പ്രമേഹ, ഹൃദ്രോഗ മരുന്നുകൾക്ക് വില കുറച്ചു
text_fieldsമലപ്പുറം: പ്രമേഹമുൾപ്പെടെയുള്ള രോഗങ്ങൾക്ക്, സാധാരണ ഉപയോഗിക്കുന്ന ഫിക്സഡ് ഡോസ് കോമ്പിനേഷൻ ഉൾപ്പെടെ 41 മരുന്നുകളുടെ ചില്ലറ വിൽപന വില കുറച്ചും ആറ് ഫോർമുലേഷനുകളുടെ വിലപരിധി നിശ്ചയിച്ചും ദേശീയ മരുന്നുവില നിയന്ത്രണ അതോറിറ്റി (എൻ.പി.പി.എ) വിജ്ഞാപനമിറക്കി.
പ്രമേഹം, ശരീരവേദന, ഹൃദ്രോഗം, കരൾപ്രശ്നങ്ങൾ, അണുബാധ, അലർജി, ദഹനപ്രശ്നം എന്നിവക്കുള്ള മരുന്നുകൾ, മൾട്ടി വിറ്റമിനുകൾ, ആൻറിബയോട്ടിക്കുകൾ എന്നിവയുടെ വിലയാണ് കുറച്ചത്. മരുന്നിനെയും ഇൻസുലിനെയും ആശ്രയിക്കുന്ന പ്രമേഹരോഗികൾക്ക് ഇതേറെ ഗുണംചെയ്യും.
കരളിലെ ഗ്ലൂക്കോസ് ഉൽപാദനം കുറച്ച് രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് കുറക്കാൻ ഉപയോഗിക്കുന്ന ഡാപാഗ്ലിഫ്ലോസിൻ മെറ്റ്ഫോർമിൻ ഹൈഡ്രോക്ലോറൈഡ് ഗുളികകളുടെ വില 30 രൂപയിൽനിന്ന് 16 രൂപയാക്കി.
ആസ്ത്മക്കുള്ള ബുഡെസോണൈഡ് ഫോർമോട്ടെറോൾ കോമ്പിനേഷൻ 120 ഡോസുള്ള ഒരു ബോട്ടിലിന്റെ വില 794.40 രൂപയായി കുറച്ചു.
നേരത്തേ 3800 രൂപയായിരുന്നു വില. രക്തസമ്മർദത്തിനുള്ള ഹൈഡ്രോക്ലോറോത്തിയാസൈഡ് ഗുളിക ഇനി 10.45 രൂപക്ക് ലഭിക്കും. നേരത്തേ 11.07 രൂപയായിരുന്നു. അണുബാധക്കുള്ള സെഫ്റ്റാസിഡിം ആൻഡ് അവിബാക്ടം (സോഡിയം സാൾട്ട്) പൗഡർ ഒരു വയലിന്റെ വില 4000 രൂപയിൽനിന്ന് 1567 രൂപയായി നിജപ്പെടുത്തി. ഒരു മില്ലിക്ക് 2.57 രൂപയുണ്ടായിരുന്ന ആന്റാസിഡ് ആന്റി ഗ്യാസ് ജെൽ ഇനി 56 പൈസക്ക് കിട്ടും. അറ്റോർവാസ്റ്റാറ്റിൻ, ക്ലോപ്പിഡോഗ്രൽ, ആസ്പിരിൻ ക്യാപ്സ്യൂൾ എന്നിവയുടെ വില 30 രൂപയിൽനിന്ന് 13.84 രൂപയായി നിജപ്പെടുത്തി. ഇബുപ്രോഫെൻ, പാരസെറ്റമോൾ ഗുളികയുടെ വില ആറു രൂപയിൽനിന്ന് 1.59 രൂപയായി പുതുക്കി നിശ്ചയിച്ചു. വിലപരിധി നിശ്ചയിച്ച ഫോർമുലേഷനുകളിൽ അർബുദത്തിനുള്ള ഓക്സാലിപ്ലാറ്റിൻ കുത്തിവെപ്പുമുൾപ്പെടും.
ഓക്സാലിപ്ലാറ്റിൻ കുത്തിവെപ്പിന്റെ വില 20 എ.എൽ വയലിന് 4979.68 രൂപയായി നിജപ്പെടുത്തി. കുത്തിവെപ്പിനുള്ള 1000 മില്ലിഗ്രാം ആൻറി ബാക്ടീരിയൽ മരുന്നായ ആംപിസിലിൻ പൗഡറിന്റെ വില കുപ്പി ഒന്നിന് 24.92 രൂപയായി നിശ്ചയിച്ചു.
ബീറ്റാ-ഹീമോലിറ്റിക് സ്ട്രെപ്റ്റോകോക്കൽ, ന്യൂമോകോക്കൽ അണുബാധ ചികിത്സക്ക് ഉപയോഗിക്കുന്ന ക്ലാക്സസിലിൻ 250 മില്ലിഗ്രാം, 500 മില്ലിഗ്രാം ഗുളികകളുടെ പരിധിവില ഒന്നിന് യഥാക്രമം 1.41 രൂപയും 2.38 രൂപയുമാക്കി.
ഓറൽ റീഹൈഡ്രേഷൻ ലവണങ്ങളുടെ വില ഗ്രാമിന് 0.99 രൂപയായും വൻകുടൽ പുണ്ണിനുള്ള 5-അമിനോ സാലിസിലിക് ആസിഡിെന്റ ഒരു ടാബ്ലെറ്റിന് 7.92 രൂപയായും നിശ്ചയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.