കേന്ദ്രസർക്കാർ വെട്ടിമാറ്റിയ മലബാർ സമര രക്തസാക്ഷികളുടെ പേരുകൾ ക്രോഡീകരിച്ച് പ്രതിഷേധ പുസ്തകം പുറത്തിറക്കി
text_fieldsമലപ്പുറം: ഇന്ത്യൻ കൗൺസിൽ ഫോർ ഹിസ്റ്റോറിക്കൽ റിസർച്ചിന്‍റെ (ഐ.സി.എച്ച്.ആർ) രക്തസാക്ഷി നീഘണ്ടുവിൽനിന്ന് കേന്ദ്രസർക്കാർ വെട്ടിമാറ്റിയ മലബാർ സമര രക്തസാക്ഷികളുടെ പേരുകൾ ക്രോഡീകരിച്ച് എസ്.ഐ.ഒ കേരള തയാറാക്കിയ പ്രതിഷേധ പുസ്തകം 'ഡിക്ഷണറി ഓഫ് മാപ്പിള മാർട്ടിയേഴ്സ്' എസ്.ഐ.ഒ സംസ്ഥാന പ്രസിഡന്‍റ് ഇ.എം. അംജദ് അലി പ്രമുഖ ചരിത്രകാരനും വാരിയൻ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി ഫൗണ്ടേഷൻ ഓഫ് ഇന്ത്യയുടെ ചെയർമാനുമായ അലവി കക്കാടന് നൽകി പ്രകാശനം ചെയ്തു.
മലപ്പുറം പ്രസ് ക്ലബിൽ നടന്ന പ്രകാശന ചടങ്ങിൽ ജമാഅത്തെ ഇസ്‌ലാമി സംസ്ഥാന സെക്രട്ടറി അബ്ദുൽ ഹകീം നദ്‌വി, എസ്.ഐ.ഒ സംസ്ഥാന സെക്രട്ടറി വി.പി. റഷാദ്, എസ്.ഐ.ഒ മലപ്പുറം ജില്ല ജോയിൻറ് സെക്രട്ടറി സഹൽ ബാസ് തുടങ്ങിയവർ പങ്കെടുത്തു.
മലബാർ സമരം ഹിന്ദുത്വ രാഷ്ട്രീയത്തെ പല രീതിയിൽ അസ്വസ്ഥപ്പെടുത്തുന്നുണ്ടെന്നും അതുകൊണ്ട് തന്നെ സംഘ് ഭരണകൂടത്തിന്‍റെ രക്തസാക്ഷി നിഘണ്ടുവിൽ മാപ്പിള പോരാളികളെ ഉൾക്കൊള്ളാൻ കഴിയില്ലായെന്നും അംജദ് അലി പറഞ്ഞു.
സംഘ് പരിവാറിന്‍റെ ഗുഡ് ലിസ്റ്റിൽ ഇല്ലെന്നത് തന്നെയാണ് വാരിയൻ കുന്നന്‍റെയും ആലി മുസ്ലിയാരുടെയും മഹത്വം. സംഘ് ചരിത്രാഖ്യാനത്തിൽനിന്ന് നീക്കം ചെയ്യപ്പെട്ടതിന്‍റെ പേരിൽ തന്നെയാകും ചരിത്രം കൂടുതൽ കാലം അവരെ ഓർക്കുക. അതുകൊണ്ട് തന്നെ ഐ.സി.എച്ച്.ആർ വെട്ടിമാറ്റുന്ന മാപ്പിള രക്തസാക്ഷികളുടെ പേരുകൾ പറഞ്ഞുകൊണ്ടിരിക്കുക എന്നത് ഹിന്ദുത്വ ഭരണകൂടത്തോടുള്ള ശക്തമായ നിലപാടറിയിക്കലാണെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.