നിർധന സ്ത്രീയുടെ പെട്ടിക്കട തല്ലിപ്പൊളിച്ചു; പകരം ഉപജീവനമാർഗം അനുവദിക്കണമെന്ന് മനുഷ്യാവകാശ കമീഷൻ
text_fieldsപാലക്കാട്: വിധവയും ഭിന്നശേഷിക്കാരായ രണ്ടു മക്കളുടെ മാതാവുമായ നിർധന സ്ത്രീ നടത്തിവന്ന പെട്ടിക്കട, അനധികൃത കൈയേറ്റം ഒഴിപ്പിക്കുന്നതിന്റെ ഭാഗമായി നീക്കം ചെയ്ത സാഹചര്യത്തിൽ ഇവർക്ക് ജീവനോപാധി കണ്ടെത്താൻ ജില്ല കലക്ടർ നടപടിയെടുക്കണമെന്ന് മനുഷ്യാവകാശ കമീഷൻ. ജില്ല കലക്ടർക്കാണ് കമീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് നിർദേശം നൽകിയത്.
ഉത്തരവ് ലഭിച്ച് രണ്ടു മാസത്തിനുള്ളിൽ ജില്ല കലക്ടർ നടപടി റിപ്പോർട്ട് സമർപ്പിക്കണമെന്നും കമീഷൻ ആവശ്യപ്പെട്ടു. വണ്ടാഴി മുടപ്പല്ലൂർ മംഗലം റോഡിലാണ് കെ.ടി. രജനിക്ക് ഒരു സന്നദ്ധ സംഘടന പെട്ടിക്കട നൽകിയത്. എന്നാൽ പൊതുമരാമത്ത് വകുപ്പ് പെട്ടിക്കട തല്ലിപ്പൊളിച്ചതായി പരാതിക്കാരി കമീഷനെ അറിയിച്ചു. പെട്ടിക്കടയുടെ പിന്നിലുള്ളവർ പരാതി നൽകിയതിന്റെ അടിസ്ഥാനത്തിലാണ് ഒഴിവാക്കിയതെന്ന് വണ്ടാഴി ഗ്രാമപഞ്ചായത്ത് സെക്രട്ടറി കമീഷനെ അറിയിച്ചു.
റോഡരികിലെ അനധികൃത കൈയേറ്റം ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് പെട്ടിക്കട ഒഴിപ്പിച്ചതെന്ന് പൊതുമരാമത്ത് റോഡ്സ് വിഭാഗം അസി. എൻജിനീയർ കമീഷൻ സിറ്റിങ്ങിൽ നേരിട്ട് ഹാജരായി റിപ്പോർട്ട് സമർപ്പിച്ചു. അനധികൃത കൈയേറ്റങ്ങൾ ഒഴിപ്പിക്കുന്നതിന്റെ ഭാഗമായി പെട്ടികട നീക്കം ചെയ്ത പൊതുമരാമത്ത് അധികൃതരുടെ നടപടിയിൽ അപാകതയില്ലെന്ന് കമീഷൻ ചൂണ്ടിക്കാട്ടി.
എന്നാൽ ഉത്തരവ് വിധവയും ഭിന്നശേഷിക്കാരായ മക്കളുടെ മാതാവുമായ ഒരാളുടെ ജീവിതം ഗതിമുട്ടിച്ചത് തികച്ചും ഖേദകരമാണെന്ന് കമീഷൻ ഉത്തരവിൽ പറഞ്ഞു. ഇത്തരം ആളുകളെ സഹായിക്കേണ്ടത് സർക്കാറിന്റെയും സമൂഹത്തിന്റെയും ബാധ്യതയാണെന്ന് കമീഷൻ ഉത്തരവിൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.