സർക്കാറിലും പാർട്ടിയിലും ഭിന്നതയുണ്ടെന്ന പ്രചാരണം അടിസ്ഥാനരഹിതം, പരസ്യ പ്രതികരണങ്ങൾ ഒഴിവാക്കാമായിരുന്നു -സി.പി.എം
text_fieldsതിരുവനന്തപുരം: കെ.എസ്.എഫ്.ഇയിലെ വിജിലൻസ് പരിശോധനയുടെ പശ്ചാത്തലത്തിൽ സി.പി.എമ്മിലും സർക്കാറിലും അഭിപ്രായ വ്യത്യസമുണ്ടെന്ന പ്രചാരവേല അടിസ്ഥാന രഹിതവും ആശയക്കുഴപ്പം സൃഷ്ടിക്കാനുള്ള രാഷ്ട്രീയ എതിരാളികളുടെ വൃഥാ ശ്രമവുമാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ്. കെ.എസ്.എഫ്.ഇയിൽ വിജിലൻസ് നടത്തിയത് സാധാരണ ഗതിയിലുള്ള പരിശോധനയാണെന്ന് മുഖ്യമന്ത്രി തന്നെ വ്യക്തമാക്കിയിട്ടുണ്ട്.
വിജിലൻസ് പരിശോധന സംബന്ധിച്ചുണ്ടായ ചില പ്രതികരണങ്ങൾ തെറ്റായ വ്യാഖ്യാനത്തിനും പ്രചാരണത്തിനും ഉപയോഗിക്കപ്പെട്ടു. കെ.എസ്.എഫ്.ഇ പോലെ മികവാർന്ന സ്ഥാപനത്തെ അപകീർത്തിപ്പെടുത്താൻ ഈ പരിശോധനയെ ചിലർ ഉപയോഗിക്കുന്നത് കണ്ട് നടത്തിയ പ്രതികരണങ്ങളായിരുന്നുവത്. എന്നാൽ, അത്തരം പരസ്യ പ്രതികരണങ്ങൾ ഒഴിവാക്കേണ്ടാതായിരുന്നു.
കേരളത്തിലെ എൽ.ഡി.എഫ് സർക്കാർ മികച്ച നിലയിലാണ് പ്രവർത്തിക്കുന്നത്. നാടിൻെറ വികസനത്തിനും ജനങ്ങളുടെ ക്ഷേമത്തിനും വേണ്ടി നടത്തുന്ന പ്രവർത്തനങ്ങൾക്ക് പൊതുസമൂഹത്തിൽ നല്ല സ്വീകാര്യത ലഭിച്ചിട്ടുണ്ട്. അതുകൊണ്ട് കൂടിയാണ് നിരന്തരം വിവാദങ്ങൾ സൃഷ്ടിച്ച് ആശയക്കുഴപ്പമുണ്ടാക്കാൻ കഴിയുമോയെന്ന് പ്രതിപക്ഷവും ഒരു വിഭാഗം മാധ്യമങ്ങളും ശ്രമിക്കുന്നത്. എല്ലാ സീമകളെയും ലംഘിച്ചുള്ള ഈ ജനാധിപത്യ വിരുദ്ധ നീക്കം ജനം തിരിച്ചറിയണം.
ഈ സാഹചര്യത്തിലാണ് പാർട്ടിയിലും സർക്കാറിലും ഭിന്നിപ്പുണ്ടെന്ന് വരുത്തി തീർക്കാനുള്ള ശ്രമം തുടങ്ങിയിട്ടുള്ളത്. പാർട്ടിയും എൽ.ഡി.എഫും ഒറ്റക്കെട്ടാണെന്നത് സർക്കാറിൻെറ പ്രവർത്തനങ്ങൾക്ക് കരുത്തുപകരുന്ന പ്രധാന ഘടകമാണ്. ഇത് രാഷ്ട്രീയ എതിരാളികളെ നിരാശരാക്കുന്നു. അതാണ് ഇപ്പോഴത്തെ പ്രചാരവേലകളിൽ പ്രതിഫലിക്കുന്നത്. ഇത്തരം സന്ദർഭങ്ങളിൽ എന്തും വിവാദമാക്കാൻ ശ്രമിക്കുന്നവർ ഉണ്ടെന്ന തിരിച്ചറിവ് പ്രധാനമാണ്.
കേരളത്തിലെ മികച്ച രീതിയിൽ പ്രവർത്തിക്കുന്ന ധനകാര്യ സ്ഥാപനമാണ് കെ.എസ്.എഫ്.ഇ. അതിനെ തകർക്കാൻ സങ്കുചിത രാഷ്ട്രീയ ലക്ഷ്യമിട്ട് യു.ഡി.എഫും ബി.ജെ.പിയും നടത്തുന്ന നീക്കം പൊതുസമൂഹം തിരിച്ചറിയുന്നുണ്ടെന്നും പ്രസ്താവനയിൽ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.