സരിത, സ്വപ്ന, ബാർ കോഴ; വിവാദങ്ങളുടെ തനിയാവർത്തനം
text_fieldsതിരുവനന്തപുരം: പിണറായി സർക്കാറിനെതിരെ ഉയരുന്നത് ഉമ്മൻ ചാണ്ടി സർക്കാറിന്റെ കാലത്ത് കോളിളക്കം സൃഷ്ടിച്ച വിവാദങ്ങളുടെ തനിയാവർത്തനം. ഉമ്മൻ ചാണ്ടിയുടെ ധനമന്ത്രി കെ.എം. മാണിക്കെതിരെ വന്ന അതേ ആരോപണമാണ് ഇപ്പോൾ എക്സൈസ് മന്ത്രി എം.ബി. രാജേഷിനെതിരെ ഉയർന്നത്. സ്വപ്ന സുരേഷും സ്വർണക്കടത്ത് വിവാദവും പിണറായി വിജയനെ വലിയ തോതിൽ പ്രതിരോധത്തിലാക്കിയ ഒന്നാണ്. അതിന് തത്തുല്യമാണ് സരിതയും സോളാറും ഉമ്മൻ ചാണ്ടിക്കുമേലുണ്ടാക്കിയ കുരുക്ക്. യു.ഡി.എഫ് ഭരണത്തിലെ വിവാദങ്ങൾ അതേപടി എൽ.ഡി.എഫ് കാലത്തും ആവർത്തിക്കപ്പെടുന്നത് കേവലം യാദൃശ്ചികം എന്നതിനപ്പുറം ചോദ്യങ്ങളുയർത്തുന്നുണ്ട്.
കെ.എം. മാണിക്കെതിരെ ഒരുകോടി രൂപയുടെ കോഴ ആരോപണമാണുയർന്നത്. ഇപ്പോൾ പുറത്തുവന്ന ശബ്ദ സന്ദേശമനുസരിച്ച് ഒരു ബാറുടമയിൽനിന്ന് രണ്ടര ലക്ഷമാണ് പിരിക്കുന്നത്. സംസ്ഥാനത്തെ ആയിരത്തോളം വരുന്ന ബാറുടമകളിൽ നിന്ന് അത്രയും പിരിച്ചാൽ കോഴത്തുക 20 കോടിയിലധികമാണ്. ഒരുകോടിയുടെ ആരോപണം ഏറ്റെടുത്ത് ബജറ്റവതരണം തടസ്സപ്പെടുത്തിയ നിയമസഭയിലെ കൈയാങ്കളി ഉൾപ്പെടെ വലിയ പ്രതിഷേധം ഉയർത്തിയവരാണ് ഇടതുമുന്നണി. യു.ഡി.എഫ് എം.ബി. രാജേഷിനെതിരെ ഉന്നയിക്കുന്നത് 20ലേറെ ഇരട്ടി തുകയുടെ കോഴ ആരോപണമാണ്. കെ.എം. മാണിക്കെതിരായ ആരോപണത്തിൽ അന്വേഷണം നടക്കാൻ അന്നത്തെ യു.ഡി.എഫ് രാഷ്ടീയത്തിലെ വടംവലി കാരണമായി.
ഇന്ന് സ്ഥിതി അതല്ല. ഇപ്പോൾ പുറത്തുവന്ന ശബ്ദസന്ദേശം തള്ളി സർക്കാറും പാർട്ടിയും രംഗത്തുവന്നതോടെ അന്വേഷണം നടക്കാനുള്ള സാധ്യത ഇപ്പോഴില്ല. രണ്ടാം ബാർ കോഴ വിവാദത്തിന് തിരികൊളുത്തിയ ശബ്ദസന്ദേശത്തിന്റെ ഉടമ ബാറുടമകളുടെ സംഘടന നേതാവ് അനിമോൻ താൻ പറഞ്ഞത് തള്ളിക്കളഞ്ഞിട്ടില്ല. അതേസമയം, കോഴ പിരിവ് നടക്കുന്നതായി സ്ഥിരീകരിക്കുന്നുമില്ല. അതേസമയം, സംഘടന പ്രസിഡന്റ് പി. സുനിൽകുമാർ അനിമോനെ തള്ളിപ്പറയുകയും ചെയ്തിട്ടുണ്ട്. ഈ സാഹചര്യത്തിൽ അന്വേഷണത്തിന് സർക്കാറിനെ നിർബന്ധിതരാക്കുന്ന കൂടുതൽ വിവരങ്ങൾ ബാറുടമകളിൽനിന്ന് പുറത്തുവരുന്നതിന്റെ സൂചനകളുമില്ല.
മാണിക്കെതിരെ ഉയർന്ന ആരോപണത്തിൽ അന്വേഷണം നടന്നെങ്കിലും അത് എങ്ങുമെത്താതെ അവസാനിച്ചു. രണ്ടാം ബാർ കോഴ ആരോപണത്തിൽ അന്വേഷണത്തിനുള്ള സാധ്യതപോലും ഈ ഘട്ടത്തിൽ കാണാനില്ല. മറിച്ച് സംഭവിക്കണമെങ്കിൽ അന്വേഷണത്തിന് സർക്കാറിനെ നിർബന്ധിതരാക്കുന്ന പ്രക്ഷോഭവും സമ്മർദവും ഉയർത്തിക്കൊണ്ടുവരാൻ പ്രതിപക്ഷത്തിന് കഴിയണം. പ്രതിപക്ഷ സമ്മർദത്തിന് വഴങ്ങുന്ന സമീപനമല്ല മുഖ്യമന്ത്രി പിണറായി വിജയനുള്ളത്. എങ്കിലും പിണറായി സർക്കാറിനെ ആക്രമിക്കാൻ ശബ്ദസന്ദേശം യു.ഡി.എഫ് ആയുധമാക്കുമെന്നതിനാൽ രണ്ടാം ബാർ കോഴ വിവാദം ഏനെനാൾ നിന്നുകത്തുമെന്ന് തീർച്ച.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.