ദേവസ്വം ബോർഡ് വൻ പ്രതിസന്ധിയിലെന്ന് പ്രസിഡൻറ്
text_fieldsകോട്ടയം: ശബരിമല തീർഥാടകരുടെ എണ്ണം കുറഞ്ഞതോടെ തിരുവിതാംകൂർ ദേവസ്വം ബോർഡ് കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്ന് പ്രസിഡൻറ് എൻ. വാസു. തീർഥാടനം തുടങ്ങി ഒരാഴ്ചയാകുേമ്പാൾ വിവിധ ഇനങ്ങളിൽ ലഭിച്ച വരുമാനം 10 ലക്ഷത്തിൽ താഴെയാണെന്നും ഒരു വാർത്തചാനലിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു.
പ്രേക്ഷകരുടെ ചോദ്യത്തിന് നൽകിയ മറുപടിയിലും ബോർഡിെൻറ പ്രതിസന്ധി അദ്ദേഹം പങ്കുവെച്ചു. കാര്യങ്ങൾ ഇങ്ങനെ മുന്നോട്ടുപോയാൽ 66 ദിവസം നീളുന്ന ശബരിമല തീർഥാടനത്തിെൻറ ദൈനംദിന ചെലവുകൾ എങ്ങനെ നടത്തുമെന്ന് അറിയില്ല -പ്രസിഡൻറ് പറഞ്ഞു.
കഴിഞ്ഞ തീർഥാടനകാലത്ത് ഈ ദിവസങ്ങളിലെ പ്രതിദിന വരുമാനം മൂന്നര കോടി രൂപയായിരുന്നു. ലേലം നിലച്ചതും വരുമാനത്തെ ബാധിച്ചു. കടകൾ, വഴിപാട്, നാളികേരം എന്നിവയുടെ ലേലത്തിലൂടെ 35 കോടി കഴിഞ്ഞ തീർഥാടനകാലത്ത് ലഭിച്ചു. ഇത്തവണ ഇതും കുറഞ്ഞു.
ശബരിമലയുമായി ബന്ധപ്പെട്ട മറ്റ് ക്ഷേത്രങ്ങളിലും വരുമാനമില്ല. ജീവനക്കാരുടെ ശമ്പളമടക്കം കോടികളുടെ ബാധ്യതയാണ് ബോർഡിനുള്ളത്. മണ്ഡലകാലം തുടങ്ങിയശേഷം ഇതുവരെ ദർശനത്തിന് എത്തിയത് 9000 പേർ മാത്രമാണ്. അതേസമയം ശബരിമലയുമായി ബന്ധപ്പെട്ട എരുമേലിയടക്കം പ്രധാന കേന്ദ്രങ്ങളും ആളനക്കമില്ലാത്ത അവസ്ഥയാണ്.
തീർഥാടകർ ഗണ്യമായി കുറഞ്ഞതോടെ സീസൺ കച്ചവടക്കാരും ദുരിതത്തിലാണ്. എരുമേലിയിലും ഇത്തവണ ദേവസ്വം ബോർഡിെൻറ കട-ഗ്രൗണ്ട്, നാളികേരലേലം നടന്നില്ല. താൽക്കാലിക ഹോട്ടലുകളും കച്ചവട കേന്ദ്രങ്ങളും ഇല്ല. പേട്ടകെട്ടാൻ പോലും തീർഥാടകർ ഇല്ലെന്നതാണ് സ്ഥിതി. തീർഥാടകരുടെ എണ്ണം കുറഞ്ഞതോടെ കെ.എസ്.ആർ.ടി.സിയും കടുത്ത പ്രതിസന്ധിയിലാണ്. കോട്ടയം-പത്തനംതിട്ട എന്നിവടങ്ങളിൽനിന്ന് നാമമാത്ര സർവിസാണുള്ളത്.
പമ്പക്കുള്ള ബസുകളെല്ലാം ഡിപ്പോകളിൽ വെറുതെകിടക്കുന്നു. 400 ബസുകളാണ് അറ്റകുറ്റപ്പണി തീർത്ത് പമ്പ സർവിസിന് സജ്ജമാക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.