ജയരാജനെതിരെ വിമാന സുരക്ഷ നിയമലംഘന വകുപ്പ് ചുമത്താൻ മടിച്ച് പൊലീസ്
text_fieldsതിരുവനന്തപുരം: വിമാനത്തിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ കൈയേറ്റം ചെയ്തെന്ന പരാതിയിൽ എൽ.ഡി.എഫ് കൺവീനർ ഇ.പി. ജയരാജൻ, മുഖ്യമന്ത്രിയുടെ ഗൺമാൻ അനിൽകുമാർ, പി.എ സുനീഷ് എന്നിവർക്കെതിരെ വിമാന സുരക്ഷാ നിയമലംഘന വകുപ്പുകൾ ചുമത്താൻ മടിച്ച് പൊലീസ്.
വിമാനത്തില്‍ അതിക്രമം നടന്നതുമായി ബന്ധപ്പെട്ട് മൂന്ന് യൂത്ത്‌കോണ്‍ഗ്രസുകാര്‍ക്കെതിരെയും കരിങ്കൊടി കാണിക്കാൻ വാട്സ്ആപിലൂടെ നിർദേശിച്ച മുൻ എം.എൽ.എ കെ.എസ്. ശബരീനാഥനെതിരെയും വിമാന സുരക്ഷാ നിയമലംഘന വകുപ്പുകൾ വലിയതുറ പൊലീസ് ചുമത്തിയിരുന്നു. ഇവരെക്കാൾ ഗുരുതര കുറ്റം ചെയ്തെന്ന് വിമാനക്കമ്പനി കണ്ടെത്തിയ ജയരാജൻ അടക്കമുള്ളവർക്കെതിരെ ഇതേവകുപ്പുകൾ ചുമത്താൻ പൊലീസ് തയാറായിട്ടില്ല.
യൂത്ത് കോൺഗ്രസുകാരെ കൈയേറ്റം ചെയ്തെന്ന് കണ്ടെത്തിയതിനെ തുടർന്ന് ഇൻഡിഗോ കമ്പനി ജയരാജന് മൂന്നാഴ്ച യാത്രവിലക്ക് ഏർപ്പെടുത്തിയിരുന്നു. പിടിച്ചുതള്ളൽ, മർദനം എന്നിവ ഉൾപ്പെടുന്ന രണ്ടാം ലെവൽ വ്യോമയാന ചട്ട ലംഘന പ്രകാരമാണ് ജയരാജനെതിരായ ഇൻഡിഗോ നിയോഗിച്ച റിട്ട.ജഡ്ജി ആർ. ബസ്വാൻ അധ്യക്ഷനായ സമിതിയുടെ അച്ചടക്കനടപടി. എന്നാൽ, കോടതി നിർദേശപ്രകാരമുള്ള വകുപ്പുകൾ മാത്രമേ നിലവിൽ ചുമത്താൻ കഴിയൂവെന്ന നിലപാടിലാണ് പൊലീസ്
നിലവിൽ വധശ്രമം, മനഃപൂർവമല്ലാത്ത നരഹത്യാ ശ്രമം, ഗൂഢാലോചന, ഭീഷണിപ്പെടുത്തൽ എന്നീ കുറ്റങ്ങളാണ് ജയരാജനും കൂട്ടർക്കുമെതിരെ ചുമത്തിയിട്ടുള്ളതെങ്കിലും ജയരാജനെ ഉടന്‍ അറസ്റ്റ് ചെയ്യില്ല. അന്വേഷണ ഉദ്യോഗസ്ഥനായ ശംഖുമുഖം അസി.കമീഷണറാകും തെളിവുകളുടെ അടിസ്ഥാനത്തിൽ അറസ്റ്റ് സംബന്ധിച്ച് തീരുമാനിക്കുക. പരാതിക്കാരുടെയും സാക്ഷികളുടെയും മൊഴിയും വിമാനത്തില്‍ ഉണ്ടായിരുന്ന മറ്റുയാത്രക്കാരില്‍നിന്നും വിവരവും ശേഖരിച്ച ശേഷമേ അറസ്റ്റ് ചെയ്യണമോ എന്നതിൽ തീരുമാനമുണ്ടാകൂ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.