നടിയെ ആക്രമിച്ച കേസിൽ വിചാരണ നിർത്തിവെക്കണമെന്ന ഹരജി ഇന്ന് പരിഗണിക്കും
text_fieldsതിരുവനന്തപുരം: നടിയെ ആക്രമിച്ച കേസിൽ വിചാരണ നിർത്തിവെക്കണമെന്ന് ആവശ്യപ്പെട്ട് പൊലീസ് സമർപ്പിച്ച ഹരജി വിചാരണ കോടതി ഇന്ന് പരിഗണിക്കും. സംവിധായകൻ ബാലചന്ദ്രകുമാർ നടത്തിയ വെളിപ്പെടുത്തലിന്‍റെ അടിസ്ഥാനത്തിൽ നടൻ ദിലീപ് അടക്കമുള്ളവർക്കെതിരെ തുടരന്വേഷണം നടക്കുന്ന സാഹചര്യത്തിലാണ് പൊലീസ് കോടതിയെ സമീപിച്ചത്. കേസിൽ ഫൈനൽ റിപ്പോർട്ട് സമർപ്പിക്കുന്നത് വരെ വിചാരണ നടപടികൾ നിർത്തണമെന്നും അപേക്ഷയിൽ വ്യക്തമാക്കിയിട്ടുണ്ട്.
വിചാരണക്കോടതിക്കെതിരെ പ്രോസിക്യൂഷൻ നൽകിയ ഹരജി ഇന്നലെ ഹൈകോടതി ഫയലിൽ സ്വീകരിച്ചിരുന്നു. സാക്ഷികളുടെ മൊഴികൾ രേഖപ്പെടുത്തുന്നില്ല, കൂടുതൽ സാക്ഷികളെ വിസ്തരിക്കാൻ അനുവദിക്കുന്നില്ല, ഫോൺ രേഖകൾ തെളിവായി സ്വീകരിക്കണമെന്ന അപേക്ഷ അംഗീകരിക്കുന്നില്ല എന്നിവയായിരുന്നു പ്രോസിക്യൂഷന്‍റെ പരാതി. പരാതി ഫയലിൽ സ്വീകരിച്ച് ദിലീപ് അടക്കമുള്ള എതിർകക്ഷികൾക്ക് നോട്ടീസയക്കാനും ഹൈകോടതി നിർദേശിച്ചിരുന്നു.
ഇതിനിടെ, വിചാരണക്കോടതിയിൽ നടന്ന അസുഖകരമായ സംഭവങ്ങളുടെ പേരിൽ പബ്ലിക് പ്രോസിക്യൂട്ടർ ഇന്നലെ രാജിവെച്ചു. രണ്ടാമത്തെ പ്രോസിക്യൂട്ടറാണ് കേസിൽ രാജി സമർപ്പിക്കുന്നത്. വിചാരണക്കോടതി ജഡ്ജിയെ മാറ്റണമെന്ന് ആവശ്യപ്പെട്ട് നേരത്തേ പ്രോസിക്യൂഷനും സംസ്ഥാനസർക്കാറും സുപ്രീംകോടതിയെ സമീപിച്ചിരുന്നു. ഈ അപേക്ഷ സുപ്രീംകോടതി തള്ളിയിരുന്നു. ഇതിന് പിന്നാലെയാണ് നേരത്തേ പ്രോസിക്യൂട്ടർ രാജിവെച്ചത്.
നടൻ ദിലീപിനെതിരെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളാണ് മുൻസുഹൃത്തും സംവിധായകനുമായ ബാലചന്ദ്രകുമാർ നടത്തിയിരിക്കുന്നത്. പൾസർ സുനിയമായി വളരെ അടുത്ത ബന്ധമാണ് ദിലീപിനുള്ളതെന്നും ഇക്കാര്യം പുറത്തുപറയരുതെന്ന് ആവശ്യപ്പെട്ട് ദിലീപും കാവ്യയും കുടുബാംഗങ്ങളും തനിക്ക് മേൽ നിരന്തരം സമ്മർദ്ദം ചെലുത്തിയെന്നുമാണ് സംവിധായകൻ പറഞ്ഞത്. മാത്രമല്ല, നടി ആക്രമിക്കപ്പെട്ട ദൃശ്യങ്ങൾ വളരെ നേരത്തേ തന്നെ ദിലീപിന് ലഭിച്ചുവെന്നും ദിലീപ് അത് കണ്ടതിന് താൻ സാക്ഷിയാണെന്നും തന്‍റെ ജീവൻ അപകടത്തിലാണെന്നും ബാലചന്ദ്രകുമാർ വെളിപ്പെടുത്തിയിരുന്നു.
ഈ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തിലാണ് പൊലീസ് വിചാരണ നീട്ടിവെക്കണമെന്ന് ആവശ്യപ്പെട്ടത്. പ്രോസിക്യൂഷനും ഇതേ ആവശ്യമാണ് വിചാരണക്കോടതിയിൽ ഉന്നയിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.