വില ഇനിയും കുതിക്കും
text_fieldsതിരുവനന്തപുരം: എല്ലാ മേഖലയിലും വിലക്കയറ്റത്തിന് വഴിവെക്കുന്നതാണ് ഇന്ധനത്തിന് രണ്ട് രൂപ സെസ് ഈടാക്കാനുള്ള ബജറ്റ് പ്രഖ്യാപനം. കേന്ദ്ര-സംസ്ഥാന സർക്കാറുകൾ ഇന്ധനത്തിന് വിവിധ നികുതികളുടെ പേരിൽ ജനങ്ങളെ പിഴിയുന്നതിനിടെയാണ് കടുത്ത പ്രഹരമായി ‘സെസ്’ വരുന്നത്. രണ്ട് രൂപയുടെ സെസ് മാത്രമാണ് എർപ്പെടുത്തിയതെന്ന് സർക്കാർ വൃത്തങ്ങൾ പറയുമ്പോഴും വിപണിയിൽ ഇത് അവശ്യസാധനങ്ങളുടെയടക്കം വിലക്കയറ്റത്തിന് കാരണമാവും.
ഇന്ധന വിലക്കയറ്റം യാത്രാ ചെലവുകളും കുടുംബ ബജറ്റുമെല്ലാം താളംതെറ്റിക്കും. മറ്റ് പല സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ നിലവിൽ കേരളത്തിൽ പെട്രോളിയം ഉൽപന്നങ്ങളുടെ വില കൂടുതലാണ്. ഇതിനിടെയാണ് പെട്രോളിനും ഡീസലിനും ലിറ്ററിന് രണ്ടുരൂപ വീതം വില വർധിപ്പിക്കാനുള്ള തീരുമാനം.
‘റോഡ് സെസ്’ എന്ന പേരിൽ ഒരു ശതമാനം പിരിക്കുന്നതിനൊപ്പമാണ് സാമൂഹിക സുരക്ഷ സീഡ് ഫണ്ടെന്ന നിലയിൽ ലിറ്ററിന് രണ്ട് രൂപ എന്ന നിലക്ക് സാമൂഹിക സുരക്ഷ സെസ് ഏർപ്പെടുത്തി ജനങ്ങൾക്ക് ഇരട്ടി പ്രഹരം നൽകിയത്. ഇതിലൂടെ 750 കോടി രൂപയാണ് പ്രതീക്ഷിക്കുന്നതെന്ന് മന്ത്രി അവകാശപ്പെടുമ്പോഴും സംസ്ഥാനത്ത് വിറ്റഴിക്കുന്ന പെട്രോൾ, ഡീസൽ എന്നിവയുടെ കണക്ക് പരിശോധിച്ചാൽ ഇതിലും കൂടുതൽ തുക ഖജനാവിലേക്ക് എത്തുമെന്ന് ചൂണ്ടിക്കാട്ടുന്നു.
പെട്രോൾ വില തിരുവനന്തപുരത്ത് ലിറ്ററിന് 110ഉം, കോഴിക്കോട് 108.12ഉം എറണാകുളത്ത് 107.81ഉം രൂപയായി ഉയരും. ഒരു ലിറ്റർ പെട്രോളിന് നികുതിയിനത്തിൽ കേന്ദ്രം 19 രൂപ ഈടാക്കുമ്പോൾ സംസ്ഥാനം ഈടാക്കുന്നത് 30 ശതമാനമാണ്. ഒരു ലിറ്റർ പെട്രോളിന് ഒരു രൂപ അഡീഷനൽ ടാക്സും റോഡ് സെസെന്ന പേരിൽ കിഫ്ബി വായ്പ തിരിച്ചടവിന് ഒരു ശതമാനവും നിലവിൽ ഈടാക്കുന്നുമുണ്ട്.
അതിനൊപ്പമാണ് ഇനി സാമൂഹിക സുരക്ഷ സെസ് എന്ന പേരിൽ രണ്ട് രൂപ അധികം ഈടാക്കുന്നത്.ഈ സെസ് കൂടി ചേർത്താൽ വാറ്റിന് പുറമെ സംസ്ഥാന സെസ് മാത്രം മൂന്നര രൂപയോളമാകും. ഡീസലിന് 22.76 ശതമാനമാണ് നികുതിയായി ഇൗടാക്കുന്നത്. ഇതിനൊപ്പം ഒരു രൂപ അധിക നികുതിയും ഒരു ശതമാനം റോഡ് സെസും പിരിക്കുന്നു. ഡീസലിന് വിലവർധിക്കുമ്പോൾ ചരക്ക് ഗതാഗതമടക്കം ചെലവേറിയതാവും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.