കേരള ജനതക്ക് അഭിമാനകരമാകുന്ന ഭരണം കാഴ്ചവെക്കും; ഗതാഗത വകുപ്പിനെ മുൾകിരീടമായി കാണുന്നില്ലെന്ന് കെ.ബി. ഗണേഷ് കുമാർ
text_fieldsതിരുവനന്തപുരം: കേരളത്തിലെ ജനങ്ങൾക്കും എൽ.ഡി.എഫിനും അഭിമാനകരമാകുന്ന തരത്തിൽ ഭരണം നടത്താനാണ് ആഗ്രഹിക്കുന്നതെന്ന് നിയുക്ത മന്ത്രി കെ.ബി. ഗണേഷ് കുമാർ. ഗതാഗത വകുപ്പിനെ മുൾകിരീടമായി കാണുന്നില്ല. താൻ ജീവിതത്തിൽ ഒരുപാട് പ്രതിസന്ധിയെ നേരിട്ടയാളാണ്. പുതിയ പ്രതിസന്ധിയെയും നേരിടുമെന്നും അതിനുള്ള കരുത്തുണ്ടെന്ന ആത്മവിശ്വാസം തനിക്കുണ്ടെന്നും ഗണേഷ് കുമാർ വ്യക്തമാക്കി.
കെ.എസ്.ആർ.ടി.സിക്ക് സർക്കാർ ഖജനാവിൽ നിന്നാണ് ശമ്പളവും പെൻഷനും നൽകുന്നത്. കെ.എസ്.ആർ.ടി.സിയിലെ പ്രശ്നങ്ങൾ പരിഹരിക്കപ്പെടും. താൻ മന്ത്രിയാകുന്നതോടെ ഒറ്റ ദിവസം കൊണ്ട് മുഴുവൻ പ്രശ്നങ്ങൾ പരിഹരിക്കപ്പെടുമെന്ന ധാരണ വേണ്ട. കെ.എസ്.ആർ.ടി.സയുടെ നന്മക്ക് വേണ്ടി മാത്രമേ താനും സർക്കാറും നിൽക്കുകയുള്ളൂവെന്ന് തൊഴിലാളികളോട് പറയാൻ ആഗ്രഹിക്കുകയാണ്.
യൂണിയനുകൾ അടക്കം വഴിതെറ്റിക്കുന്ന ഒരു മാർഗത്തിനുമൊപ്പം തൊഴിലാളികൾ നിൽക്കരുത്. 2001ൽ കട്ടിൽ, ശുചിമുറി അടക്കം തൊഴിലാളികളുടെ ക്ഷേമത്തിന് താൻ മുൻതൂക്കം നൽകിയിരുന്നു. മറ്റൊരു തൊഴിൽ തേടി പോകാൻ സാധിക്കാത്ത പ്രായം കഴിഞ്ഞവരാണ് കെ.എസ്.ആർ.ടി.സിയിൽ ഉള്ളത്. ഇക്കാര്യം തൊഴിലാളി നേതാക്കളും സംഘടനകളും മനസിലാക്കണമെന്നും ഗണേഷ് കുമാർ വ്യക്തമാക്കി.
2001ൽ മുതൽ നിരവധി വിവാദങ്ങൾ തനിക്ക് മേൽ ഉയർന്നിരുന്നു. താൻ കുറ്റക്കാരനല്ലെന്ന് കാലം തെളിയിച്ചതാണ്. അതിനാൽ വിവാദങ്ങളിലേക്ക് തന്നെ വീണ്ടും വലിച്ചിഴക്കരുത്. യു.ഡി.എഫ് സർക്കാരിൽ മന്ത്രിയായിരുന്നപ്പോൾ താൻ പറഞ്ഞ കാര്യങ്ങൾ ശരിയാണെന്ന് പാലാരിവട്ടം പാലം അടക്കമുള്ള വിഷയങ്ങളിൽ പിന്നീട് തെളിഞ്ഞതാണ്. നല്ല വേഷങ്ങൾ വന്നാൽ മാത്രമേ ഇനി അഭിനയത്തിലേക്കുള്ളൂവെന്നും ഗണേഷ് കുമാർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.