നടിയെ ആക്രമിച്ച കേസിൽ വിചാരണക്കോടതിക്കെതിരെ പ്രോസിക്യൂഷൻ ഹൈകോടതിയിലേക്ക്
text_fieldsകൊച്ചി: നടിയെ ആക്രമിച്ച കേസില്‍ വിചാരണക്കോടതിക്കെതിരെ ഗുരുതര ആരോപണങ്ങളുന്നയിച്ച് പ്രോസിക്യൂഷൻ. പ്രോസിക്യൂഷന്‍റെ ആവശ്യങ്ങൾ വിചാരണക്കോടതി നിരന്തരം അവഗണിക്കുകയാണെന്നും നിർണായക വാദങ്ങൾ രേഖപ്പെടുത്തുന്നില്ലെന്നും ആരോപിച്ചാണ് വിചാരണക്കോടതിക്കെതിരെ പ്രോസിക്യൂഷൻ ഹൈകോടതിയെ സമീപിക്കുന്നത്.
പ്രതികളുടെ ഫോൺ രേഖകൾ ഹാജരാക്കണമെന്ന പ്രോസിക്യൂഷന്‍റെ ആവശ്യം വിചാരണക്കോടതി കഴിഞ്ഞ ദിവസം തള്ളിയിരുന്നു. വിസ്തരിച്ച ചില സാക്ഷികളേയും മറ്റ് ചിലരേയും വിസ്തരിക്കണമെന്ന പ്രോസിക്യൂഷന്‍റ ആവശ്യവും വിചാരണക്കോടതി തള്ളിയിരുന്നു. പ്രതികളുടെ ഫോണ്‍കോള്‍ രേഖകളുടെ ഒറിജിനല്‍ പകര്‍പ്പ് വിളിച്ചുവരുത്തണം എന്ന പ്രോസിക്യൂഷന്‍ വാദം കോടതി അംഗീകരിച്ചില്ല. അതുകൊണ്ട് തന്നെ ഇതടിസ്ഥാനപ്പെടുത്തിയുള്ള നിർണായക തെളിവുകൾ അപ്രസക്തമായെന്നും പ്രോസിക്യൂഷൻ പറഞ്ഞു.
വിചാരണക്കോടതി പക്ഷപാതപരമായി പെരുമാറുന്നു എന്ന് നടിയും പ്രോസിക്യൂഷനും നേരത്തേയും ആരോപിച്ചിരുന്നു. വിചാരണക്കോടതി ജഡ്ജിയെ മാറ്റണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സർക്കാറും പ്രോസിക്യൂഷനും കഴിഞ്ഞ വർഷം സുപ്രീംകോടതിയെയും സമീപിച്ചിരുന്നു. എന്നാൽ ഇതിനെതിരെ തടസഹരജിയുമായി ദിലീപ് സുപ്രീംകോടതിയെ സമീപിച്ചു.
നടിയെ ഇരുപതിലേറെ അഭിഭാഷകരുടെ സാന്നിധ്യത്തില്‍ മണിക്കൂറുകളോളം ക്രോസ് വിസ്താരം ചെയ്തു ബുദ്ധിമുട്ടിച്ചു. ഇത് രഹസ്യവിചാരണ എന്നതിന്റെ അന്തസത്ത തകത്തു. പ്രതി ദിലീപ്, നടി മഞ്ജു വാര്യരെ മകള്‍ വഴി മൊഴി മാറ്റിപ്പറയാന്‍ സ്വാധീനിക്കാന്‍ ശ്രമിച്ചതായി മഞ്ജു വാര്യർ തന്നെ കോടതിയില്‍ അറിയിച്ചിട്ടും അതു രേഖപ്പെടുത്തിയില്ല. എന്നിങ്ങനെ നിരവധി ആരോപണങ്ങളാണ് വിചാരണക്കോടതിക്കെതിരെ സർക്കാറും പ്രോസിക്യൂഷനും ഉന്നയിച്ചത്.
വിചാരണ കോടതി ജഡ്ജിയെ ഇപ്പോള്‍ മാറ്റിയാല്‍ സുപ്രീം കോടതി നിശ്ചയിച്ച സമയപരിധിക്കുള്ളില്‍ വിചാരണ പൂര്‍ത്തിയാക്കാന്‍ കഴിയില്ലെന്ന വാദവുമായാണ് ദിലീപ് സുപ്രീംകോടതിയെ സമീപിച്ചത്. ജഡ്ജിയെ മാറ്റണമെന്ന ആവശ്യം അന്ന് സുപ്രീംകോടതി തള്ളിയിരുന്നു.
ഇതിനിടെ കഴിഞ്ഞ ദിവസം ദിലീപിന് പൾസർ സുനിയമായി ദിലീപിന് അടുത്ത ബന്ധമാണ് ഉള്ളതെന്നും എന്നാൽ ഇതേക്കുറിച്ച് ആരോടും പറയരുതെന്ന് ദിലീപും കാവ്യയും ഉൾപ്പടെയുള്ളവർ തന്നോട് ആവശ്യപ്പെട്ടെന്നും ആരോപിച്ച് ദിലീപിന്‍റെ സുഹൃത്തായ സംവിധായകൻ ബാലചന്ദ്രകുമാർ രംഗത്തെത്തി. നടിയെ ആക്രമിച്ച ദൃശ്യങ്ങൾ ദിലീപ് കണ്ടതിന് താൻ സാക്ഷിയാണെന്നും സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിൽ ഇദ്ദേഹം പറഞ്ഞു. ഇക്കാര്യം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ബാലചന്ദ്രകുമാർ മുഖ്യമന്ത്രിക്ക് പരാതി നൽകിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.