പി.ടിയെ മാനിഫെസ്റ്റോയായി കണ്ട രാഷ്ട്രീയക്കാരി
text_fieldsകൊച്ചി: 'തൃക്കാക്കരയുടെ ഓരോ പ്രദേശവും സന്ദർശിച്ച് വരുമ്പോൾ പി.ടി. തോമസ് അവിടത്തെ പ്രശ്നങ്ങൾ ഒരു കുറിപ്പിൽ എഴുതി ഡയറിയിൽ സൂക്ഷിച്ചിട്ടുണ്ട്. വിജയിച്ചാൽ അതുമാത്രം മതി എനിക്ക് ഈ മണ്ഡലത്തിന്‍റെ പ്രശ്നങ്ങൾ മനസ്സിലാക്കി പ്രവർത്തിക്കാൻ' -പ്രചാരണ കാലത്ത് യു.ഡി.എഫ് സ്ഥാനാർഥി ഉമ തോമസ് ഇങ്ങനെ മനസ്സ് തുറന്നിട്ടുണ്ട്. അക്ഷരാർഥത്തിൽ പി.ടി തന്നെയാണ് ഉമയുടെ മാനിഫെസ്റ്റോ. അത് മുന്നിൽവെച്ചാണ് അവർ മത്സരിച്ചതും ജനം അവരെ വിജയിപ്പിച്ചതും.
പാലാരിവട്ടം വൈലാശ്ശേരി റോഡിൽ പുതിയാപറമ്പിൽ വീട്ടിൽ 56കാരിയായ ഉമ തോമസ് ബി.എസ്സി സുവോളജി ബിരുദധാരിയാണ്. എറണാകുളം മഹാരാജാസ് കോളജിൽ 1980-85 കാലയളവിൽ പ്രീഡിഗ്രിയും ഡിഗ്രിയും പഠിച്ചു. 82ൽ കോളജ് യൂനിയൻ തെരഞ്ഞെടുപ്പിൽ കെ.എസ്.യു പാനലിൽ വനിത പ്രതിനിധിയായി വിജയിച്ചു. 84ൽ കെ.എസ്.യു പാനലിൽ വൈസ് ചെയർമാനായി.
കെ.എസ്.യു സംസ്ഥാന പ്രസിഡന്റായിരുന്ന പി.ടി. തോമസുമായി വെല്ലുവിളികൾ നിറഞ്ഞ പ്രണയം ആരംഭിച്ചത് അക്കാലത്താണ്. സമ്പന്ന ബ്രാഹ്മണ കുടുംബാംഗമായിരുന്ന ഉമയുടെ വീട്ടുകാർ ഈ ബന്ധത്തെ കഠിനമായി എതിർത്തു. കല്യാണം പള്ളിയിൽ നടത്തണം എന്ന ആഗ്രഹം പി.ടിയുടെ വീട്ടുകാരും പ്രകടിപ്പിച്ചു. ഉമയെ വീട്ടിൽനിന്ന് വിളിച്ചിറക്കി മതം മാറ്റിക്കാതെ ക്നാനായ നിയമം അനുസരിച്ച് കോതമംഗലത്തെ പള്ളിയിൽവെച്ചാണ് പി.ടി വിവാഹം കഴിച്ചത്. 1987 ജൂലൈ നാലിനായിരുന്നു വിവാഹം. കുറേക്കാലം കഴിഞ്ഞപ്പോൾ എല്ലാവരുടെയും എതിർപ്പും മാറി.
കൊച്ചി ആസ്റ്റർ മെഡ്സിറ്റിയിൽ ഫിനാൻസ് ഡിപ്പാർട്മെന്റ് അസി. മാനേജറാണ് ഉമ തോമസ്. ഡോ. വിഷ്ണു തോമസ് (അസി. പ്രഫസർ, അൽ അസ്ഹർ ഡെന്റൽ കോളജ്, തൊടുപുഴ), വിവേക് തോമസ് (നിയമ വിദ്യാർഥി, ഗവ. ലോ കോളജ്, തൃശൂർ) എന്നിവരാണ് മക്കൾ. മരുമകൾ ഡോ. ബിന്ദു അബി തമ്പാൻ (മഴുവഞ്ചേരി സ്പെഷാലിറ്റി ഡെന്റൽ ക്ലിനിക്, ആലുവ).
'ഇല്ല, ഇല്ല മരിച്ചിട്ടില്ല. ഞങ്ങടെ പി.ടി മരിച്ചിട്ടില്ല...' കഴിഞ്ഞ ഡിസംബർ 23ന് കേരളമാകെ പ്രതിധ്വനിച്ച ആ മുദ്രാവാക്യം വിളികൾ ഇന്നലെ എറണാകുളത്ത് വീണ്ടും മുഴങ്ങി. ഇക്കുറി പി.ടിയുടെ പകരക്കാരിയായി ഉമ തോമസ് ജയിച്ചിറങ്ങിയപ്പോൾ അതേ മഹാരാജാസ് കോളജിന്‍റെ വാകമരങ്ങൾ തണലിട്ട ഇടങ്ങളിൽനിന്നുതന്നെ. 'ഈ മനോഹര തീരത്ത് തരുമോ, ഇനിയൊരു ജന്മം കൂടി...' എന്ന വയലാറിന്റെ വരികൾ കേട്ട് തീനാളമായി എരിഞ്ഞടങ്ങിയ പി.ടിയുടെ പോരാട്ടവഴികളിൽ ഇനി ഉമയുടെ കാൽവെപ്പുകൾ കാണാം...
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.