മകളെ പീഡിപ്പിച്ചയാൾക്ക് 98 വർഷം കഠിനതടവും അഞ്ചു ലക്ഷം പിഴയും
text_fieldsപത്തനംതിട്ട: 11കാരിയായ മകളെ അശ്ലീല വിഡിയോകൾ മൊബൈലിൽ കാണിക്കുകയും ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്ത കേസിൽ മാന്നാർ സ്വദേശിയായ 50കാരനായ പിതാവിന് 98 വർഷം കഠിനതടവും 5.25 ലക്ഷം രൂപ പിഴയും ശിക്ഷ. പിഴത്തുക കുട്ടിക്ക് നൽകണം.
പിഴ ഒടുക്കാതിരുന്നാൽ അഞ്ചു വർഷം അധിക കഠിനതടവ് അനുഭവിക്കണം. ഒരുമിച്ച് 25 വർഷം കഠിനതടവ് അനുഭവിച്ചാൽ മതി. പത്തനംതിട്ട പോക്സോ അതിവേഗ കോടതി ജഡ്ജി ഡോണി തോമസ് വർഗീസാണ് വിധി പുറപ്പെടുവിച്ചത്.
2019 മുതൽ 2022 വരെ വിവിധ സമയങ്ങളിൽ സ്വന്തംവീട്ടിൽ വെച്ചാണ് ഉപദ്രവിച്ചത്. ജോലിക്കാരിയായ മാതാവും മറ്റാരും ഇല്ലാത്ത സമയങ്ങളിലായിരുന്നു അതിക്രമം. ആരോടെങ്കിലും പറഞ്ഞാൽ തന്നോടൊപ്പം കേസിൽപെട്ട് ജയിലിലാകുമെന്ന് പറഞ്ഞ് കുട്ടിയെ ഭയപ്പെടുത്തി. അതിക്രമം നേരിട്ടുകണ്ട അയൽവാസിയായ വീട്ടമ്മ, സംഭവം മാതാവിനോട് പറയുകയും തുടർന്ന് വിവരം റാന്നി പൊലീസിൽ അറിയിക്കുകയുമായിരുന്നു.
മുമ്പ് വിവാഹിതനാണെന്ന വിവരം മറച്ചുവെച്ച് പെൺകുട്ടിയുടെ മാതാവിനെ ഇയാൾ വിവാഹം കഴിക്കുകയായിരുന്നു. ആദ്യ വിവാഹത്തിൽ പ്രതിക്ക് മൂന്ന് കുട്ടികളുണ്ട്. രണ്ടാം വിവാഹത്തിലെ രണ്ട് കുട്ടികളിൽ മൂത്തയാളാണ് പീഡനത്തിനിരയായത്. കേസ് രജിസ്റ്റർ ചെയ്ത സമയത്ത് പെൺകുട്ടി വിവരങ്ങൾ കൈമാറാൻ മടിച്ചു.
കൗൺസലിങ്ങിലൂടെയും മെഡിക്കൽ പരിശോധനയിലൂടെയുമാണ് ക്രൂരമായ ലൈംഗിക പീഡനം വ്യക്തമായത്. പിതാവിന്‍റെ പീഡനത്തിൽ മനംനൊന്ത് പെൺകുട്ടി ആത്മഹത്യശ്രമവും നടത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.