ദേശാഭിമാനി ലേഖകനെ മർദിച്ച പൊലീസുകാരെ സ്ഥലംമാറ്റി
text_fieldsകണ്ണൂർ: മട്ടന്നൂർ പോളി ടെക്നിക് കോളജ് യൂനിയൻ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വാർത്ത റിപ്പോർട്ട് ചെയ്യാനെത്തിയ ദേശാഭിമാനി ലേഖകനെ മർദിച്ച പൊലീസ് ഉദ്യോഗസ്ഥരെ സ്ഥലംമാറ്റി. മട്ടന്നൂർ പൊലീസ് സ്റ്റേഷനിലെ അഞ്ചു പേരെയാണ് കണ്ണൂർ സിറ്റി പൊലീസ് കമീഷണർ അജിത് കുമാർ ജില്ല പൊലീസ് ആസ്ഥാനത്തേക്ക് സ്ഥലംമാറ്റിയത്. സീനിയർ സിവിൽ പൊലീസ് ഓഫിസർ ഷാജി കൈതേരികണ്ടി, സി.പി.ഒമാരായ വി.കെ. സന്ദീപ് കുമാർ, പി. വിപിൻ, സി. ജിനീഷ്, പി. അശ്വിൻ എന്നിവർക്കെതിരെയാണ് നടപടി.
ദേശാഭിമാനി മട്ടന്നൂർ ഏരിയ ലേഖകൻ ശരത് പുതുക്കുടിയെ ഒക്ടോബർ നാലിനാണ് പൊലീസ് മർദിച്ചത്. എസ്.എഫ്.ഐ വിജയ പ്രകടനത്തിനിടെ വിദ്യാര്‍ഥി സംഘടനകള്‍ തമ്മില്‍ സംഘര്‍ഷമുണ്ടായി. എസ്.എഫ്.ഐ പ്രവര്‍ത്തകരെ പൊലീസ് വാഹനത്തിൽ മർദിക്കുന്നത് പകർത്തുകയും ഇതിന് നേതൃത്വം നൽകിയ എ.എസ്.ഐയുടെ പേര് കുറിച്ചുവെക്കുകയും ചെയ്തതിന് പിന്നാലെയാണ് ശരത്തിനെ ഉദ്യോഗസ്ഥർ വലിച്ചിഴച്ച് മർദിച്ചത്.
ദേശാഭിമാനി ലേഖകനാണെന്ന് പറഞ്ഞിട്ടും വലിച്ചിഴച്ച് വാഹനത്തിൽ കയറ്റി നേതാക്കളെ അടക്കം കേട്ടാലറക്കുന്ന തെറിവർഷം നടത്തിയതായും ക്രൂരമായി മർദിച്ചതായും ശരത് പറയുന്നു. സാരമായി പരിക്കേറ്റ ശരത് ചികിത്സയിലാണ്.
സംഭവം വിവരിച്ചുകൊണ്ട് അക്രമിച്ച പൊലീസ് ഉദ്യോഗസ്ഥരുടെ പേരുകൾ സഹിതം ശരത് സമൂഹമാധ്യമങ്ങളിൽ കുറിച്ച പോസ്റ്റ് ചർച്ചയായിരുന്നു. കേരള പൊലീസിലെ ക്രിമിനലുകൾക്കെതിരെ പൊലീസിലെ ക്രമിനലിസത്തിനെതിരെ പി.വി. അൻവർ എം.എൽ.എയുടെ ആരോപണങ്ങൾക്ക് പിന്നാലെയാണ് ഭരണപക്ഷ പാർട്ടിയുടെ മുഖപത്രത്തിന്റെ ലേഖകന് ക്രൂര മർദനമേറ്റത്. സേനയിലെ ചില ഉദ്യോഗസ്ഥരുടെ നടപടികളിൽ സി.പി.എം ശക്തികേന്ദ്രമായ കണ്ണൂരിലും അണികൾക്കിടയിൽ വലിയ അമർഷമുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.