പ്രതിഷേധം അവസാനിപ്പിച്ചു; കാട്ടുപോത്ത് ആക്രമണത്തിൽ മരിച്ച അബ്രഹാമിന്റെ പോസ്റ്റ് മോർട്ടം വ്യാഴാഴ്ച
text_fieldsകൂരാച്ചുണ്ട് (കോഴിക്കോട്): കാട്ടുപോത്ത് ആക്രമണത്തിൽ മരിച്ച കർഷകൻ കക്കയം പാലയാട്ടിൽ അബ്രഹാമിന്റെ പോസ്റ്റ്മോർട്ടവും സംസ്കാരവും വ്യാഴാഴ്ച നടക്കും. ഒരുദിവസം മുഴുവൻ നീണ്ട ചർച്ചകൾക്കൊടുവിലാണ് തീരുമാനമായത്. കർഷക സംഘടനകളും കൂരാച്ചുണ്ടിലെ ജനപ്രതിനിധികളും മുന്നോട്ടുവെച്ച ആവശ്യങ്ങൾ ജില്ല ഭരണകൂടം അംഗീകരിച്ചതോടെയാണ് പ്രശ്നത്തിന് പരിഹാരമായത്. ജില്ല കലക്ടറുടെയും എം.കെ. രാഘവൻ എം.പിയുടെയും നേതൃത്വത്തിൽ നടന്ന നാലാം വട്ട ചർച്ചക്കൊടുവിലാണ് പ്രതിഷേധം അവസാനിപ്പിക്കാൻ തീരുമാനിച്ചത്.
അബ്രഹാമിന്റെ കുടുംബത്തിന് സർക്കാർ പ്രഖ്യാപിച്ച പത്തുലക്ഷം രൂപ നഷ്ടപരിഹാരം വ്യാഴാഴ്ച തന്നെ കൈമാറാൻ ധാരണയായി. കാട്ടുപോത്ത് ശല്യം രൂക്ഷമായ 2.5 ഏക്കറിൽ ഫെൻസിങ് ഏർപ്പെടുത്താനുള്ള നടപടികൾ വ്യാഴാഴ്ച തന്നെ തുടങ്ങുമെന്നും ഉറപ്പുനൽകി. കാട്ടുപോത്തിനെ കൊല്ലാനുള്ള ഉത്തരവും പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് പുറപ്പെടുവിച്ചു.
സമരക്കാർ മുന്നോട്ടുവെച്ച അബ്രഹാമിന്റെ കുടുംബത്തിന് 50 ലക്ഷം രൂപ നഷ്ടപരിഹാരം നൽകുക, കുടുംബത്തിലെ ഒരാൾക്ക് സർക്കാർ ജോലി നൽകുക തുടങ്ങിയ ആവശ്യങ്ങൾ ഗൗരവമായി കണക്കിലെടുത്ത് സർക്കാറിന് ശുപാർശ നൽകാമെന്ന് കലക്ടർ ഉറപ്പ് നൽകി. ചൊവ്വാഴ്ച വൈകീട്ട് മൂന്നുമണിയോടെ ഡാം സൈറ്റ് റോഡിലെ കൃഷിയിടത്തിൽ കാട്ടുപോത്തിന്റെ കുത്തേറ്റ് പാലാട്ട് അബ്രഹാം (അവറാച്ചൻ- 68) മരിക്കുന്നത്. തുടർന്ന് പ്രദേശത്ത് വൻ പ്രതിഷേധമാണുണ്ടായത്. കോഴിക്കോട് മെഡിക്കൽ കോളജ് മോർച്ചറിയിൽ സൂക്ഷിച്ച മൃതദേഹം ഇൻക്വസ്റ്റ് നടത്താനോ പോസ്റ്റുമോർട്ടം ചെയ്യാനോ കർഷക സംഘടനകളും ബന്ധുക്കളും അനുവദിച്ചില്ല. ജില്ല ഭരണകൂടം മൂന്നുവട്ടം കർഷക സംഘടനകളുമായും എം.കെ. രാഘവൻ ഉൾപ്പെടെ ജനപ്രതിനിധികളുമായും ചർച്ച നടത്തിയിരുന്നെങ്കിലും പരാജയപ്പെടുകയായിരുന്നു. ഒരു ദിവസം നീണ്ട അനിശ്ചിതത്വത്തിനൊടുവിൽ രാത്രി വൈകി നടന്ന ചർച്ചയിൽ സമവായത്തിലെത്തുകയായിരുന്നു.
നേരത്തെ പോസ്റ്റുമോർട്ടം നടത്തി മൃതദേഹം കോഴിക്കോടുനിന്ന് വിലാപയാത്രയായി കക്കയത്ത് എത്തിക്കാനായിരുന്നു കർഷക സംഘടനകളുടെ തീരുമാനം. ഇതിനു വേണ്ടി നിരവധിയാളുകൾ മെഡിക്കൽ കോളജിൽ എത്തിയിരുന്നു. വീട്ടിൽ പൊതുദർശനം നടത്താൻ ഒരുക്കം നടത്തി ബന്ധുക്കൾ കാത്തിരുന്നെങ്കിലും മൃതദേഹം എത്തിക്കാൻ കഴിഞ്ഞില്ല. കക്കയം ഫോറസ്റ്റ് സ്റ്റേഷനു മുന്നിലും ബുധനാഴ്ച സമരത്തിന്റെ വേലിയേറ്റമായിരുന്നു. കലക്ടറുമായി നടത്തിയ ആദ്യ ചർച്ച പരാജയപ്പെട്ടതോടെയാണ് കർഷക സംഘടനകളുടെ നേതൃത്വത്തിൽ വനം ഓഫിസ് ഉപരോധ സമരം ആരംഭിച്ചത്. വൈകുന്നേരമാകുമ്പോഴേക്കും സ്ത്രീകളും കുട്ടികളും ഉൾപ്പെടെ നൂറുകണക്കിന് ആളുകളാണ് ഉപരോധ സമരത്തിനെത്തിയത്. വനം ഓഫിസിലേക്ക് നടത്തിയ മാർച്ച് താമരശ്ശേരി രൂപത ബിഷപ് മാർ റെമിജിയോസ് ഇഞ്ചനാനിയിൽ ഉദ്ഘാടനം ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.