ക്രൈസ്തവ സഭ മേലധ്യക്ഷരുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി
text_fieldsകൊച്ചി: വിവിധ ക്രൈസ്തവ സഭ മേലധ്യക്ഷരുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി കൊച്ചിയിൽ കൂടിക്കാഴ്ച നടത്തി. വെല്ലിങ്ടൺ ദ്വീപിലെ ഹോട്ടൽ താജ് മലബാറിലായിരുന്നു കൂടിക്കാഴ്ച. സഭാധ്യക്ഷന്മാരും ബിഷപ്പുമാരും അടക്കം എട്ടു പേരാണ് പ്രധാനമന്ത്രിയെ കണ്ടത്. ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രനും പങ്കെടുത്തു. കൂടിക്കാഴ്ച സൗഹാർദപരമായിരുന്നുവെന്നും കേരളത്തിന്റെ വികസനത്തെക്കുറിച്ച് ചർച്ച ചെയ്തെന്നും അദ്ദേഹം പ്രതികരിച്ചു.
മേജർ ആർച് ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി (സിറോ മലബാർ സഭ), ബസേലിയോസ് മാർത്തോമ മാത്യൂസ് തൃതീയൻ കാതോലിക്ക ബാവ (മലങ്കര ഓർത്തഡോക്സ് സഭ), മേജർ ആർച് ബിഷപ് കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്ക ബാവ (മലങ്കര കത്തോലിക്ക സഭ), ആർച് ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ (ലത്തീൻ സഭ), ജോസഫ് മാർ ഗ്രിഗോറിയോസ് (യാക്കോബായ സഭ), മാർ മാത്യു മൂലക്കാട്ട് (ക്നാനായ കത്തോലിക്ക സഭ), മാർ ഔഗിൻ കുര്യാക്കോസ് (കൽദായ സുറിയാനി സഭ), കുര്യാക്കോസ് മാർ സേവേറിയോസ് (ക്നാനായ സുറിയാനി സഭ) എന്നിവരാണ് പ്രധാനമന്ത്രിയെ കണ്ടത്.
രണ്ടു ദിവസത്തെ കേരള സന്ദർശനത്തിന് കൊച്ചിയിലെത്തിയ പ്രധാനമന്ത്രി തേവര സേക്രഡ് ഹാർട്ട് കോളജ് മൈതാനിയിൽ നടന്ന ‘യുവം 2023’ കോൺക്ലേവ് പരിപാടിയിൽ പങ്കെടുത്തശേഷമാണ് ക്രൈസ്തവ സഭ നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയത്. പ്ലാറ്റിനം ജൂബിലി ആഘോഷിക്കുന്ന സേക്രഡ് ഹാർട്ട് കോളജിൽ പ്രിൻസിപ്പൽ ഫാ. ജോണാണ് പ്രധാനമന്ത്രിയെ സ്വീകരിച്ചത്.പ്ലാറ്റിനം ജൂബിലി സ്മാരകമായി കോളജ് വളപ്പിൽ വൃക്ഷത്തൈനട്ട പ്രധാനമന്ത്രി, പിന്നീട് പ്രസംഗത്തിൽ താൻ നട്ട വൃക്ഷത്തൈ ദൃഢനിശ്ചയത്തിന്റെ പ്രതീകമായി വളരണം എന്ന് ആശംസിക്കുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.