അപൂർവതകളുടെ പിള്ള, വിവാദങ്ങളുടെയും
text_fieldsരാഷ്ട്രീയം എന്നത് അതിജീവനത്തിന്റെ മാത്രമല്ല, അപൂർവതകളുടെയും വിവാദങ്ങളുടെയും കൂടി കലയാണെന്ന് തെളിയിച്ച രാഷ്ട്രീയ നേതാവായിരുന്നു ആർ.ബാലകൃഷ്ണ പിള്ള. ഏറ്റവും പ്രായം കുറഞ്ഞ അംഗമായി നിയമസഭയിലെത്തുന്നതു മുതൽ തുടങ്ങുന്നതാണ് അപൂർവതകളെങ്കിൽ, ഏറ്റവുമൊടുവിൽ, യു.ഡി.എഫിെൻറയും എൽ.ഡി.എഫിെൻറയും തൊട്ടടുത്ത ഭരണങ്ങളിൽ കാബിനറ്റ് പദവിയിൽ കോർപറേഷൻ ചെയർമാനായി പ്രവർത്തിച്ചു എന്നതിൽ തെളിയുന്നു അദ്ദേഹത്തിെൻറ അതിജീവന ശേഷി. ഇതിനൊപ്പം ചെയ്യുന്നതും പറയുന്നതും വിവാദമാക്കാനുള്ള അസാമാന്യ വൈഭവവും പിള്ളക്കുണ്ടായിരുന്നു. ഒാരോ പതനത്തിൽ നിന്നും ഉയിർെത്തഴുന്നേൽക്കാൻ പിള്ളയോളം 'രാഷ്ട്രീയശേഷി' തെളിയിച്ച മറ്റൊരു നേതാവ് വേറെ ഉണ്ടായിരുന്നില്ല.
2006ലെ കൊട്ടാരക്കരയിലെ തോൽവിയൊഴിച്ചാൽ, ഒാേരാ വീഴ്ചക്കുശേഷവും മുമ്പുള്ളതിെൻറയത്രയില്ലെങ്കിലും എഴുന്നേറ്റ് നിൽക്കാൻ അദ്ദേഹത്തിനായിട്ടുണ്ട്. ഇതിന് മുന്നണി ബന്ധങ്ങളൊന്നും തടസ്സമായിട്ടുമില്ല. കാബിനറ്റ് പദവിയേടെ മുന്നാക്ക സമുദായ കോർപറേഷൻ ചെയർമാനായി യു.ഡി.എഫ് നിയമിച്ചപ്പോൾ എതിർത്ത എൽ.ഡി.എഫിന് അതേ പദവിയിൽ അദ്ദേഹത്തെ വീണ്ടും നിയമിക്കാനോ അത് സ്വീകരിക്കാൻ പിള്ളക്കോ അധികമൊന്നും ആലോചിക്കേണ്ടി വന്നിട്ടുമില്ല. കോണ്‍ഗ്രസില്‍നിന്ന് കേരള കോണ്‍ഗ്രസിലേക്കും അവിടെനിന്ന് സ്വന്തം പാര്‍ട്ടിയായ കേരള കോണ്‍ഗ്രസ് ബിയിലേക്കുമെത്തിയായിരുന്നു പൊതു പ്രവർത്തനം. ഇതിനെല്ലാം മുമ്പ് കമ്യൂണിസ്റ്റു പാര്‍ട്ടി അംഗമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞിട്ടുണ്ട്.
1960 ഫെബ്രുവരി 22ന് രണ്ടാം നിയമസഭ നിലവില്‍ വരുമ്പോള്‍ 25 വയസ്സും പത്ത് മാസവുമായിരുന്നു പിള്ളയുടെ പ്രായം. (1987 മാര്‍ച്ച് 25 നിലവിൽവന്ന എട്ടാം നിയമസഭയിൽ, 25 വയസ്സും ആറു മാസവും പ്രായമുള്ളപ്പോൾ എത്തിയ മാത്യു ടി. തോമസാണ് നിയമസഭയിലെ 'ബേബി'യെന്ന വാദവുമുണ്ട്.)
ഇതിനുപുറമേ, കേരളത്തിൽ, അഴിമതിക്കേസിൽ ജയിൽ ശിക്ഷ അനുഭവിച്ച ആദ്യ മന്ത്രി, കൂറുമാറ്റ നിരോധന നിയമപ്രകാരം ശിക്ഷിക്കപ്പെട്ട ആദ്യഎം.എൽ.എ, ഒരു പ്രസംഗത്തിെൻറ പേരിൽ രാജിവക്കേണ്ടി വന്ന ആദ്യ മന്ത്രി, ഒരേ സമയം മന്ത്രിയും പഞ്ചായത്ത് പ്രസിഡൻറ് സ്ഥാനവും വഹിച്ചയാൾ, ലോക്സഭാംഗമായിരിക്കെ സംസ്ഥാന മന്ത്രിസഭാംഗമായ ആൾ, ക്യാബിനറ്റ് പദവിയിൽ കോർപറേഷൻ ചെയർമാനായ ആദ്യ വ്യക്തി, മകൻ കെ.ബി.ഗണേഷ് കുമാറിനൊപ്പം ഒരേ നിയമസഭയിൽ അംഗമായ അച്ഛൻ, മാത്രമല്ല, ആ മകനെ രാജിവപ്പിച്ച് മന്ത്രിയായ അച്ഛൻ എന്ന ബഹുമതിയും പിള്ളക്ക് സ്വന്തം.
ജയിച്ചയാള്‍ എം.എൽ.എയായി സഭയിലിരിക്കെ അതേ മണ്ഡലത്തില്‍ തോറ്റയാള്‍ മന്ത്രിയായ സംഭവത്തിലെ മന്ത്രിയും പിള്ള തന്നെ. 1970ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ കൊട്ടാരക്കരയില്‍ പിള്ളയെ തോൽപ്പിച്ചത് കോണ്‍ഗ്രസിലെ കൊട്ടറ ഗോപാലകൃഷ്ണനായിരുന്നു. എന്നാൽ, മന്ത്രിയായത് പിള്ളയും. അടിയന്തരാവസ്ഥക്കാലത്ത്, കേരള കോൺഗ്രസ് െഎക്യമുന്നണിയിൽ ചേരാൻ തീരുമാനിച്ചതിനെത്തുടർന്ന് 1975 ഡിസംബറിൽ, പിള്ള അച്യുതമേനോന്‍ മന്ത്രിസഭയിൽ അംഗമായി. അന്ന് അദ്ദേഹം മാവേലിക്കരയിൽ നിന്നുള്ള ലോക്സഭാംഗമായിരുന്നു. സി.പി.എം പൊളിറ്റ് ബ്യൂറോ അംഗം എസ്. രാമചന്ദ്രന്‍ പിള്ളയെ പരാജയപ്പെടുത്തിയാണ് പിള്ള പാര്‍ലമെൻറില്‍ എത്തിയത്.1963 മുതൽ തുടർച്ചയായി 27 വർഷം ഇടമുളക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻറായിരുന്നു. 11 വർഷം കൊട്ടാരക്കര ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സ്ഥാനവും വഹിച്ചു.
2011ലാണ് ഇടമലയാര്‍ കേസില്‍ പിള്ള കുറ്റക്കാരനാണെന്ന് സുപ്രീം കോടതി വിധിച്ചത്. ഒരു വര്‍ഷത്തെ കഠിനതടവും 10,000 രൂപ പിഴയുമായിരുന്നു ശിക്ഷ.1982 ല്‍ ഇടമലയാര്‍ വൈദ്യുത പദ്ധതിയുടെ ടണലും ഷാഫ്റ്റും നിര്‍മിച്ചതില്‍ ക്രമക്കേട് നടന്നതാണ് കേസിനാസ്പദമായ സംഭവം. നേരത്തേ വിചാരണകോടതി കുറ്റക്കാരനെന്ന് കണ്ടെത്തി, രണ്ടുവര്‍ഷം കഠിനതടവിന് ശിക്ഷിച്ചിരുന്നുവെങ്കിലും ഹൈകോടതി വെറുെത വിടുകയായിരുന്നു. ഇതിനെതിരെ വി.എസ്. അച്യുതാനന്ദന്‍ നല്‍കിയ ഹരജിയിലായിരുന്നു സുപ്രീംകോടതി വിധി. കരാറുകാരന്‍ പി.കെ. സജീവന്‍, മുന്‍ കെ.എസ്.ഇ.ബി ചെയര്‍മാന്‍ രാമഭദ്രന്‍ നായർ എന്നിവരായിരുന്നു അദ്ദേഹത്തോടൊപ്പം ശിക്ഷിക്കപ്പെട്ടത്. എന്നാൽ, ശിക്ഷകാലാവധി പൂർത്തിയാകുന്നതിനു മുമ്പ് കേരളപ്പിറവിയോടനുബന്ധിച്ച് മറ്റ് 138 തടവുകാർക്കൊപ്പം ശിക്ഷായിളവ് നൽകി ഉമ്മൻ ചാണ്ടി സർക്കാർ വിട്ടയച്ചു. ശിക്ഷ ഒരു വർഷത്തേക്ക് ആയിരുന്നുവെങ്കിലും 69 ദിവസം മാത്രമായിരുന്നു ജയിൽ വാസം. 75 ദിവസത്തെ പരോളും 85 ദിവസത്തെ ആശുപത്രി ചികിത്സക്കാലവും ശിക്ഷയിളവിനായി പരിഗണിക്കപ്പെട്ടിരുന്നു. ജയിൽ ശിക്ഷയ്ക്കിടെ മൊബൈൽ ഫോൺ ഉപയോഗിച്ചത് വിവാദമായതിനെത്തുടർന്ന് ശിക്ഷാ ഇളവിൽ നാലുദിവസം വെട്ടിക്കുറക്കുകയും ചെയ്തു.
1990ലാണ് കൂറുമാറ്റ നിരോധന നിയമപ്രകാരം പിള്ള അയോഗ്യനാക്കപ്പെട്ടത്. ഈ നിയമപ്രകാരം കേരള നിയമസഭയില്‍നിന്ന് അയോഗ്യനാക്കപ്പെട്ട രണ്ടാമത്തെയാൾ പി.സി.ജോർജായിരുന്നു.1985ൽ കെ. കരുണാകരൻ മന്ത്രിസഭയിൽ വൈദ്യുതിമന്ത്രി ആയിരിക്കെ പിള്ള എറണാകുളത്ത് നടന്ന കേരള കോൺഗ്രസ് സമരപ്രഖ്യാപന സമ്മേളനത്തിൽ നടത്തിയ പ്രസംഗമാണു 'പഞ്ചാബ് മോഡൽ പ്രസംഗം' എന്ന് പ്രസിദ്ധമായത്. അതേത്തുടർന്ന് പിള്ളക്ക് മന്ത്രി സ്ഥാനം രാജിവെക്കേണ്ടിവന്നു.
പഞ്ചാബ് മോഡൽ മാത്രമല്ല, മറ്റുപല പ്രസംഗങ്ങളും അദ്ദേഹത്തിന് വിനയായിട്ടുണ്ട്. പിള്ള മാനേജരായിരുന്ന വാളകം രാമവിലാസം സ്കൂളിലെ അധ്യാപികക്കെതിരെയും നടത്തിയ പരാമർശങ്ങളും അധ്യാപികയുടെ ഭർത്താവ് കൃഷ്ണ കുമാർ ആക്രമിക്കപ്പെട്ട സംഭവത്തിൽ പിള്ളക്കെതിരെ ആരോപണമുയർന്നതും ഏറെ വിവാദമായിരുന്നു.
അടുത്തിടെ മറ്റൊരു വിവാദത്തിലും പിള്ള ചെന്നുചാടി. മുസ്ലിം പള്ളികളിൽ നിന്നുയരുന്ന ബാങ്കുവിളിയെ ഉറക്കം നഷ്ടപ്പെടുത്തുന്ന നായുടെ കുരയോട് ഉപമിച്ചുകൊണ്ട് നടത്തിയ പ്രസംഗത്തിലായിരുന്നു പിള്ളയുടെ വിവാദ പരാമർശം. പത്തനാപുരത്തിനടുത്ത് കമുകുംചേരിയിൽ നടന്ന എൻ.എസ്.എസ് കരയോഗത്തിലായിരുന്നു ആ വിവാദ പരാമർശം.
അടുത്തിടെ, ക്രിസ്ത്യൻ പള്ളികളെക്കുറിച്ച് നടത്തിയ പരാമർശങ്ങളും വിവാദങ്ങളായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.