മതവികാരം വ്രണപ്പെടുത്തി; 'കേരള സ്റ്റോറി'ക്കെതിരെ കേസെടുക്കാൻ പൊലീസ് മേധാവി നിർദേശം നൽകി
text_fieldsതിരുവനന്തപുരം: ഒരു വിഭാഗം വിശ്വാസികളുടെ മതവികാരം വ്രണപ്പെടുത്തുകയും കലാപത്തിന് ആഹ്വാനം ചെയ്യുകയും ചെയ്യുന്ന ഹിന്ദി സിനിമ 'കേരള സ്റ്റോറി'ക്കെതിരെ കേസെടുക്കാൻ പൊലീസ് മേധാവി അനിൽകാന്ത് നിർദേശം നൽകി. ഹൈടെക് സൈബർ എൻക്വയറി സെല്ലിന്റെ അന്വേഷണ റിപ്പോർട്ടിലെ കണ്ടെത്തലുകളുടെ അടിസ്ഥാനത്തിലാണ് കേസ് അന്വേഷിക്കാൻ തിരുവനന്തപുരം സിറ്റി പൊലീസ് കമീഷണർക്ക് നിർദേശം നൽകിയത്.
മതവികാരം വ്രണപ്പെടുത്തുന്നതും കേരളത്തിനെ അപമാനിക്കുന്നതുമായ ഉള്ളടക്കമുള്ള സിനിമക്കെതിരെ മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും പരാതികള്‍ ലഭിച്ചിരുന്നു. സൺഷൈൻ പിക്ചേഴ്സിന്റെ ബാനറിൽ വിജയ് അമൃത്‍ലാൽ നിർമിച്ച് സുദീപ്തോ സെന്നാണ് സിനിമ സംവിധാനം ചെയ്‌തിരിക്കുന്നത്. കേരളത്തിൽനിന്ന് 32000 സ്ത്രീകളെ നിർബന്ധിത മതപരിവർത്തനം നടത്തി ഐ.എസ്.ഐ.എസിൽ ചേർത്തുവെന്നാണ് സിനിമയിൽ പറയുന്നത്. കേരളത്തെപ്പറ്റി വ്യാജപ്രചരണം നടത്തുന്നു എന്ന് ചൂണ്ടിക്കാട്ടി തമിഴ്നാട് സ്വദേശിയായ മാധ്യമപ്രവർത്തകന്‍ ബി.ആർ. അരവിന്ദാക്ഷൻ കേന്ദ്ര, സംസ്ഥാന സർക്കാറുകൾക്ക് പരാതി നൽകിയിരുന്നു.
അന്തർദേശീയ അതിർത്തിയെന്ന് സൂചിപ്പിക്കുന്ന പശ്ചാത്തലത്തിൽ മലയാളിയായ കേന്ദ്രകഥാപാത്രം തന്നെ നിർബന്ധിത മതപരിവർത്തനത്തിന് വിധേയയാക്കി തീവ്രവാദ സംഘടനയിൽ ചേർത്തുവെന്നാണ് ടീസറിൽ പറയുന്നത്. യഥാർഥ വസ്തുതകളിൽനിന്ന് പ്രചോദനം ഉൾക്കൊണ്ടു എന്നവകാശപ്പെടുന്ന സിനിമ പച്ചക്കള്ളം സ്ഥാപിക്കാൻ ശ്രമിക്കുന്നുവെന്നാണ് പരാതി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.