യൂട്യൂബർ തൊപ്പിയെ രാസ ലഹരി കേസിൽ തൽക്കാലം പ്രതിചേർക്കില്ലെന്ന് പൊലീസ്
text_fields-കൊച്ചി: യൂട്യൂബർ തൊപ്പിയെ രാസ ലഹരി കേസിൽ തൽക്കാലം പ്രതിചേർക്കില്ലെന്ന് പൊലീസ്. എറണാകുളം തമ്മനത്തെ സ്വകാര്യ അപ്പാർട്ട്മെന്റിൽ നിന്ന് രാസ ലഹരി പിടിച്ച കേസിൽ തൽക്കാലം തൊപ്പിയെ പ്രതിചേർക്കില്ലെന്ന് പൊലീസ് കോടതിയെ അറിയിച്ചിരിക്കുകയാണ്.
എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ തൊപ്പി നൽകിയ മുൻകൂർ ജാമ്യ അപേക്ഷയിലാണ് പൊലീസ് നിലപാട് അറിയിച്ചത്. ഈ സാഹചര്യത്തിൽ തൊപ്പിയുടെ മുൻകൂർ ജാമ്യ അപേക്ഷ കോടതി തീർപ്പാക്കി. അന്വേഷണവുമായി സഹകരിക്കണമെന്ന് തൊപ്പിക്ക് നിർദ്ദേശം നൽകിയിരിക്കുകയാണ്.
കേസുമായി ബന്ധപ്പെട്ട് ഉടൻ തന്നെ തൊപ്പിയിൽ മൊഴിയെടുക്കുമെന്ന് പൊലീസ് അറിയിച്ചു. തൻ്റെ ഡ്രൈവർ ലഹരി കേസിൽ അറസ്റ്റിലായതിന് പിന്നാലെയാണ് തൊപ്പി മുൻകൂർ ജാമ്യ അപേക്ഷയുമായി കോടതിയെ സമീപിച്ചത്. നവംബർ 28ന് ആണ് നിഹാദിന്റെ തമ്മനത്തെ താമസസ്ഥലത്തുനിന്ന് എം.ഡി.എം.എ പിടികൂടിയത്.
ഗെയിമിങ് പ്ലാറ്റ് ഫോമുകളിലൂടെ ശ്രദ്ധനേടി, കുട്ടികള്‍ക്കിടയില്‍ വൈറലായ കണ്ണൂർ സ്വദേശിയാണ് തൊപ്പി എന്ന നിഹാദ്. അടുത്തിടെ, ‘തൊപ്പി’ എന്ന കഥാപാത്രത്തെ ഉപേക്ഷിക്കുകയാണെന്ന് വ്യക്തമാക്കി നിഹാദ് യൂട്യൂബിൽ വീഡിയോ അപ്ലോഡ് ചെയ്തിരുന്നു.
വിഷാദത്തിലൂടെ കടന്നു പോവുകയാണെന്നും പണവും പ്രശസ്തിയുമുണ്ടായിട്ട് ഒരു കാര്യവുമില്ലെന്നും നിഹാദ് വീഡിയോയിലൂടെ പറഞ്ഞിരുന്നു. ആറ് ലക്ഷത്തിലേറെ സബ്സ്ക്രൈബേഴ്സാണ് യൂട്യൂബിൽ തൊപ്പിക്കുള്ളത്. ഇതില്‍ ഏറിയ പങ്കും കുട്ടികളാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.