ദേശീയപാതയുടെ വശങ്ങളിലെ കുഴി അപകടഭീഷണിയാകുന്നു
text_fieldsപുനലൂർ: തിരക്കേറിയ കൊല്ലം-തിരുമംഗലം ദേശീയപാതയുടെ വശങ്ങളിലെ കുഴി വാഹനയാത്രികർക്ക് അപകടഭീഷണിയാകുന്നു. പുനലൂർ മുതൽ കോട്ടവാസൽ വരെ അപകടഭീഷണിയുള്ള ഭാഗത്താണ് പാതയുടെ ടാറിങ് അവസാനിക്കുന്ന ഭാഗത്ത് രണ്ടും മൂന്നും അടി താഴ്ചയിലുള്ള കുഴികൾ ഉള്ളത്.
കൊടുംവളവുകളും വീതി കുറവുമുള്ള ഭാഗങ്ങളിൽ എതിരെ വരുന്ന വാഹനത്തിന് വശം കൊടുക്കുകയോ മുന്നിലെ വാഹനങ്ങളെ മറികടക്കാൻ ശ്രമിക്കുമ്പോഴോ ഈ കുഴികളിൽപ്പെട്ട് വാഹനങ്ങൾ അപകടത്തിലാകുന്നു. ഇരുചക്രവാഹനങ്ങളും ചെറിയ കാറുകളുമാണ് കൂടുതലായി അപകടത്തിലാകുന്നത്.
രാത്രിയിലും മഴസമയത്തും വെളിച്ചക്കുറവ് കൂടി അനുഭവപ്പെടുന്നതോടെ വാഹനങ്ങൾ കുഴികളിൽപെടുന്നു. ശബരിമല തീർഥാടകർ ഇതുവഴി കൂടൂതലായി എത്തുന്നത് കണക്കിലെടുത്ത് പാതയുടെ വശങ്ങളിലെ കുഴി നികത്തുമെന്ന് അധികൃതർ ബന്ധപ്പെട്ടവരുടെ അവലോകനയോഗങ്ങളിൽ ഉറപ്പുനൽകിയിരുന്നു.
എന്നാൽ ഒരു മാസമായിട്ടും ഒരിടത്തും കുഴി നികത്താനോ അപായസൂചനാബോർഡുകൾ സ്ഥാപിക്കാനോ അധികൃതർ തയാറായിട്ടില്ല. മകരവിളക്കിന് മുന്നോടിയായി ഇനിയുള്ള ദിവസങ്ങളിൽ ഇതുവഴി ഇതര സംസ്ഥാന തീർഥാടകർ കൂടുതലായി എത്തിച്ചേരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.