എം.കെ അഷ്‌റഫിനെ അറസ്റ്റ് ചെയ്തത് ആർ.എസ്.എസ് ഗൂഢാലോചനയുടെ ഭാഗമെന്ന് പോപുലര്‍ ഫ്രണ്ട്
text_fieldsകോഴിക്കോട്: പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന സമിതിയംഗം എം.കെ അഷ്‌റഫിനെ ഇ.ഡി അറസ്റ്റ് ചെയ്തത് മുന്‍കൂട്ടി തയാറാക്കിയ തിരക്കഥയുടെ ഭാഗമാണെന്ന് പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന പ്രസിഡന്റ് സി.പി മുഹമ്മദ് ബഷീര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. നിയമലംഘനവും ദുരുദ്ദേശപരവുമായ സമീപനമാണ് ഇ.ഡിയുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടുള്ളത്. ആർ.എസ്.എസ് നടത്തിയ ഗൂഢാലോചനയുടെ ഭാഗമായി ഇ.ഡി പ്രവര്‍ത്തിക്കുകയായിരുന്നു.
ചോദ്യം ചെയ്യാനെന്ന വ്യാജേന ഡല്‍ഹിയിലേക്ക് വിളിച്ചുവരുത്തിയ ശേഷമാണ് അഷ്‌റഫിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. സമാനരീതിയില്‍ പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകനായ ബി.പി അബ്ദുല്‍ റസാഖിനെ അടുത്തിടെ ഇ.ഡി അറസ്റ്റ് ചെയ്തിരുന്നു. ജനുവരിയില്‍ എം.കെ അഷ്‌റഫിന്റെ വീട്ടിലും സ്ഥാപനത്തിലും ഇ.ഡിയുടെ നേതൃത്വത്തില്‍ പരിശോധന നടത്തിയിരുന്നു. ഈ പരിശോധനയില്‍ ഒന്നും കണ്ടെത്താന്‍ സാധിച്ചില്ല. തുടര്‍ന്ന് ഇ.ഡി ചില രേഖകള്‍ ഡല്‍ഹിയില്‍ എത്തിക്കാന്‍ ആവശ്യപ്പെടുകയുണ്ടായി. ഇ.ഡി ആവശ്യപ്പെട്ട രേഖകള്‍ നിയമാനുസൃതമായി സമര്‍പ്പിക്കുന്നതിന് കഴിഞ്ഞദിവസം ഡല്‍ഹിയിലെത്തിയപ്പോഴാണ് അഷ്‌റഫിനെ അറസ്റ്റ് ചെയ്തതെന്നും സി.പി മുഹമ്മദ് ബഷീര്‍ പറഞ്ഞു.
പോപുലര്‍ ഫ്രണ്ടിനെ പൊതുജനമധ്യത്തില്‍ അപകീര്‍ത്തിപ്പെടുത്തുകയെന്ന തീരുമാനത്തിന്റെ ഭാഗമായി കേന്ദ്രഏജന്‍സികളെ ഉപയോഗപ്പെടുത്തിയുള്ള വേട്ടയാടലുകള്‍ ബി.ജെ.പി തുടരുകയാണ്. ഇതിനായി ആര്‍എസ്എസ് കേന്ദ്രത്തില്‍ നിന്നും നടത്തുന്ന ചരടുനീക്കങ്ങള്‍ക്ക് അനുസരിച്ച് ചലിക്കുന്ന പാവകളായി കേന്ദ്ര ഏജന്‍സികള്‍ മാറിക്കഴിഞ്ഞു. പോപുലര്‍ ഫ്രണ്ടിനെതിരായി ആധികാരികമായി ഒരു നിയമലംഘനങ്ങളും കണ്ടെത്താന്‍ ഇ.ഡിക്ക് കഴിഞ്ഞിട്ടില്ല. ഈ സാഹചര്യത്തില്‍ നേതാക്കളെയും പ്രവര്‍ത്തകരെയും നിരന്തരം വേട്ടയാടി ജയിലടച്ച് സംഘടനയെ തളര്‍ത്താമെന്ന തന്ത്രമാണ് പയറ്റുന്നത്.
ഇതിനെതിരെ നിയമപരമായ പോരാട്ടങ്ങള്‍ തുടരുമെന്നും ഇഡിയുടെ വേട്ടയാടലിനെതിരെ ഇന്ന് സംസ്ഥാന വ്യാപകമായി പ്രതിഷേധം സംഘടിപ്പിക്കുമെന്നും ഈമാസം 18ന് തിങ്കളാഴ്ച എറണാകുളത്തെ ഇ.ഡി ഓഫീസിലേക്ക് മാര്‍ച്ച് നടത്തുമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന സെക്രട്ടറി സി.എ റഊഫും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.