ദുരിതാശ്വാസ നിധി വീതിച്ചു നൽകാനുള്ളതല്ല, ലോകായുക്ത മുട്ടിലിഴയുന്നു; വിധിക്കെതിരെ പോരാടുമെന്ന് ഹരജിക്കാരൻ
text_fieldsതിരുവനന്തപുരം: ദുരിതാശ്വാസ നിധി ദുർവിനിയോഗം ചെയ്തെന്ന് ഹരജി തള്ളിയ ലോകായുക്തയുടെ വിധിയിൽ അദ്ഭുതപ്പെടുന്നില്ലെന്നും മൂന്ന് ലോകായുക്തമാരും സ്വാധീനിക്കപ്പെട്ടുവെന്നും പരാതിക്കാരനായ ആർ.എസ് ശശികുമാർ.
രാമചന്ദ്രൻനായരുടെ പുസ്തകപ്രകാശനത്തിന് പോയ ന്യായാധിപൻമാരും മുഖ്യമന്ത്രിയുടെ ഇഫ്താർ പാർട്ടിക്ക് തലയിൽ മുണ്ടിട്ടു പോയ ന്യായാധിപൻമാരുമാണ് വിധി പുറപ്പെടുവിച്ചത്. ഇവരിൽ നിന്ന് അനുകൂല വിധി പ്രതീക്ഷിക്കുന്നില്ലെന്നും ശശികുമാർ പറഞ്ഞു. ചെയ്ത സേവനത്തിന് ഭാവിയിൽ അവർക്ക് പ്രതിഫലം ലഭിക്കും. ദുരിതാശ്വാസ നിധിയിൽ അഴിമതി നടന്നുവെന്നത് നൂറുശതമാനം അന്വേഷിക്കപ്പെടേണ്ടതാണ്. പാവപ്പെട്ട കുട്ടികൾ കാശുകുടുക്കയിൽ നിന്ന് നൽകിയ പണമാണ് പാർട്ടിയുടെ സ്വന്തക്കാർക്ക് വീതിച്ചുനൽകിയത്.
വിധിക്കെതിരെ ഹൈകോടതി ഡിവിഷണൽ ബെഞ്ചിന് അപ്പീൽ നൽകും. അവിടെ നിന്ന് നീതി ലഭിച്ചില്ലെങ്കിൽ സുപ്രീം കോടതിയെ വരെ സമീപിക്കുമെന്നും ശശികുമാർ വ്യക്തമാക്കി. ലോകായുക്ത മുട്ടിലിഴയുന്ന കാഴ്ചയാണെന്നും അത് വേണ്ടെന്ന് വെക്കുകയാണ് നല്ലതെന്നും അദ്ദേഹം പറഞ്ഞു. ദുരിതാശ്വാസ നിധി ദുർവിനിയോഗം ചെയ്തതായി ആരോപിച്ച് മുഖ്യമന്ത്രിയെയും 18 മന്ത്രിമാരെയും എതിർ കക്ഷികളാക്കിയ ഫയൽ ചെയ്ത ഹരജി തള്ളിക്കൊണ്ടാണ് ലോകായുക്ത വിധി പറഞ്ഞത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.