സെമിത്തേരി നിർമിക്കാൻ കലക്ടറുടെ അനുമതി വേണം
text_fieldsകൊച്ചി: സ്വകാര്യ ഭൂമിയിൽ ജില്ല കലക്ടറുടെ അനുമതിയില്ലാതെ സെമിത്തേരി നിർമിക്കാനാകില്ലെന്ന് ഹൈകോടതി. കുടുംബാംഗങ്ങളുടെ സംസ്കാരത്തിന് തന്റെ പുരയിടത്തിൽ പഞ്ചായത്തിന്റെയും കലക്ടറുടെയും അനുമതിയില്ലാതെ സെമിത്തേരി നിർമിക്കാനുള്ള തൃശൂർ മുരിയാട് സ്വദേശി മാത്യുവിന്റെ നീക്കമാണ് ജസ്റ്റിസ് ഷാജി പി. ചാലി തടഞ്ഞത്.
കലക്ടറുടെ അനുമതിയില്ലാതെ സെമിത്തേരി നിർമിക്കാനുള്ള നീക്കത്തിനെതിരെ പഞ്ചായത്ത് നൽകിയ നോട്ടീസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഹരജി. ഭരണഘടന ഉറപ്പുനൽകുന്ന ജീവിക്കാനുള്ള അവകാശ പ്രകാരം സ്വന്തം പുരയിടത്തിൽ സെമിത്തേരി നിർമിക്കാൻ അവകാശമുണ്ടെന്നായിരുന്നു ഹരജിക്കാരന്റെ വാദം. എന്നാൽ, ഇത്തരമൊരു അവകാശം സമ്പൂർണമല്ലെന്നും അതിൽ യുക്തിപരമായ നിയന്ത്രണം ഏർപ്പെടുത്താൻ ഭരണകൂടത്തിന് കഴിയുമെന്നും കോടതി വിലയിരുത്തി.
കേരള പഞ്ചായത്ത് രാജ് ആക്ട്, കേരള പഞ്ചായത്ത് രാജ് ബറിയൽ ആൻഡ് ബർണിങ് ഗ്രൗണ്ട്സ് റൂൾ എന്നിവ പ്രകാരം സ്വകാര്യ സെമിത്തേരി നിർമിക്കുന്നതിന് തടസ്സമില്ല. എന്നാൽ, അനുമതി വേണം. അനുമതി ഇല്ലാതെയാണ് ഹരജിക്കാരൻ നിർമാണം നടത്തിയത്. സൈന്യത്തിൽനിന്ന് വിരമിച്ച ഇദ്ദേഹം മുരിയാട് വില്ലേജിലെ 27 സെന്റിലാണ് വീടും സെമിത്തേരിയും നിർമിച്ചത്. നിർമാണത്തിനെതിരെ നാട്ടുകാർ കലക്ടർക്ക് പരാതി നൽകിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.