സ്കൂള്‍ കലോത്സവ നടത്തിപ്പും കാഴ്ചയും ഇക്കുറി ഹൈടെക്കാകും
text_fieldsകൊല്ലം: സംസ്ഥാന സ്കൂള്‍ കലോത്സവ നടത്തിപ്പും കാഴ്ചയും ഹൈടെക് ആക്കുന്നതിന് കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ആൻഡ് ടെക്നോളജി ഫോര്‍ എജുക്കേഷന്‍ (കൈറ്റ്) സംവിധാനം ഒരുക്കി. ‘ഉത്സവം’ മൊബൈല്‍ ആപ് ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ പ്രകാശനം ചെയ്തു.
പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി, എം. നൗഷാദ് എം.എല്‍.എ, പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ എസ്. ഷാനവാസ്, കൈറ്റ് സി.ഇ.ഒ കെ. അന്‍വര്‍ സാദത്ത് എന്നിവര്‍ പങ്കെടുത്തു.
www.ulsavam.kite.kerala.gov.in പോര്‍ട്ടല്‍ വഴി രജിസ്ട്രേഷന് മുതല്‍ ഫലപ്രഖ്യാപനവും സര്‍ട്ടിഫിക്കറ്റ് പ്രിന്റിങ്ങും വരെ മുഴുവന്‍ പ്രക്രിയകളും ഓണ്‍ലൈന്‍ രൂപത്തിലാക്കി. മത്സരാർഥികളെ ക്ലസ്റ്ററുകളാക്കി തിരിക്കുക, അവരുടെ പാര്‍ട്ടിസിപ്പന്റ് കാര്‍ഡ് ലഭ്യമാക്കുക, ടീം മാനേജര്‍മാര്‍ക്കുള്ള റിപ്പോര്‍ട്ടുകള്‍, സ്റ്റേജുകളിലെ ഇനങ്ങള്‍, ഓരോ ഇനവും യഥാസമയം നടത്താനുള്ള ടൈം ഷീറ്റ്, കാൾ ഷീറ്റ്, സ്കോര്‍ഷീറ്റ്, ടാബുലേഷന്‍ തുടങ്ങിയവ തയാറാക്കല്‍, അപ്പീല്‍ നടപടിക്രമങ്ങള്‍ തുടങ്ങിയവ പോര്‍ട്ടല്‍ വഴിയായിരിക്കും.
‘ഉത്സവം’ മൊബൈല്‍ ആപ്
ഗൂഗ്ള്‍ പ്ലേ സ്റ്റോറില്‍നിന്ന് ‘KITE Ulsavam’ എന്ന് നല്കി ആപ് ഡൗണ്‍ലോഡ് ചെയ്യാം. മത്സര ഫലങ്ങള്‍ക്കുപുറമെ, 24 വേദികളിലും പ്രധാന ഓഫിസുകളിലും എത്താന്‍ കഴിയുന്ന തരത്തില്‍ ഡിജിറ്റല്‍ മാപ്പുകളും അറിയാനുള്ള സംവിധാനവും പോര്‍ട്ടലിലുണ്ട്.
കലോത്സവത്തിലെ വിവിധ രചന മത്സരങ്ങള്‍ ഫലപ്രഖ്യാപനത്തിനുശേഷം സ്കൂള്‍ വിക്കിയില്‍ (www.schoolwiki.in) അപ്ലോഡ് ചെയ്യാൻ സൗകര്യവും ഒരുക്കിയിട്ടുണ്ട്. വിവിധ വേദികളില്‍ നടക്കുന്ന ഇനങ്ങള്‍ കൈറ്റ് വിക്ടേഴ്സില്‍ തത്സമയം നല്‍കും. വേദികളിൽ വിവിധ ലിറ്റിൽ കൈറ്റ്സ് യൂനിറ്റുകളുടെ മേല്‍നോട്ടത്തില്‍ ഡിജിറ്റല്‍ ഡോക്യുമെന്റേഷന് സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
കലോത്സവ വേദികളിൽ ഡ്രോൺ നിരോധിച്ചു
കൊല്ലം: സംസ്ഥാന സ്കൂൾ കലോത്സവ വേദികളിൽ ഡ്രോൺ പറത്തുന്നത് അനുവദിക്കില്ലെന്ന് മന്ത്രി വി. ശിവൻകുട്ടി. കൃത്യസമയത്തുതന്നെ ആരംഭിക്കുകയും അവസാനിക്കുകയും ചെയ്യുന്ന സ്വഭാവത്തിലാണ് മത്സരങ്ങൾ സംവിധാനം ചെയ്തിരിക്കുന്നത്. മൂന്ന് മുന്നറിയിപ്പ് ലഭിച്ചിട്ടും വേദിയിൽ ഹാജരാകാതിരുന്നാൽ മത്സരാർഥികളെ അയോഗ്യരാക്കും.
ആദ്യ നമ്പറുകാരായി മത്സരിക്കാൻ പലരും മടികാട്ടുകയും മാറിനിൽക്കുകയും ചെയ്യുന്ന സാഹചര്യം ഉണ്ടാകാറുണ്ട്. അതു മത്സര ഷെഡ്യൂളിനെ ബാധിക്കുന്നതിനാലാണ് നമ്പർ വിളിക്കുമ്പോൾതന്നെ വേദിയിൽ എത്തണമെന്ന് കർശന നിർദേശം നൽകിയത്. ഇതുവരെ പതിനായിരത്തോളം മത്സരാർഥികൾ പേര് രജിസ്റ്റർ ചെയ്തെന്നും അദ്ദേഹം പറഞ്ഞു.
വേദികളുടെ നിർമാണം തിങ്കളാഴ്ച പൂർത്തീകരിച്ച് സംഘാടക സമിതിക്ക് കൈമാറും. 60,000 ചതുരശ്ര അടി വിസ്തീർണമുള്ള പന്തലാണ് പ്രധാനവേദിയായ ആശ്രാമം മൈതാനത്ത് ഒരുങ്ങുന്നത്. 12,000 പേർക്ക് ഇരിക്കാവുന്നതാണ് പന്തൽ. പ്രോഗ്രാം കമ്മിറ്റി ഓഫിസ് ഗവ. ഹയർസെക്കൻഡറി സ്കൂളിൽ മന്ത്രി വി. ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു. എം.എൽ.എമാരായ എം. മുകേഷ്, എം. നൗഷാദ്, പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ എസ്. ഷാനവാസ് എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.