ലഹരിയുമായി പിടിയിലായ വ്ലോഗർക്കെതിരെ കേസെടുത്ത് പൊലീസും
text_fieldsപാലക്കാട്: കാറിൽ കടത്താൻ ശ്രമിച്ച മയക്കുമരുന്നും ആയുധങ്ങളുമായി പിടിയിലായ വ്ലോഗർക്കും കൂട്ടാളികൾക്കുമെതിരെ കേസെടുത്ത് പൊലീസും. മാരകായുധങ്ങൾ കൈവശം വെച്ചതടക്കം വകുപ്പുകൾ ഉൾപ്പെടുത്തിയാണ് കസബ പൊലീസ് കേസെടുത്തത്. കഴിഞ്ഞ ദിവസമാണ് ലഹരി ബോധവല്‍ക്കരണം നടത്തി സമൂഹമാധ്യമങ്ങളിൽ ഹിറ്റായ വ്ലോഗർ വിക്കി തഗ് എന്നറിയപ്പെടുന്ന ആലപ്പുഴ ചുനക്കര ദേശം മംഗലത്ത് വിഘ്നേഷ് വേണു (25), കായംകുളം ഓച്ചിറ കൃഷ്ണപുരം കൊച്ചുമുറി എസ്. വിനീത് (28) എന്നിവരെ പാലക്കാട് എക്സെസ് പിടികൂടിയത്.
വാളയാറിൽ വാഹന പരിശോധനയ്ക്കിടെ നിർത്താതെ പോയ കാർ എക്സൈസ് പിന്തുടർന്ന് പിടികൂടുകയായിരുന്നു. വാളയാർ ടോൾ പ്ലാസയിലെ ഡിവൈഡർ ഇടിച്ചു തകർത്താണ് കാർ കടന്നുപോയത്. ഇവരിൽ നിന്ന് 40 ഗ്രാം മെത്താംഫിറ്റമിൻ, തോക്ക്, വെട്ടുകത്തികൾ എന്നിവ കണ്ടെത്തി. പിടിച്ചെടുത്ത തോക്കിന് ലൈസന്‍സുണ്ടായിരുന്നില്ല. ഇരുവരും വലിയ അളവിൽ ലഹരി ഉപയോഗിച്ചതിനാൽ ആദ്യഘട്ടത്തിൽ ചോദ്യം ചെയ്യലിനോട് സഹകരിച്ചിരുന്നില്ല.
യൂട്യൂബ് ചാനലിലൂടെ വിഘ്നേഷ് ലഹരി ഉപയോഗം പ്രോത്സാഹിപ്പിക്കുന്ന വിഡിയോ പോസ്റ്റ് ചെയ്തതായും എക്സൈസ് കണ്ടെത്തിയിരുന്നു. ഇരുവരെയും കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തതിന് പിന്നാലെയാണ് എക്സൈസ് നൽകിയ റിപ്പോർട്ടിൽ കസബ പൊലീസ് കേസെടുത്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.