സർക്കാർ-ഗവർണർ പോരിന് തുടക്കമിട്ട രാഷ്ട്രീയ വിവാദം
text_fieldsതിരുവനന്തപുരം: കണ്ണൂർ സർവകലാശാല വൈസ്ചാൻസലർ ഡോ. ഗോപിനാഥ് രവീന്ദ്രന്റെ പുനർനിയമനം സംസ്ഥാന രാഷ്ട്രീയത്തിൽ തുടക്കമിട്ടത് സർക്കാർ -ഗവർണർ പരസ്യ ഏറ്റുമുട്ടലിനായിരുന്നു. രാഷ്ട്രപതിയായിരുന്ന രാംനാഥ് കോവിന്ദിന് ഡി.ലിറ്റ് നൽകാനുള്ള ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ നിർദേശം സർക്കാർ ഇടപെടലിനെ തുടർന്ന് കേരള സർവകലാശാല തള്ളിയിരുന്നു. ഇതിനിടെയാണ് 2021 ഡിസംബറിൽ കണ്ണൂർ വി.സിക്ക് പുനർനിയമനം നൽകണമെന്ന ആവശ്യവുമായി മുഖ്യമന്ത്രി പിണറായി വിജയൻ നേരിട്ട് ഗവർണറെ കാണുന്നത്.
പുതിയ വി.സിയെ നിയമിക്കാൻ വിജ്ഞാപനമിറക്കി നടപടി പുരോഗമിക്കുന്നതിനിടെയായിരുന്നു ഇത്. സർക്കാർ എ.ജിയുടെ നിയമോപദേശം ഹാജരാക്കിയതിന്റെ ബലത്തിൽ ഗോപിനാഥ് രവീന്ദ്രന് പുനർനിയമനം നൽകിയ ഗവർണർ തൊട്ടടുത്ത ദിവസംതന്നെ മുഖ്യമന്ത്രിക്ക് കത്തെഴുതി. വി.സി നിയമനത്തിൽ ചെയ്യേണ്ടി വന്ന നിയമവിരുദ്ധതയും ചട്ടലംഘനവും കത്തിൽ തുറന്നുപറഞ്ഞ ചാൻസലർ പദവി മുഖ്യമന്ത്രിയോട് ഏറ്റെടുക്കാനും ആവശ്യപ്പെട്ടു. കത്ത് രാജ്ഭവൻ കേന്ദ്രങ്ങൾതന്നെ പുറത്തുവിട്ടതോടെ സർക്കാർ പ്രതിരോധത്തിലായി.
പ്രതിരോധം തീർക്കാൻ മുഖ്യമന്ത്രിയും ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ബിന്ദുവും ഉൾപ്പെടെ രംഗത്തുവന്നു. ഇതോടെ വി.സി നിയമനത്തിനുള്ള സെർച് കമ്മിറ്റി പിരിച്ചുവിടാനും ഗോപിനാഥ് രവീന്ദ്രന് പുനർനിയമനം നൽകാനും ആവശ്യപ്പെടുന്ന മന്ത്രി ബിന്ദുവിന്റെ കത്തും പുറത്തുവന്നു. പിന്നാലെ കണ്ണൂർ സർവകലാശാല മലയാളം വിഭാഗത്തിൽ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ. രാഗേഷിന്റെ ഭാര്യ പ്രിയ വർഗീസിന് അസോ. പ്രഫസറായി നിയമനം നൽകാനുള്ള നീക്കം ഗവർണർ സ്റ്റേ ചെയ്തു. ഇതും സർക്കാറും ഗവർണറും തമ്മിലുള്ള പോര് കനക്കാൻ ഇടയാക്കി.
സുപ്രീംകോടതി പരിഗണിച്ച നാല് വിഷയങ്ങൾ
ന്യൂഡൽഹി: കേരള സർക്കാറിന് കനത്ത തിരിച്ചടിയായ വിധിയിൽ, നാല് വിഷയങ്ങളാണ് കേസിൽ പരിഗണിച്ചതെന്ന് ജസ്റ്റിസ് പർദിവാല എഴുതിയ വിധിന്യായത്തിൽ വ്യക്തമാക്കുന്നു.
ഒന്ന്) കണ്ണൂർ സർവകലാശാല വൈസ് ചാൻസലർ പദവിയിൽ പുനർ നിയമനം പറ്റുമോ?
രണ്ട്) വി.സിയുടെ പരമാവധി പ്രായം 60 വയസ്സായിരിക്കണമെന്ന് 1996ലെ കണ്ണൂർ സർവകലാശാല നിയമത്തിലെ 10(9) വകുപ്പ് നിഷ്കർഷിച്ചത് പുനർ നിയമനത്തിൽ ബാധകമാകുമോ?
മൂന്ന്) ഒരു വൈസ് ചാൻസലറുടെ പുനർ നിയമനം പുതിയൊരു വി.സിയെ നിയമിക്കുംപോലെ അതേ നിയമത്തിലെ 10(1) വകുപ്പ് പറയും പ്രകാരം സെലക്ഷൻ കമ്മിറ്റി ഉണ്ടാക്കിയിട്ട് വേണോ?
നാല്) വൈസ് ചാൻസലർ നിയമനത്തിൽ തനിക്കുള്ള ഭരണഘടനാപരമായ അധികാരം ചാൻസലറായ ഗവർണർ അടിയറവ് വെച്ചോ?
കോടതി നൽകിയ ഉത്തരങ്ങൾ
ഒന്ന്) കണ്ണൂർ സർവകലാശാല വൈസ് ചാൻസലർ തസ്തികയിൽ പുനർ നിയമനം സാധ്യമാണ്.
രണ്ട്) 1996ലെ കണ്ണൂർ സർവകലാശാല നിയമത്തിലെ 10(9) വകുപ്പ് നിഷ്കർഷിച്ച 60 വയസ്സിന്റെ ഉയർന്ന പ്രായപരിധി അതേ നിയമത്തിന്റെ 10(10) വകുപ്പ് പ്രകാരമുള്ള പുനർ നിയമനത്തിന് ബാധകമല്ല
മൂന്ന്) സർവകലാശാല നിയമം 10(1) വകുപ്പ് പ്രകാരം പുതിയൊരു വി.സിയെ നിയമിക്കാനുള്ള നടപടിക്രമം വി.സി പുനർ നിയമനത്തിലും പാലിക്കണം.
നാല്) ചാൻസലറെന്ന നിലക്ക് സ്വന്തം നിലക്ക് തീർപ്പുകൽപിക്കാതെ ഗവർണർ സർക്കാറിന്റെ ഇംഗിതത്തിന് മാത്രം വഴങ്ങി ഗോപിനാഥ് രവീന്ദ്രനെ വൈസ് ചാൻസലറായി പുനർ നിയമിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.