ന്യൂനപക്ഷ വകുപ്പ് മുഖ്യമന്ത്രി ഏറ്റെടുത്തതിന് പിന്നിൽ സഭകളുടെ സമ്മർദമെന്ന് സൂചന
text_fieldsകോഴിക്കോട്: ഒന്നാം പിണറായി സർക്കാറിൽ കെ.ടി. ജലീൽ കൈകാര്യം ചെയ്തിരുന്ന ന്യൂനപക്ഷ ക്ഷേമ വകുപ്പ് പുതിയ സർക്കാറിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഏറ്റെടുത്തു. പുതിയ മന്ത്രിസഭയിൽ വി. അബ്ദുറഹ്മാനായിരിക്കും ന്യൂനപക്ഷ ക്ഷേമ വകുപ്പെന്ന് ഏറക്കുറെ ഉറപ്പായിരുന്നു. എന്നാൽ, വെള്ളിയാഴ്ച രാവിലെ ഔദ്യോഗിക വിജ്ഞാപനം സർക്കാർ പുറത്തിറക്കിയതോടെയാണ് ന്യൂനപക്ഷ ക്ഷേമ വകുപ്പ് മുഖ്യമന്ത്രി ഏറ്റെടുത്തതായി വ്യക്തമായത്. പുതിയ മന്ത്രിസഭ അധികാരമേൽക്കുേമ്പാൾ ന്യൂനപക്ഷ ക്ഷേമ വകുപ്പ് മുഖ്യമന്ത്രി ഏറ്റെടുക്കുകയോ ക്രൈസ്തവ മന്ത്രിയെ ഏൽപ്പിക്കുകയോ ചെയ്യണമെന്ന് കേരള കാത്തലിക് യൂത്ത് മൂവ്മെന്‍റ് (കെ.സി.വൈ.എം) സംസ്ഥാന സമിതിയും കത്തോലിക്ക കോൺഗ്രസും ആവശ്യപ്പെട്ടിരുന്നു.
രണ്ടാം പിണറായി മന്ത്രിസഭയിൽ മലപ്പുറം ജില്ലയെ പ്രതിനിധാനം ചെയ്ത് അംഗമായ വി. അബ്ദുറഹ്മാൻ ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രിയാകുമെന്ന് ഉറപ്പായിരിക്കേയാണ് അപ്രതീക്ഷിത നീക്കം. ന്യൂനപക്ഷ ക്ഷേമ വകുപ്പ് മുഖ്യമന്ത്രി ഏറ്റെടുത്തതോടെ കായികം, വഖഫ്, ഹജ്ജ് തീർഥാടനം, പോസ്റ്റ് ആൻഡ് ടെലഗ്രാഫ്, റെയിൽവേ എന്നീ വകുപ്പുകളാണ് ഇപ്പോൾ അബ്ദുറഹ്മാനുള്ളത്. ന്യൂനപക്ഷ ക്ഷേമം മുഖ്യമന്ത്രി ഏറ്റെടുത്തതിന് പകരമായാണ് റെയിൽവേയുടെ ചുമതല നൽകിയത്. അബ്ദുറഹ്മാന് കായികം മാത്രമാണ് ഇപ്പോൾ പ്രധാന വകുപ്പായി ലഭിച്ചിട്ടുള്ളത്. ഔദ്യോഗികമായി വകുപ്പുകളുടെ പ്രഖ്യാപനമായതോടെ നേരത്തേ നിശ്ചയിച്ചതിൽനിന്ന് വി. അബ്ദുറഹ്‌മാന്‍റെ വകുപ്പിൽ മാത്രമേ മാറ്റങ്ങളുണ്ടായിട്ടുള്ളൂ.
കഴിഞ്ഞ സർക്കാറിന്‍റെ കാലത്ത് ന്യൂനപക്ഷ ക്ഷേമ വകുപ്പിനും വകുപ്പുമന്ത്രിയായ ജലീലിനും എതിരെ ചില കോണുകളിൽനിന്ന് വിമർശനങ്ങൾ ഉയർന്നിരുന്നു. ഫണ്ട് വിതരണത്തിൽ വിവേചനമുണ്ടെന്ന് അന്ന് ക്രൈസ്തവ സഭകൾ ആരോപണം ഉന്നയിക്കുകയും ചെയ്തു. ഈ പശ്ചാത്തലത്തിൽ, തുടർഭരണം കിട്ടിയതോടെ സഭകളുടെ ആവശ്യം മുൻനിർത്തി ന്യൂനപക്ഷ ക്ഷേമ വകുപ്പ് മുഖ്യമന്ത്രി നേരിട്ട് ഏറ്റെടുക്കാൻ തീരുമാനിക്കുകയായിരുന്നുവെന്നാണ് സൂചന.
2008ൽ ന്യൂനപക്ഷ ക്ഷേമ വകുപ്പ് നിലവിൽ വന്നതു മുതൽ മുസ്ലിം വിഭാഗത്തിന്‍റെ കുത്തകയായിരിക്കുകയാണെന്നും ന്യൂനപക്ഷ ക്ഷേമപദ്ധതിയുടെ സിംഹഭാഗവും മുസ്ലിം വിഭാഗത്തിലേക്ക് ഒതുങ്ങിക്കൂടിയെന്നും കെ.സി.വൈ.എം ആരോപണമുന്നയിച്ചിരുന്നു. പുതിയ സർക്കാർ വരുേമ്പാൾ ന്യൂനപക്ഷ വകുപ്പ് മുഖ്യമന്ത്രി ഏറ്റെടുക്കുകയോ ക്രൈസ്തവ മന്ത്രിയെ ഏൽപ്പിക്കുകയോ ചെയ്യണമെന്ന് ശിപാർശ വെക്കണമെന്ന് കെ.സി.വൈ.എം താമരശ്ശേരി രൂപത സെക്രട്ടറി അഭിലാഷ് കുടിപ്പാറ സംസ്ഥാന ഭാരവാഹികൾക്ക് എഴുതിയ കത്ത് സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
80:20 എന്ന രീതിയിൽ സ്കോളർഷിപ്പുകളെ പാർശ്വവൽകരിച്ചു, സാമ്പത്തിക സംവരണത്തെ അട്ടിമറിക്കാൻ ശ്രമിക്കുന്നു, മുസ്ലിം വിഭാഗത്തിലെ വിധവകൾ, മത അധ്യാപകർ, പെൺകുട്ടികൾ തുടങ്ങിയവർക്ക് മാത്രം ആനുകൂല്യങ്ങൾ നൽകി ന്യൂനപക്ഷ വകുപ്പിനെ ഒരു വിഭാഗത്തിന് തീറെഴുതി കൊടുക്കുന്നു തുടങ്ങിയ ആക്ഷേപങ്ങളും കെ.സി.വൈ.എം ഉന്നയിക്കുന്നു.
ന്യൂനപക്ഷ വകുപ്പ് കാലങ്ങളായി കൈകാര്യം ചെയ്തവരിൽനിന്ന് കടുത്ത വിവേചനം നേരിട്ടതിനാൽ വകുപ്പ് സി.പി.എമ്മിൽനിന്നോ ക്രൈസ്തവ സമൂഹത്തിൽനിന്നോ ഉള്ള മന്ത്രിയെ ഏൽപിക്കണമെന്നാണ് കത്തോലിക്ക കോൺഗ്രസും ആവശ്യമുന്നയിച്ചത്. ബജറ്റിലൂടെ കേന്ദ്രസർക്കാർ പൊതുഖജനാവിൽനിന്നും അനുവദിക്കുന്ന പദ്ധതി തുകയും സംസ്ഥാന സർക്കാർ പദ്ധതികളും ന്യൂനപക്ഷത്തിലെ ഭൂരിപക്ഷം അധികാരത്തിന്‍റെ പിൻബലത്തിൽ സ്വന്തമാക്കുേമ്പാൾ ക്രൈസ്തവർ പിന്തള്ളപ്പെടുകയാണെന്നും കത്തോലിക്ക കോൺഗ്രസ് ആരോപിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.