ഗവർണർക്കൊപ്പം കേരളത്തിലെ ജനങ്ങളുണ്ട്, മുഖ്യമന്ത്രിയുടേത് നീചമായ സമീപനം -കെ. സുരേന്ദ്രൻ
text_fieldsതിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഉന്നയിച്ച വിഷയങ്ങളോട് മറുപടി പറയുന്നതിന് പകരം അദ്ദേഹത്തിനെ അധിക്ഷേപിക്കുകയാണ് മുഖ്യമന്ത്രിയെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. ഗവർണറല്ല മുഖ്യമന്ത്രിയാണ് അതിരുവിടുന്നത്. കണ്ണൂർ യൂണിവേഴ്സിറ്റിയിൽ ഗവർണർക്കെതിരെ നടന്ന അതിക്രമത്തിന്റെ അന്വേഷണം എവിടെയെത്തിയെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം. ഗവർണർക്കെതിരെ നടന്ന ഗൂഢാലോചന സർക്കാർ അന്വേഷിച്ചില്ല. ഗവർണർ അക്രമിക്കപ്പെടട്ടേ എന്നാണ് മുഖ്യമന്ത്രി കരുതിയതെന്ന് സംശയിക്കേണ്ടി വരും. ഗവർണറോട് നീചമായ സമീപനമാണ് മുഖ്യമന്ത്രി കൈക്കൊള്ളുന്നതെന്നും കെ. സുരേന്ദ്രൻ പറഞ്ഞു.
മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുടെ ഭാര്യയെ അനധികൃതമായാണ് കണ്ണൂർ സർവ്വകലാശാലയിൽ നിയമിക്കാൻ സർക്കാർ ശ്രമിച്ചത്. മാർക്ക് കുറഞ്ഞയാൾക്ക് മാർക്ക് കൂട്ടി നൽകിയാണ് സർവ്വകലാശാല അധികൃതർ ചട്ടലംഘനം നടത്തിയത്. മാനദണ്ഡങ്ങൾ എല്ലാം കാറ്റിൽ പറത്തിയുള്ള അനധികൃത നിയമനം ഗവർണർ ചോദ്യം ചെയ്തതാണ് മുഖ്യമന്ത്രിക്ക് ഹാലിളകാൻ കാരണം.
യോഗ്യതയില്ലാത്തയാളെ നിയമിക്കാൻ ശ്രമിച്ചത് യൂണിവേഴ്സിറ്റി അധികൃതരും സർക്കാരുമാണ്. എല്ലാം മുഖ്യമന്ത്രിയുടെ അറിവോടെയാണെന്ന് വ്യക്തമാണ്. ഗവർണറെ ഭീഷണിപ്പെടുത്തി നാവടപ്പിക്കാൻ ശ്രമിച്ചാൽ അത് നടക്കില്ല. ഗവർണർക്കൊപ്പം കേരളത്തിലെ ജനങ്ങളുണ്ടെന്നും കെ. സുരേന്ദ്രൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.