് ഉയർത്താനുള്ള കോൺക്രീറ്റാണ് ആദ്യം ചെയ്തതെന്ന് നാട്ടുകാർ പറയുന്നു, പിന്നീട് ആറുമീറ്ററോളം ഉയർത്തിയെങ്കിലും അടിത്തറയിലെ ഉറപ്പില്ലായ്മക്ക് പരിഹാരം ചെയ്തിരുന്നില്ല. സർവിസ് റോഡുകളിലൂടെ വാഹനങ്ങൾ ഓടാൻ തുടങ്ങിയത് ഈയടുത്താണ്. വേനൽമഴ പെയ്തതോടെതന്നെ റോഡുകൾ താഴ്ന്നുതുടങ്ങിയിട്ടുണ്ട്, പലയിടത്തും വലിയ കുഴികളും രൂപപ്പെട്ടു. കൊടൽ നടക്കാവിലെ തകർച്ച പ്രധാന റോഡിലും ഭീഷണിയാണ്.
വഴികളടഞ്ഞു; വീട്ടിലേക്കിറങ്ങാൻ
സർവിസ് റോഡുകളുടെ നിർമാണത്തോടെ പല വീടുകളിലേക്കുമുള്ള വഴികളാണ് അടഞ്ഞത്. റോഡുകൾ കൂടുതൽ ഉയരം കൂട്ടുകയോ താഴ്ത്തുകയോ ചെയ്ത സ്ഥലങ്ങളിൽ റോഡിലേക്ക് കയറാൻ വഴിയില്ലാതായിട്ടുണ്ട്. മൂന്നോ നാലോ സെന്റ് സ്ഥലത്ത് വീട് നിർമിച്ചവർക്കാണ് വഴി കൂടുതൽ പ്രയാസം സൃഷ്ടിക്കുന്നത്. പലയിടത്തും റോഡുമായി പുരയിടങ്ങളെ എങ്ങനെ ബന്ധിപ്പിക്കുമെന്ന ആശങ്കയിലാണ് വീട്ടുകാർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.