ഹർഷിനയുടെ വയറ്റിൽ കത്രിക കുടുങ്ങിയത് മെഡിക്കൽ കോളജിലെ ശസ്ത്രക്രിയക്കിടെയെന്ന് പൊലീസ് കണ്ടെത്തൽ
text_fieldsകോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളജിൽ നടന്ന ശസ്ത്രക്രിയക്കിടെയാണ് ഹർഷിനയുടെ വയറ്റിൽ കത്രിക കുടുങ്ങിയതെന്ന് പൊലീസ്. മെഡിക്കൽ കോളജിൽ നടന്ന മൂന്നാമത്തെ പ്രസവ ശസ്ത്രക്രിയക്കിടെയാണ് സംഭവമെന്ന് കോഴിക്കോട് എസ്.പിയുടെ അന്വേഷണത്തിൽ കണ്ടെത്തി.
സംഭവത്തിൽ രണ്ട് ഡോക്ടർമാരും രണ്ട് നഴ്സുമാരും കുറ്റക്കാരാണെന്ന് അന്വേഷണ റിപ്പോർട്ടിൽ പൊലീസ് പറയുന്നു. പൊലീസിന്‍റെ റിപ്പോർട്ട് ജില്ലാ മെഡിക്കൽ ഓഫിസർക്ക് കൈമാറി. തുടർ നടപടിക്ക് മെഡിക്കൽ ബോർഡ് രൂപീകരിക്കാനും നിർദേശമുണ്ട്. ആഗസ്റ്റ് ഒന്നിന് ചേരുന്ന മെഡിക്കൽ ബോർഡ് പൊലീസ് അന്വേഷണ റിപ്പോർട്ട് വിലയിരുത്തും.
അതേസമയം, എത്ര മൂടിവെച്ചാലും സത്യം പുറത്തു വരുമെന്നും നീതി ലഭിക്കും വരെ പോരാട്ടം തുടരുമെന്നും ഹർഷിന പറഞ്ഞു. വയറ്റിനുള്ളിൽ കത്രിക കുടുങ്ങിയത് കോഴിക്കോട് മെഡിക്കൽ കോളജിൽ വെച്ചാണെന്നാണ് റിപ്പോർട്ട്. താൻ പറഞ്ഞത് സത്യമെന്ന് തെളിഞ്ഞു. ഇനി ആർക്കും ഈ ഗതി വരരുതെന്നും ഹർഷിന പറഞ്ഞു.
കത്രിക വയറ്റിനുള്ളിൽ വന്നതിന് തെളിവില്ലെന്നാണ് ആരോഗ്യ മന്ത്രി വരെ പറഞ്ഞത്. ഇക്കാര്യത്തിൽ യാഥാർഥ്യം പുറത്തുവരികയാണ്. കൃത്യവിലോപത്തിന് ബന്ധപ്പെട്ടവർ നടപടി സ്വീകരിക്കട്ടെ എന്നും ഹർഷിന മാധ്യമങ്ങളോട് പറഞ്ഞു. സംഭവത്തിൽ നീതി തേടിയും കുറ്റക്കാർക്കെതിരെ നടപടിയും ആവശ്യപ്പെട്ട് കഴിഞ്ഞ 63 ദിവസമായി ഹർഷിന സമരത്തിലാണ്.
2017 നവംബർ 30ന് കോഴിക്കോട് മെഡിക്കൽ കോളജിലെ ഐ.എം.സി.എച്ചിലാണ് അടിവാരം സ്വദേശിനി ഹർഷിന പ്രസവ ശസ്ത്രക്രിയക്ക് വിധേയയായത്. അതിനു ശേഷം അഞ്ച് വർഷത്തോളം പലതരം ശാരീരികാസ്വസ്ഥതകൾ അനുഭവിച്ചു. മൂത്രാശയ സംബന്ധമായ കടുത്ത പ്രയാസങ്ങൾ വന്നപ്പോൾ കോഴിക്കോട് ഇഖ്റ ആശുപത്രിയിൽ നടത്തിയ പരിശോധനയിലാണ് ശസ്ത്രക്രിയ ഉപകരണമായ ഫോർസെപ്സ് മൂത്രസഞ്ചിയിൽ ആഴ്ന്നു കിടക്കുന്നതായി കണ്ടെത്തിയത്. തുടർന്ന് മെഡിക്കൽ കോളജിൽ നിന്നു തന്നെ ശസ്ത്രക്രിയയിലൂടെ കത്രിക പുറത്തെടുത്തു.
ആരോഗ്യ വകുപ്പിന്റെ കീഴില്‍ നടത്തിയ രണ്ട് അന്വേഷണങ്ങളിലും ശസ്ത്രക്രിയ ഉപകരണം ഏത് അവസരത്തിലാണ് വയറ്റില്‍ കുടുങ്ങിയതെന്ന് കണ്ടെത്താന്‍ കഴിയാത്ത സാഹചര്യത്തിലാണ് ആഭ്യന്തര വകുപ്പ് അന്വേഷണം നടത്താൻ തീരുമാനിച്ചത്. നേരത്തെ, കോഴിക്കോട് മെഡിക്കല്‍ കോളജിന് മുന്നില്‍ സമരം നടത്തിയപ്പോൾ, ആരോഗ്യ മന്ത്രി വീണ ജോര്‍ജാണ് രണ്ടാഴ്ചക്കകം നഷ്ടപരിഹാരം നൽകുമെന്ന് ഉറപ്പ് നല്‍കിയിരുന്നു. കുറ്റക്കാരായവരെ നിയമത്തിന് മുന്നില്‍ കൊണ്ടു വരുമെന്നും മന്ത്രി വാഗ്ദാനം ചെയ്തിരുന്നു. എന്നാല്‍, മന്ത്രി നല്‍കിയ ഉറപ്പ് പാഴായതോടെയാണ് ഹർഷിന വീണ്ടും സമരം ആരംഭിച്ചത്.
നിർണായകമായത് കൊല്ലത്തെ ആശുപത്രിയിൽ നടത്തിയ എം.ആർ.ഐ പരിശോധന
കോഴിക്കോട്: ഹർഷിനയുടെ വയറ്റിൽ കുടുങ്ങിയ ആർട്ടറി ഫോർസെപ്സ് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽനിന്നാണെന്ന് കണ്ടെത്തുന്നതിൽ അന്വേഷണസംഘത്തിന് നിർണായകമായത് കൊല്ലത്ത് സ്വകാര്യ ആശുപത്രിയിൽ നടത്തിയ എം.ആർ.ഐ പരിശോധന റിപ്പോർട്ട്. ഭർത്താവുമൊത്ത് കൊല്ലത്ത് താമസിച്ച ഹർഷിന 2017 ആദ്യത്തിലാണ് എം.ആർ.ഐ പരിശോധനക്ക് വിധേയയായത്. അതിൽ ശരീരത്തിനകത്ത് ഇത്തരം ഉപകരണം ഉള്ളതായി കണ്ടെത്തിയിരുന്നില്ല. ഇതിന് ശേഷമാണ് ഹർഷിന മൂന്നാമത് ഗർഭിണിയായതും കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രസവ ശസ്ത്രക്രിയക്ക് വിധേയയായതും. ഇതിന് മുമ്പ് 2012ലും 2016 മാർച്ചിലുമായിരുന്നു ഹർഷിന താമരശ്ശേരി ഗവ. ആശുപത്രിയിൽ പ്രസവ ശസ്ത്രക്രിയക്ക് വിധേയയായത്. കൊല്ലത്ത് നടത്തിയ എം.ആർ.ഐ റിപ്പോർട്ടിൽ ആർട്ടറി ഫോർസെപ്സ് കണ്ടെത്താതിരുന്നതിനാൽ അതിനുശേഷം നടത്തിയ ശസ്ത്രക്രിയയിലാണ് ഇത് വയറ്റിൽ കുടുങ്ങിയതെന്ന നിഗമനത്തിൽ അന്വേഷണസംഘം എത്തിയത്. പിന്നീട് നടന്ന ശാസ്ത്രീയപരിശോധനയിലും ആർട്ടറി ഫോർസെപ്സ് മെഡിക്കൽ കോളജ് ആശുപത്രിയുടേതാണെന്ന് വ്യക്തമായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.