കാർ ലോറിക്ക് പിറകിലിടിച്ച് വൈദികൻ മരിച്ചു
text_fieldsവടകര: മുക്കാളി ദേശീയപാതയിൽ കാർ ടാങ്കർ ലോറിയിലിടിച്ച് വൈദികൻ മരിച്ചു. മൂന്നുപേർക്ക് പരിക്ക്. തലശ്ശേരി മൈനർ സെമിനാരി വൈസ് റെക്ടർ ഫാ. അബ്രാഹം ഒറ്റപ്ലാക്കലാണ് (മനോജ് -38) മരിച്ചത്. കാറിൽ യാത്ര ചെയ്ത മൂന്നു വൈദികർക്ക് പരിക്കേറ്റു. ഫാ. ജോർജ് കരോട്ട് (47), ഫാ. ജോണ്‍ മുണ്ടോക്കല്‍ (50), ജോസഫ് പണ്ടാരപ്പറമ്പില്‍ (36) എന്നിവർക്കാണ് പരിക്കേറ്റത്. പുലർച്ച മൂന്നരയോടെയാണ് അപകടം. ഇവർ സഞ്ചരിച്ച കാർ ദേശീയപാതയോരത്ത് നിർത്തിയിട്ട ടാങ്കർ ലോറിയിൽ ഇടിക്കുകയായിരുന്നു. കാറിന്റെ മുൻഭാഗം പൂർണമായി തകർന്നു.
പാലായിൽനിന്ന് തലശ്ശേരിയിലേക്ക് പോവുകയായിരുന്നു വൈദികർ. ശബ്ദം കേട്ട് ഓടിയെത്തിയ നാട്ടുകാരും പൊലീസും അഗ്നിരക്ഷസേനയും ചേർന്ന് പരിക്കേറ്റവരെ വടകരയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. അഗ്നിരക്ഷസേന കാർ പൊളിച്ചാണ് ഫാ. മനോജ് ഒറ്റപ്ലാക്കലിനെ പുറത്തെടുത്തത്. എടൂർ ഒറ്റപ്ലാക്കൽ പൗലോസ്-ത്രേസ്യാമ്മ ദമ്പതികളുടെ മകനായ ഫാ. അബ്രാഹം ഒറ്റപ്ലാക്കൽ 2011 ഡിസംബർ 27 നാണ് പൗരോഹിത്യം സ്വീകരിച്ചത്. മികച്ച ചിത്രകാരൻകൂടിയായ ഫാ. അബ്രാഹം നിരവധി സ്ഥലങ്ങളിൽ ചിത്രപ്രദർശനം നടത്തിയിട്ടുണ്ട്. കാർഷികരംഗവുമായി ബന്ധപ്പെട്ട് വരച്ച ചിത്രങ്ങൾ ഏറെ ശ്രദ്ധേയമായിരുന്നു. ഫാ. ജോർജ്, ജോസഫ് എന്നിവർ സഹോദരങ്ങളാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.