കിരാതമായ പൊലീസ് നടപടിയിൽ പ്രതിഷേധിച്ച് ജനകീയ പ്രതിരോധ സമിതി പ്രതിഷേധം നടത്തി
text_fieldsകൊച്ചി: ഡൽഹിയിൽ സമരം ചെയ്യുന്ന കായിക താരങ്ങൾക്കും ജനനേതാക്കൾക്കുമെതിരെയുള്ള കിരാതമായ പൊലീസ് നടപടിയിൽ പ്രതിഷേധിച്ച് ജനകീയ പ്രതിരോധ സമിതി പ്രതിഷേധ സംഗമം സംഘടിപ്പിച്ചു. എറണാകുളം ഹൈക്കോടതി ജംഗ്ഷനിൽ നടന്ന സംഗമം പ്രമുഖ സാമൂഹ്യപ്രവർത്തകൻ സി.ആർ നീലകണ്ഠൻ ഉദ്ഘാടനം ചെയ്തു.
ലോകത്തിനു മുമ്പിൽ രാജ്യത്തിന്റെ യശസ് ഉയർത്തിയ കായികതാരങ്ങൾ നീതിക്ക് വേണ്ടി നടത്തുന്ന പോരാട്ടം കണ്ടില്ലെന്ന് നടിക്കുന്നുവെന്നു മാത്രമല്ല അടിച്ചമർത്താനുള്ള നീക്കം നികൃഷ്ടമാണെന്ന് അദ്ദേഹം പറഞ്ഞു. ബ്രജ് ഭൂഷൺ ശരൺ സിംഗിനെതിരെ പോസ്കോ ചുമത്തി തുറങ്കിലടക്കേണ്ടതിനു പകരം സമരത്തെ പിന്തുണക്കുന്നവരെ പിടിച്ച് അകത്തിടുന്നതിനെ എന്തു പറഞ്ഞാണ് ലോകത്തിനു മുന്നിൽ മോദിയും കൂട്ടരും ന്യായീകരിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു.
നീതി നിഷേധിക്കപ്പെട്ട കായിക താരങ്ങളായ പെൺകുട്ടികളെ അതുകൊണ്ട് പിന്തുണച്ചുകൊണ്ട് ഇന്ന് പാർലമെൻററിനുമുന്നിൽ സംഘടിപ്പിക്കാൻ തീരുമാനിച്ച മഹാപഞ്ചായത്തിനെ തകർക്കാൻ മോദി സർക്കാർ നടത്തുന്ന ശ്രമത്തിന് ശക്തമായ തിരിച്ചടി രാജ്യത്തെ ജനങ്ങൾ നൽകുമെന്ന് മുഖ്യ പ്രസംഗം നടത്തിയ ജനകീയ പ്രതിരോധ സമിതിയുടെ സംസ്ഥാന സെക്രട്ടറി ടി.കെ. സുധീർകുമാർ പറഞ്ഞു.
കർഷക സമരത്തിലൂടെ ഉയർന്ന ബഹുജന സമര ശക്തി വീണ്ടും പോരാട്ട സജ്ജമാകുകയാണെന്ന് അദ്ദേഹം പറഞ്ഞു. ഫ്രാൻസിസ് കളത്തുങ്കൽ അധ്യക്ഷത വഹിച്ചു. ജ്യോതി നാരായണൻ, ഹാഷിം ചേന്ദാമ്പിള്ളി, കെ. രജികുമാർ , കെ.എസ്. ഹരികുമാർ, വി.പി. വിൽസൺ, പി.എം ദിനേശൻ , ജോർജ് ജോസഫ് , പോൾ ടി. സാമുവൽ, എന്നിവർ സംസാരിച്ചു. കെ.പി സാൽവിൻ സ്വാഗതവും ആനന്ദ് ജോർജ് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.