കുസാറ്റിലെ പരിപാടി രേഖാമൂലം അറിയിച്ചില്ലെന്ന് പൊലീസ്
text_fieldsകൊച്ചി: കുസാറ്റിൽ പരിപാടി നടക്കുന്ന വിവരം രേഖാമൂലം അറിയിച്ചിട്ടില്ലെന്ന് പൊലീസ്. കൊച്ചി ഡി.സി.പി കെ.എസ് സുദർശനനാണ് ഇക്കാര്യം പറഞ്ഞത്. പൊലീസിന്റെ സേവനം പരിപാടിക്കായി യൂനിവേഴ്സിറ്റിയിൽ നിന്നും ആവശ്യപ്പെട്ടിട്ടില്ല. കോളജിനുള്ളിൽ നടക്കുന്ന പരിപാടികൾക്ക് പൊലീസിന്റെ അനുമതി ആവശ്യമില്ല. പരിപാടിയുടെ അനുമതിക്കായി അപേക്ഷിച്ചിരുന്നില്ല. വിദ്യാർഥികൾ തമ്മിൽ പ്രശ്നങ്ങളുള്ളതിനാൽ യൂനിവേഴ്സിറ്റിയിൽ പൊലീസിന്റെ പെട്രോളിങ് ഉണ്ട്. പരിപാടി സംഘടിപ്പിക്കുന്നതിൽ സംഘാടകരുടെ ഭാഗത്ത് നിന്ന് വീഴ്ചയുണ്ടായോയെന്ന് പരിശോധിക്കുമെന്നും ഡി.സി.പി പറഞ്ഞു.
പരിപാടി നടക്കുന്ന വിവരം പൊലീസിനെ വാക്കാൽ അറിയിച്ചിരുന്നുവെന്ന് കൊച്ചിൻ യൂനിവേഴ്സിറ്റി വൈസ് ചാൻസലർ ഡോ. പി.ജി ശങ്കരൻ പറഞ്ഞു. നിർദേശം നൽകിയതനുസരിച്ച് ആറു പൊലീസുകാർ വന്നിരുന്നു. എന്നാൽ പരിപാടിക്ക് എത്രപേർ വരുമെന്നും ഇതിന്റെ സ്വഭാവം എന്താണെന്നും എത്ര പൊലീസുകാർ വേണമെന്നും വ്യക്തമാക്കിയിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ദിവസം കുസാറ്റിൽ മരിച്ചവരിൽ മൂന്നുപേർ വിദ്യാർഥികളാണ്. അതുൽ തമ്പി രണ്ടാംവർഷ സിവിൽ വിദ്യാർഥിയും എറണാകുളം കൂത്താട്ടുകുളം കിഴകൊമ്പ് കൊച്ചുപാറയിൽ തമ്പിയുടെ മകനുമാണ്. രണ്ടാംവർഷ ഇലക്ട്രോണിക്സ് വിദ്യാർഥിനിയും പറവൂർ ഗോതുരുത്ത് കുറുമ്പത്തുരുത്ത് കോണത്ത് റോയ് ജോർജുകുട്ടിയുടെ മകളുമാമ് ആൻ റിഫ്ത്ത (20). കോഴിക്കോട് താമരശ്ശേരി പുതുപ്പാടി മൈലേലംപാറ വയലപള്ളിൽ തോമസ് സ്കറിയയുടെ മകൾ സാറ തോമസ് (19) രണ്ടാം വർഷ ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ എൻജിനീയറിങ് വിദ്യാർഥിനിയാണ്. ആൽബിൻ ജോസഫ് പാലക്കാട് മുണ്ടൂർ സ്വദേശിയാണ്. നാലു പേരെയും മരിച്ച നിലയിലാണ് ആശുപത്രിയിലെത്തിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.