അപ്ഡേഷനിൽ ഫോൺ കേടായി; വിദ്യാർഥിക്ക് ഫോണിന്റെ വിലയുംനഷ്ടപരിഹാരവും അനുവദിച്ച് കോടതി
text_fieldsതിരുവനന്തപുരം: സോഫ്റ്റ്വെയർ അപ്ഡേഷനിൽ കേടായ ഫോൺ കമ്പനി നന്നാക്കി നൽകാത്തതിനെതിരെ ഉപഭോക്തൃ കോടതിയെ സമീപിച്ച വിദ്യാർഥിക്ക് കമ്പനിയിൽനിന്ന് ഫോണിന്റെ വിലയും നഷ്ടപരിഹാരവും ലഭിച്ചു. പേരൂർക്കട ജേണലിസ്റ്റ് കോളനിയിലെ അശ്വഘോഷ് സൈദ്ധവാണ് (20) സ്വന്തമായി കേസ് കൊടുത്ത് വാദിച്ച് വിജയിച്ചത്.
കോവിഡിന്റെ അവസാനപാദത്തിലാണ് അശ്വഘോഷ് ഉപയോഗിച്ചിരുന്ന 12,700 രൂപ വിലയുള്ള ഫോൺ കേടായത്. ഫോണ്‍ കമ്പനിയില്‍നിന്ന് സോഫ്റ്റ്വെയർ അപ്ഡേഷൻ വന്നിരുന്നു. അത് ഇന്‍സ്റ്റാള്‍ ചെയ്തതോടെ സിം സ്ലോട്ടുകള്‍ പ്രവര്‍ത്തിക്കാതായി. സർവിസ് സെന്ററിൽ ചെന്നപ്പോൾ ബോര്‍ഡിന്റെ തകരാറാണെന്നും വാറൻറി കഴിഞ്ഞതിനാൽ സൗജന്യമായി നന്നാക്കാനാകില്ലെന്നുമായിരുന്നു നിലപാട്. ഓൺലൈൻ ക്ലാസുൾപ്പെടെ ആ ഫോൺ വഴിയാണ് ചെയ്തിരുന്നത്. മാതാപിതാക്കൾ പുതിയ ഫോൺ വാങ്ങി നൽകിയെങ്കിലും അശ്വഘോഷ് പിന്മാറാൻ തയാറായില്ല. തിരുവനന്തപുരത്തെ ഉപഭോക്തൃ കോടതിയിൽ കേസ് നൽകേണ്ട രീതി പഠിച്ചു. തനിയെ പരാതി തയാറാക്കി ഫയൽ ചെയ്തു. കോടതി വിശദമായ സത്യവാങ്മൂലം വാങ്ങി. എതിർകക്ഷികൾ കേസിന്റെ ഒരവധിയിലും ഹാജരായില്ല. ഒടുവിൽ ഫോണിന്റെ വിലയും 20,000 രൂപ നഷ്ടപരിഹാരവും 2500 രൂപ കോടതി ചെലവും ഏഴുമാസത്തെ പലിശയും സഹിതം 36,843 രൂപ കമ്പനി ബുധനാഴ്ച കോടതിയിൽ ഡിഡിയായി നൽകുകയും തുക വ്യാഴാഴ്ച കൈമാറുകയുമായിരുന്നു.
മാധ്യമപ്രവർത്തകൻ ടി.സി. രാജേഷിന്റെയും സിന്ധുവിന്റെയും മകനായ അശ്വഘോഷ്, മാറനല്ലൂർ ക്രൈസ്റ്റ് നഗർ കോളജിലെ ബി.സി.എ അവസാനവർഷ വിദ്യാർഥിയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.